
എറണാകുളം: ക്രൈസ്തവവിശ്വാസികള്‍ പരിശുദ്ധ മായി ആചരിക്കുന്ന പെസഹാ വ്യാഴം, ഈസ്റ്റര്‍ ദിനങ്ങളില്‍ അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ നടത്തുന്നതും ഇലക്ഷന്‍ കമ്മീഷന്‍ പരിശീലനങ്ങള്‍ ഒരുക്കുന്നതും അപലപനീയമെന്ന് കെസിവൈഎം സംസ്ഥാന സമിതി. ഈ നടപടികള്‍ ഭരണഘടനാ മൂലൃങ്ങള്‍ക്കെതിരായ വെല്ലുവിളി യാണെന്ന് സംസ്ഥാന സമിതി വിലയിരുത്തി.
ക്രൈസ്തവ വിശ്വാസികള്‍ വിശുദ്ധമായി ആചരിക്കുന്ന ദിവസങ്ങളില്‍ ഇത്തരം മത്സരപരീ ക്ഷകളും പരിശീലനങ്ങളും നടത്തുന്നത് മത്സരാര്‍ ത്ഥികള്‍ക്ക് അവരുടെ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന നടപടിയാണ്. മുന്‍പും ക്രൈസ്തവര്‍ വിശുദ്ധ ദിനമായി ആചരിക്കുന്ന ദിവസങ്ങളില്‍ പരീക്ഷകളും സര്‍ക്കാര്‍ ഡ്യൂട്ടികളും ക്രമീകരിക്കുന്ന നടപടികള്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. വീണ്ടും ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നു കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിബിന്‍ ഷാജി പറഞ്ഞു.
മത്സരപരീക്ഷകളും പരിശീലനങ്ങളും പുനഃക്രമീകരിക്കണമെന്നും ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ മതപരമായ അവകാശങ്ങളെ സംരക്ഷിക്കണമെന്നും കെസിവൈഎം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി കാസി പൂപ്പന, വൈസ് പ്രസിഡന്റുമാരായ ആഗി മരിയ ജോസഫ്, സാം സണ്ണി, സെക്രട്ടറിമാരായ ജോയല്‍ ജോണ്‍ റോയ്, ധന്യ മോഹന്‍ രാജ്, സെഞ്ചു ജേക്കബ്, പ്രിന്‍സി പീറ്റര്‍, ട്രഷറര്‍ ജെന്‍സണ്‍ ആല്‍ബി എന്നിവര്‍ പ്രസംഗിച്ചു.

