
ന്യൂഡൽഹി: ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ സാമൂഹിക സേവന വിഭാഗമായ കാരിത്താസ് ഇന്ത്യയുടെ പുതിയ ചെയർമാനായി ആർച്ച് ബിഷപ്പ് ഡോ. ലിനസ് നെലി ചുമതലയേറ്റു. ന്യൂഡൽഹിയിലെ കാരിത്താസ് ഇന്ത്യ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സി.ബി.സി.ഐ പ്രസിഡന്റ് കർദിനാൾ ആന്റണി പൂല, സെക്രട്ടറി ജനറൽ ആർച്ച് ബിഷപ്പ് ഡോ. അനിൽ കുട്ടോ എന്നിവർ ചേർന്ന് നിയമന ഉത്തരവ് കൈമാറി.
എട്ടു വർഷത്തെ സേവനത്തിന് ശേഷം സ്ഥാനമൊഴിയുന്ന ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ കല്ലുപുരയ്ക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. കോവിഡ് മഹാമാരിക്കാലത്ത് കാരിത്താസ് ഇന്ത്യ നടത്തിയ വിപുലമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആർച്ച് ബിഷപ്പ് കല്ലുപുര നൽകിയ നേതൃത്വം സ്തുത്യർഹമാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. യേശുദാസ് ആർ. അനുസ്മരിച്ചു.
കാരിത്താസ് ഇന്ത്യ വെറുമൊരു സേവന സംഘടനയല്ല, മറിച്ച് “കരുണയുടെ വിദ്യാലയവും പ്രത്യാശയുടെ പരീക്ഷണശാലയുമാണ്” എന്ന് മുഖ്യപ്രഭാഷണം നടത്തിയ കർദിനാൾ ആന്റണി പൂല പറഞ്ഞു. ആരും ഉപേക്ഷിക്കപ്പെടാത്ത, കരുണയുള്ള ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുകയാകണം സംഘടനയുടെ ലക്ഷ്യമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നീതിയും ഐക്യദാർഢ്യവും പ്രോത്സാഹിപ്പിക്കുന്നതിനും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ഉന്നമനത്തിനുമായി കാരിത്താസ് ഇന്ത്യയുടെ ദൗത്യം തുടരുമെന്ന് ചുമതലയേറ്റ ശേഷം ആർച്ച് ബിഷപ്പ് ലിനസ് നെലി വ്യക്തമാക്കി.ആർച്ച് ബിഷപ്പ് അനിൽ കുട്ടോയുടെ എപ്പിസ്കോപ്പൽ ശുശ്രൂഷയുടെ രജതജൂബിലിയും ചടങ്ങിനോടനുബന്ധിച്ച് ആഘോഷിച്ചു. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ജീവകാരുണ്യ നിധിയിലേക്ക് കാരിത്താസ് ഇന്ത്യ ധനസഹായം നൽകി.
അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ബെന്നി ഇടയത്ത്, അഡ്മിനിസ്ട്രേറ്റർ ഫാ. ജൂലിയൻ ഫെർണാണ്ടോ, സുനിത അശ്വിൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
