
മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാനുള്ള നടപടിക്രമങ്ങളിലാണ് ബീഹാര്‍ നിയമസഭ. അതിനുള്ള പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ച ബിജെപി എംഎല്‍എ മിഥിലേഷ് തിവാരി വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന വ്യാജകണക്കുകളുടെ പട്ടിക സഭയില്‍ നിരത്തിയിരുന്നു. ഇന്ത്യയിലെ ശരാശരി ജനസംഖ്യാ വളര്‍ച്ചാനിരക്ക് 15.52% ആയിരിക്കെ, ബിഹാറിലെ ക്രിസ്ത്യന്‍ ജനസംഖ്യ 143.23% എന്ന നിരക്കില്‍ വളരുന്നു എന്നായിരുന്നു പ്രധാന ആരോണം. ബക്‌സര്‍ ജില്ലയിലെ ആയിരത്തോളം ദളിത് കുടുംബങ്ങളെ പ്രലോഭിപ്പിച്ച് മതപരിവര്‍ത്തനം നടത്തിയെന്നും എംഎല്‍എ ആരോപിച്ചിരുന്നു.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതം
ബലമായി മതപരിവര്‍ത്തനം നടത്തുന്നത് രാജ്യത്ത് കുറ്റകരമാണ്. അങ്ങനെ മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടെങ്കില്‍ നിലവിലെ നിയമമനുസരിച്ച് നടപടികള്‍ സ്വീകരിക്കേണ്ടതായിരുന്നില്ലേ? ഭരണകക്ഷിയില്‍പ്പെട്ട ഒരു നിയമസഭാംഗം വെറുമൊരു ആരോപണം ഉന്നയിക്കുകയായിരുന്നില്ലല്ലോ ചെയ്യേണ്ടിയിരുന്നത്. മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുന്നതിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിനുവേണ്ടിയാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
ബീഹാറിലെ ജനസംഖ്യ 13 കോടിയാണ്. അതില്‍ 83 ശതമാനം ഹിന്ദു വിഭാഗത്തില്‍പ്പെട്ടവരാണ്. ക്രൈസ്തവരുടെ ആകെ എണ്ണം 1.29 ലക്ഷം മാത്രമാണ്. ആകെ ജനസംഖ്യയുടെ 0.12 ശതമാനം. ക്രൈസ്തവര്‍ മൈക്രോ മൈനോറിറ്റിയാണെന്ന യാഥാര്‍ത്ഥ്യം നിലനില്ക്കുമ്പോഴാണ് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വലിയ ശതമാന കണക്കുകള്‍ നിരത്തി ക്രൈസ്തവര്‍ വ്യാപകമായി മതപരിവര്‍ത്തനം നടത്തുന്നു എന്ന വിധത്തില്‍ പ്രചരിപ്പിക്കുന്നത്.
സാക്ഷരത 62 ശതമാനം
ജനങ്ങളുടെ സാമൂഹ്യപിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനും വിദ്യാഭ്യാസം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് മിഷനറിമാര്‍ ചെയ്യുന്നത്. പുരോഗതിയുടെ കാര്യത്തില്‍ രാജ്യത്തുതന്നെ ഏറ്റവും പിന്നിലുള്ള സംസ്ഥാനങ്ങളുടെ നിരയിലാണ് ബീഹാര്‍. സംസ്ഥാനത്തെ സാക്ഷരതാ നിരക്ക് 62 ശതമാനം മാത്രമാണ്. അതേസമയം ക്രൈസ്തവരുടെ സാക്ഷരതാ നിരക്ക് 68 ശതമാണ്. മിഷനറിമാര്‍ ഏറ്റവും മുന്‍ഗണന നല്‍കുന്നത് വിദ്യാഭ്യാസത്തിനാണെന്ന് ചുരുക്കം.
സമൂഹത്തെ വര്‍ഗീയമായി ഭിന്നിപ്പിച്ചാല്‍ വികസനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്ന് രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് അറിയാം. അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയതയെ ഉപയോഗപ്പെടുത്തുകയാണ്. പക്ഷേ, ഇതിലൂടെ തടയപ്പെടുന്നത് രാജ്യത്തിന്റെ വളര്‍ച്ചയാണ്. ലോകത്തിന്റെ മുമ്പില്‍ രാജ്യത്തിന്റെ യശസിന് ഏല്പിക്കുന്ന കളങ്കവും വലുതാണ്. എങ്ങനെയും അധികാരം നിലനിര്‍ത്തമെന്ന് ചിന്തിക്കുന്നവരുടെ മുമ്പില്‍ ബാക്കി ഘടകങ്ങള്‍ക്കൊന്നും പ്രസക്തി ഇല്ലാതായി മാറിയിരിക്കുന്നു.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്ക് സ്വന്തം വിശ്വാസമനുസിരച്ച് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതില്‍ പ്രധാന പങ്കുവഹിക്കുന്നത് 12 സംസ്ഥാനങ്ങളില്‍ നിലവിലുള്ള മതപരിവര്‍ത്തന നിരോധന നിയമമാണ്. വിശ്വാസത്തെയും ആചാരങ്ങളെയും തടസപ്പെടുത്താനും വേണമെങ്കില്‍ ആരോപണത്തിന്റെ പേരില്‍ മാത്രം ജയിലില്‍ അടയ്ക്കാനും കഴിയുന്ന വകുപ്പുകളാണ് ഈ നിയമത്തില്‍ ഉള്ളത്. അതുകൊണ്ടാണ് മതപരിവര്‍ത്തന നിരോധന നിയമത്തെ ക്രൈസ്തവര്‍ ആശങ്കയോടെ കാണുന്നത്.
ജോസഫ് മൈക്കിള്‍

