നിത്യനഗരത്തിനു താഴെനിശബ്ദമായൊരു വിശ്വാസപ്രഘോഷണം

Catacombs of Rome

വത്തിക്കാന്‍ സിറ്റി: നിത്യനഗരമായ റോമിന്റെ തിരക്കേറിയ തെരുവുകള്‍ക്കു താഴെ, ബൃഹുത്തുക്കളായ ബസിലിക്കകളുടെ വാസ്തുഭംഗിയില്‍ നിന്നും മാര്‍പാപ്പാമാരുടെ ഘോഷയാത്രകളുടെ പ്രതിധ്വനിയില്‍ നിന്നും അകലെ, ഗംഭീരവും പവിത്രവുമായ ഭൂഗര്‍ഭാലയങ്ങള്‍ സ്ഥിതി ചെയ്യുന്നു –  റോമിലെ കാറ്റക്കോംബുകള്‍ (Catacombs of Rome). മൃദുവായ അഗ്‌നിപര്‍വ്വതജന്യമായ കല്ലുകളില്‍ കൊത്തിയെടുത്ത ഈ ഭൂഗര്‍ഭശ്മശാനങ്ങള്‍, പുരാതന ക്രൈസ്തവ ജീവിതത്തിലെ, രക്തസാക്ഷിത്വങ്ങളുടെയും വേദന നിറഞ്ഞ മരണത്തിന്റെയും തീക്ഷ്ണമായ വിശ്വാസത്തിന്റെയും ഏറ്റവും സ്ഥിരമായ സാക്ഷ്യങ്ങളിലൊന്നാണ്. ഇവ വെറും ശവകുടീരങ്ങള്‍ മാത്രമല്ല! കാറ്റക്കോംബുകള്‍ പുരാതന സഭയുടെ പുനരുത്ഥാനത്തിലുള്ള പ്രത്യാശ, രക്തസാക്ഷികളോടുള്ള വണക്കം,  കഠിനമായ പീഡകള്‍ക്കു വിധേയമായ ഒരു സമൂഹത്തിന്റെ സംഘര്‍ഷം എന്നിവയെക്കുറിച്ചും നമുക്ക് അറിവുകള്‍ നല്‍കുന്നുണ്ട്.  അവ ‘കമ്മ്യുണിയോ സാന്‍ക്തോറും’ അഥവാ വിശുദ്ധരുടെ കൂട്ടായ്മയ്ക്ക് വ്യക്തമായ സാക്ഷ്യവുമായി നിലകൊള്ളുന്നു.

കത്തോലിക്കാ സഭയുടെ ദീര്‍ഘനാളുകളുടെ ചരിത്ര പശ്ചാത്തലത്തില്‍, കാറ്റക്കോംബുകള്‍ പുരാവസ്തുശാസ്ത്രപരമായ ശേഖരങ്ങള്‍ മാത്രമല്ല, ആരാധനാക്രമപരവും ആത്മീയവും ദൈവശാസ്ത്രപരവുമായ അര്‍ത്ഥങ്ങള്‍ നിറഞ്ഞ പവിത്രമായ ഇടങ്ങള്‍ കൂടിയാണ്. അവ വിവിധ നൂറ്റാണ്ടുകളിലെ ക്രൈസ്തവ നരവംശശാസ്ത്രം, ഐക്കണോഗ്രഫി,  മാര്‍ത്തെരിയോളോജി, സഭാത്മക വ്യകതിത്വം (Ecclesial Identity) എന്നിവയെക്കുറിച്ചുള്ള സൂചകങ്ങള്‍ ഉള്‍ക്കൊള്ളുന്നു. നാമമാത്ര ക്രിസ്ത്യാനികളെയും സഭയുടെ പഠനങ്ങളില്‍ അവിശ്വസിക്കുന്നവരെയും, അവരുടെ വിശ്വാസത്തിന്റെ വേരുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഭൂമിയുടെ ആഴങ്ങളില്‍ നിന്ന് വീണ്ടും കണ്ടെത്താന്‍ അവ ക്ഷണിക്കുന്നു.

 എന്താണ് കാറ്റക്കോംബ്?

‘കാറ്റക്കോംബ്’ (catacumbae, ‘ശൂന്യതയ്ക്ക് സമീപം’ എന്ന ലാറ്റിന്‍ പദത്തില്‍ നിന്ന്) എന്ന പദം ആദ്യം വിശുദ്ധ സെബസ്ത്യാനോസിന്റെ ഇന്നത്തെ പള്ളിക്കു സമീപമുള്ള, പുരാതന റോമിലെ ആപ്പിയന്‍ പാതയിലെ ഒരു പ്രത്യേക പ്രദേശത്തെ സൂചിപ്പിച്ചിരുന്നു. പക്ഷേ കാലക്രമേണ ഈ പദം ഏതൊരു ഭൂഗര്‍ഭ ക്രൈസ്തവ മൃതസംസ്‌കാര സമുച്ചയത്തെയും സൂചിപ്പിക്കാന്‍ തുടങ്ങി. ഇന്ന് കാറ്റക്കോംബുകള്‍ എന്ന പദം സൂചിപ്പിക്കുന്നത് ഭൂഗര്‍ഭ പാതകളുടെയിടയില്‍ സ്ഥിതി ചെയുന്ന പുരാതന കല്ലറകളുടെ സങ്കീര്‍ണമായ ശൃംഖലകളെയാണ്. ഇവയെല്ലാം മൃദുവായ പാറയുടെ പാളികളിലേക്ക് കൊത്തിയെടുത്തതാണ്. ഏകദേശം എഡി അഞ്ചാം നൂറ്റാണ്ടു വരെ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന പേഗന്‍ ശൈലിക്കു പകരം മൃതദേഹങ്ങള്‍ ഭൂമിക്കടിയില്‍ മറവു ചെയ്യുന്ന മൃതസംസ്‌കാര രീതികള്‍ റോമന്‍ സാമ്രാജ്യത്തിലെ ക്രൈസ്തവര്‍ രഹസ്യമായി പാലിച്ചിരുന്നു. പുനരുത്ഥാനത്തില്‍ ശരീരത്തോടു കൂടെയുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിലുള്ള ദൃഢമായ വിശ്വാസമാണ് അവരെ ഇതിനു പ്രേരിപ്പിച്ചത്. മതമര്‍ദന കാലത്ത് റോമന്‍ ചക്രവര്‍ത്തിമാരെ പേടിച്ചായിരുന്നു ഇത്തരം രീതികള്‍ അവര്‍ രഹസ്യമായി തുടര്‍ന്നതെങ്കില്‍, കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കാലം മുതല്‍ വിശുദ്ധരായ സഭാ നേതാക്കളുടെയടുക്കല്‍ അന്തിമ വിശ്രമം കൊള്ളുന്നതിനുള്ള ആഗ്രഹമാകാം അവരെ അതിനു പ്രേരിപ്പിച്ചത്.

ഒരര്‍ത്ഥത്തില്‍ കാറ്റക്കോംബുകള്‍ ശരീരത്തിന്റെ പുനരുത്ഥാനത്തില്‍ വേരൂന്നിയ ഒരു ക്രിസ്ത്യന്‍ നരവംശശാസ്ത്രം (Anthropology) ആണ് പ്രഘോഷിക്കുന്നത്.  ക്രിസ്തുവിന്റെ ശരീരം കല്ലറയില്‍ സ്ഥാപിക്കുകയും മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തതു പോലെ മൃതദേഹം ദഹിപ്പിക്കുന്ന പേഗന്‍ മൃതസംസ്‌കാരങ്ങളില്‍ നിന്നു വ്യത്യസ്തമായി, പുരാതന ക്രിസ്ത്യാനികള്‍ ക്രിസ്തുവിനെ അനുകരിച്ച് ശരീരത്തിന്റെ സംസ്‌കാരത്തില്‍ ശഠിച്ചു.  പില്‍ക്കാലത്ത് കാറ്റക്കോംബുകള്‍, ശ്മശാനങ്ങള്‍ (cemeteria, അക്ഷരാര്‍ത്ഥത്തില്‍ ‘ഉറങ്ങുന്ന സ്ഥലങ്ങള്‍’) മാത്രമല്ല, മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്കും രക്തസാക്ഷികളുടെ വണക്കത്തിനും വിശുദ്ധ കുര്‍ബാനയ്ക്കായുള്ള പവിത്രമായ സ്ഥലങ്ങളുമായി മാറി.

റോമിലെ ക്രിസ്ത്യന്‍ ജനസംഖ്യ വര്‍ധിക്കുന്നതിനനുസരിച്ച് കാറ്റക്കോംബുകള്‍ സ്വാഭാവികമായും വികസിതമായി. ആദ്യം, അവ ലളിതമായ ശവസംസ്‌കാര താഴ്‌വരകളായിരുന്നു. എന്നാല്‍ വിശ്വാസികളുടെ എണ്ണം വര്‍ധിക്കുകയും രക്തസാക്ഷികളുടെ കബറിടങ്ങള്‍ തീര്‍ത്ഥാടനത്തിനു പാത്രീഭവിക്കുകയും ചെയ്തതിനാല്‍ അവ സങ്കീര്‍ണമായ ശൃംഖലകളായി വികസിച്ചു. ഈ പവിത്രമായ കന്‍മതിലുകളില്‍ ഇന്നും ഗ്രാഫിറ്റികളും ചുവര്‍ചിത്രങ്ങളും ആലേഖനങ്ങളും കാണാന്‍ സാധിക്കും. ഇവ പുരാതന സഭയിലെ വിശ്വാസികളുടെ കൂട്ടായ്മയെക്കുറിച്ചും അന്ത്യനാളുകളിലെ ഉയിര്‍പ്പിനെക്കുറിച്ചുള്ള അവരുടെ പ്രത്യാശയെക്കുറിച്ചും, ക്രിസ്തുദര്‍ശനീയത്തിലെ ഐക്കണോഗ്രഫി എന്നിവയെക്കുറിച്ചുള്ള ദൈവശാസ്ത്രപരമായ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു.

 റോമില്‍ നിലവിലുള്ള കാറ്റക്കോംബുകളും, അവയുടെ പ്രത്യേകതകളും

റോമിലും പരിസര പ്രദേശങ്ങളിലും നിലവിലുണ്ടായിരുന്ന അറുപതിലധികം കാറ്റക്കോംബുകളില്‍, വളരെ കുറച്ച് മാത്രമേ ഇന്ന്  പ്രവേശനയോഗ്യമായുള്ളൂ. സഭാധികാരികളും പുരാവസ്തു അധികൃതരും പരിപാലിക്കുന്നത് കൊണ്ട് മാത്രമാണ് ഇവ ഇന്നും നിലനില്‍ക്കുന്നതെന്ന് ഇവിടം സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും മനസിലാക്കാവുന്നതാണ്. ഈ കാറ്റക്കോംബുകളില്‍ ഓരോന്നിനും അതിന്റേതായ ആത്മീയവും ചരിത്രപരവുമായ പ്രത്യേകതയുമുണ്ട്.

ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് വിയ ആപ്പിയ ആന്റിക്കയില്‍ സ്ഥിതിചെയ്യുന്ന വിശുദ്ധ കാലിക്സ്റ്റസിന്റെ കാറ്റക്കോംബാണ് (സാന്‍ കാലിസ്റ്റോ). ഇത് പുരാതന സഭയുടെ ഔദ്യോഗിക ശ്മശാനങ്ങളില്‍ ഒന്നായിരുന്നു, വിശുദ്ധ സിക്‌സ്റ്റസ് രണ്ടാമന്‍ മാര്‍പാപ്പ,  വിശുദ്ധ ഉര്‍ബന്‍ മാര്‍പാപ്പ എന്നിവരുള്‍പ്പെടെ നിരവധി രക്തസാക്ഷികളുടെയും മറ്റു പതിനാറ് മാര്‍പാപ്പാമാരുടെയും കബറിടങ്ങള്‍ ഒരിക്കല്‍ ഇവിടെ സൂക്ഷിച്ചിരുന്നു. ഇതില്‍ ഏറ്റവും പ്രസിദ്ധമായ മാര്‍പാപ്പാമാരുടെ ക്രിപ്റ്റ്, ‘ലഘു വത്തിക്കാന്‍’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇവരെകൂടാതെ ഗായകരുടെ മധ്യസ്ഥയായ വിശുദ്ധ സിസിലിയയുടെ ക്രിപ്റ്റും ഇവിടെയുണ്ട്.

മറ്റൊരു പ്രധാനപ്പെട്ട സ്ഥലമാണ് വിശുദ്ധ സെബസ്ത്യാനോസിന്റെ കാറ്റക്കോംബ്. ഇത് ഇപ്പോഴും ഒരു പ്രധാന തീര്‍ത്ഥാടനകേന്ദ്രമായി നിലകൊള്ളുന്നു. കാറ്റക്കൊമ്പസ് എന്ന പേരില്‍ യഥാര്‍ത്ഥത്തില്‍ അറിയപ്പെട്ടിരുന്ന സ്ഥലത്തു തന്നെയുള്ളതും ആദിമ കാലം മുതല്‍ ഇന്ന് വരെ ഒരേ വിശുദ്ധന്റെ പേരില്‍ അറിയപ്പെട്ടതുമായ കാറ്റക്കൊമ്പ് ഇതുമാത്രമാണ്. മതപീഡന കാലത്ത് താല്‍ക്കാലികമായി മറച്ചുവെക്കപ്പെട്ടിരുന്ന വി. പത്രോസിന്റെയും പൗലോസിന്റെയും തിരുശേഷിപ്പുകള്‍ ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. അങ്ങനെ ഇത് translatio reliquiarum (തിരുശേഷിപ്പുകളുടെ സ്ഥാനമാറ്റം നടന്നയിടം) ആയി മാറി.

റോമിലെ ഏറ്റവും വലിയ കാറ്റക്കോംബായ ഡൊമിറ്റില്ലയുടെ കാറ്റക്കോംബ്‌ന്  17 കിലോമീറ്ററിലധികം നീളമുണ്ട്. ഇവിടെ വി. നെരിയുസ്, അക്കില്ലിയസ് എന്നിവര്‍ക്ക് സമര്‍പ്പിച്ച ഒരു ഭൂഗര്‍ഭ ബസിലിക്കയുമുണ്ട്. വലുപ്പം കൊണ്ട് മാത്രമല്ല, ലോകമെങ്ങും ഇന്ന് പ്രചരിച്ചിരിക്കുന്ന ‘നല്ല ഇടയന്‍’ ‘യഹൂദ വിരുന്നു മേശ’ എന്നിവ സൂചിപ്പിക്കുന്ന പുരാതന ചുവര്‍ചിത്രങ്ങളുടെ ഒറിജിനല്‍ ചിത്രീകരണങ്ങള്‍ കൊണ്ടും ഇത് പ്രശസ്തമാണ്.

വിയ സലാറിയയില്‍ സ്ഥിതിചെയ്യുന്ന പ്രിസില്ലയുടെ കാറ്റക്കോംബിനെ അതിന്റെ പഴമ കൊണ്ടും ഇവിടെ സംസ്‌കരിക്കപ്പെട്ട രക്തസാക്ഷികളുടെ ബഹുമാനാര്‍ത്ഥവും ‘കാറ്റക്കോംബുകളുടെ രാജ്ഞി’ എന്ന് വിളിക്കുന്നു. പുരാതന മരിയന്‍ ചിത്രകലയ്ക്ക് പേരുകേട്ടതാണ് ഈ കാറ്റകോമ്പസ്. പരിശുദ്ധ കന്യമറിയത്തിന്റെയും ഉണ്ണി ഈശോയുടെയും ഏറ്റവും പഴക്കമേറിയ ചുവര്‍ചിത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ഇവകൂടാതെ യുവ രക്തസാക്ഷിയായ വി. ആഗ്‌നസിന്റെ കല്ലറക്ക് മുകളില്‍ നിര്‍മിച്ച ആഗ്‌നസിന്റെ കാറ്റക്കോംബ്, കന്യകാരക്തസാക്ഷിത്വവുമായി ബന്ധപ്പെട്ടു വളരെ പ്രശസ്തമാണ്.

 കാറ്റക്കോംബുകളിലേക്ക് എങ്ങനെ എത്തിച്ചേരാം?

ഇന്ന് അവശേഷിക്കുന്ന കാറ്റക്കോംബുകള്‍ പ്രധാനമായും പുരാതന റോമാ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലാണുള്ളതെന്നു കാണാം. നഗരഭിത്തിക്കുള്ളില്‍ മൃതസംസ്‌കാരമനുവദിക്കാതിരുന്ന റോമാക്കാരുടെ നിയമങ്ങള്‍ക്ക് അനുസരിച്ചാണ് നഗരത്തിനു വെളിയില്‍ ഇപ്രകാരമുള്ള ക്രമീകരണം ഉടലെടുത്തതെന്നു നമുക്ക് മനസിലാക്കാം. അങ്ങനെയാണ് ഇവ റോമാ നഗരത്തില്‍ നിന്ന് പുറത്തേക്ക് നയിക്കുന്ന കോണ്‍സുലാര്‍ പാതകളിലായി കേന്ദ്രീകരിച്ചിരിക്കുന്നത്, ഉദാഹരണത്തിന് വിയ അപ്പിയ, വിയ ഓസ്റ്റിയന്‍സെ, വിയ സലാറിയ, വിയ നോമെന്റാന എന്നിവ. ഒരിക്കല്‍ സാമ്രാജ്യത്വ ആശയവിനിമയത്തിന്റെയും വാണിജ്യത്തിന്റെയും ധമനികളായിരുന്ന ഈ പാതകള്‍, പുരാതന ക്രിസ്തുമതത്തിന് രക്തസാക്ഷിത്വത്തിന്റെയും പവിത്രമായ ഓര്‍മ്മയുടെയും ഒരു ഭൂമികയായി മാറി.

ഇന്നത്തെ തീര്‍ത്ഥാടകര്‍ക്ക് ഇവയില്‍ പലതിലും പ്രവേശിക്കാന്‍ സാധിക്കുമെന്നത് ചരിത്രത്തിന്റെ വലിയ അനുഗ്രഹമാണ്. പ്രത്യേകിച്ച് വിയ അപ്പിയ ആന്റിക്കയിലുള്ള സാന്‍ കാലിസ്റ്റോയും സാന്‍ സെബാസ്റ്റിയാനോയും. പൊന്തിഫിക്കല്‍ കമ്മീഷന്‍ ഫോര്‍ സേക്രഡ് ആര്‍ക്കിയോളജി (Pontifical Commission for Sacred Archaeology) ആണ് ഇവയെ ഇന്നു സംരക്ഷിക്കുന്നത്. പുരാവസ്തു പൈതൃകമെന്ന നിലയിലും പവിത്രമായ സ്ഥലമെന്ന നിലയിലും അവയുടെ സമഗ്രത സംരക്ഷിക്കുന്നതിനു ഈ കമ്മീഷന്‍ പ്രതിജ്ഞാബദ്ധമാണ്. വളരെ സൂക്ഷമതയോടെയാണ് ചുവര്‍ചിത്രങ്ങള്‍ ഉള്‍പ്പെടെ സംരക്ഷിക്കുന്നത്.

 വിശ്വാസിയായ തീര്‍ത്ഥാടകന് കാറ്റക്കോംബുകള്‍ നല്കുന്നതെന്ത്?

ഒരു കത്തോലിക്കാ തീര്‍ത്ഥാടകന്, കാറ്റക്കോംബുകള്‍ വെറും ചരിത്രപരമായ സ്ഥലങ്ങളല്ല, അവ loci theologici ആണ്, കല്ലിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ഓര്‍മ്മയിലൂടെയും ദൈവശാസ്ത്രം ഉരുത്തിരിയുന്ന സ്ഥലങ്ങള്‍. അവ പവിത്രമായ കണ്ടുമുട്ടലുകളുടെ സ്ഥലങ്ങളാണ്. അവിടെ വിശ്വാസികള്‍ വിജയ സഭയുമായി മുമ്പേ പോയ രക്തസാക്ഷികളുടെയും വിശുദ്ധരുടെയും സഭയുമായി കൂട്ടായ്മയില്‍ ചേരുന്നു.

കാറ്റക്കോംബുകളിലേക്കുള്ള തീര്‍ത്ഥാടനം ക്രിസ്തുവിന്റെ മൗതിക ശരീരത്തിന്റെ മര്‍മ്മത്തിലേക്കുള്ള യാത്രയാണ്, അക്ഷരാര്‍ത്ഥത്തിലും ആത്മീയമായും. രക്തത്താല്‍ ക്രിസ്തുവിനു സാക്ഷ്യം നല്‍കിയവരുടെ ശേഷിപ്പുകള്‍ ഇന്നും ഉള്‍ക്കൊള്ളുന്നതിനാല്‍, ആദിമ സഭയുടെ ഹൃദയത്തുടിപ്പുകള്‍ ഒപ്പിയെടുത്തുകൊണ്ടേ ഏതൊരാള്‍ക്കും ഈ വഴിയേ നടക്കാനാവൂ. മാത്രമല്ല കാറ്റക്കോംബുകള്‍ വേദപഠനങ്ങളാല്‍ സമ്പുഷ്ടമാണ്. ഔപചാരികമായ വിശ്വാസപ്രമാണം നിലവില്‍ വരുന്നതിനും എത്രയോ കാലങ്ങള്‍ക്കു മുന്‍പ് ഇവിടുത്തെ ചുവര്‍ചിത്രങ്ങള്‍ സിംഹഗുഹയിലെ ദാനിയേലിന്റെ വിശ്വാസദൃഢതയും തിമിംഗലത്തിന്റെ വായില്‍ നിന്നും രക്ഷപ്പെട്ട യോനായുടെ തിരിച്ചറിവിനെക്കുറിച്ചും അഞ്ചപ്പം കൊണ്ട് അയ്യായിരത്തെ തീറ്റിപ്പോറ്റാന്‍ കഴിവുള്ളവനെകുറിച്ചുമൊക്കെ സാധാരണക്കാരെ പഠിപ്പിച്ചിരുന്നിരിക്കണം. ദൃശ്യമായ വിശ്വാസ സംഹിതയുടെയും പുനരുത്ഥാനത്തെക്കുറിച്ചും അന്ത്യവിധിയെക്കുറിച്ചും വിശുദ്ധരുടെ കൂട്ടായ്മയെകുറിച്ചുമൊക്കെ വിശ്വാസികള്‍ക്ക് ഉത്തമ ബോധ്യം നല്കാന്‍ ഇവിടെയുള്ള ചിത്രങ്ങള്‍ ഏറെ സഹായകരമായിക്കാണണം.

സാക്രമെന്റല്‍ തിയോളജിയുടെ പ്രകടമായ ഭാവങ്ങളും നമുക്കിവിടെ കാണാന്‍ സാധിക്കും. വിശുദ്ധരുടെ കബറിടത്തിനു മുകളില്‍ ബലിയര്‍പ്പിക്കുന്ന പതിവ് ഇവിടെ നിന്നും ആരംഭിച്ചിരിക്കാനാണ് സാധ്യത. ഇന്നത്തെ തീര്‍ത്ഥാടകര്‍ക്ക്, ഈ സ്ഥലങ്ങളില്‍ പ്രാര്‍ത്ഥിക്കുന്നത് പുരാതന സഭയുമായുള്ള ഐക്യത്തിന്റെ ശക്തമായ അനുഭവവും, ‘സാക്ഷികളുടെ വലിയ മേഘം’ (ഹെബ്രായര്‍ 12:1) ചുറ്റപ്പെട്ടതായ തോന്നലും ഉണ്ടാക്കുന്നു എന്നതില്‍ സംശയമില്ല.

 കാറ്റക്കോംബുകളുടെ പ്രാധാന്യം എന്താണ്?

 മരണത്തിനും പീഡനങ്ങള്‍ക്കും ഇടയില്‍ പോലും പുനരുത്ഥാനത്തിലുള്ള പ്രത്യാശയും ക്രിസ്തുവിന്റെ വാഗ്ദാനങ്ങളില്‍ വിശ്വാസവും അര്‍പ്പിച്ചു സഭ ജീവിച്ചിരുന്ന ഒരു കാലഘട്ടത്തെ കാറ്റക്കോംബുകള്‍ ഓര്‍മപ്പെടുത്തുന്നു. കിരാതമായ രാജശാസനയെ പോലും മറികടക്കുന്ന വിശ്വാസതീക്ഷണതയുടെ പ്രത്യക്ഷ അടയാളങ്ങളായി ഇന്നും കാറ്റക്കോംബുകള്‍ റോമിന്റെ മണ്ണിനടിയില്‍ സ്ഥിതി ചെയ്യുന്നു. പഠിക്കുന്ന ഏതൊരാള്‍ക്കും വിശ്വാസത്തിന്റെ പുതു നാമ്പുകള്‍ നീട്ടി നല്‍കിക്കൊണ്ടും അചഞ്ചലമായ ബോധ്യങ്ങള്‍ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടും.

Fr Prince Thekkeppuram CssR

Related Articles

കോഴിക്കോട് നിന്ന് അഞ്ചു ‘വിശുദ്ധര്‍’; 25-ാം വര്‍ഷത്തെ കണ്ണീരോര്‍മ്മ

ദൈവരാജ്യശുശ്രൂഷയ്ക്കിടയില്‍ അഞ്ചു ജീസസ് യൂത്ത് അംഗങ്ങള്‍ സ്വന്തം ജീവന്‍ ദഹനബലിയായി നല്‍കിയിട്ട്  25 വര്‍ഷം പൂര്‍ത്തിയായി. കോഴിക്കോട് ജില്ലയിലെ കോട്ടയ്ക്കലിനടുത്ത് പൂക്കിപറമ്പില്‍ (തൃശൂര്‍-കോഴിക്കോട് ഹൈവേ) 2001 മാര്‍ച്ച് 11-ന് നടന്ന നാടിനെ നടുക്കിയ ബസ്

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.