
കൊച്ചി: സമൂഹത്തിലും സഭയിലും രാഷ്ട്രീയത്തിലും മികച്ച മാതൃകകളായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറാന്‍ ജനപ്രതിനിധികള്‍ക്ക് സാധിക്കണമെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പില്‍. വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതിയുടെ നേതൃത്വത്തില്‍ വരാപ്പുഴ അതിരൂപതാംഗങ്ങളായ ജനപ്രതിനിധികള്‍ക്ക് നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യനീതി ലഭ്യമാക്കുന്നതിനും പങ്കാളിത്തം ഉറപ്പാക്കുന്നതിനും ജനപ്രതിനിധികള്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്ന് ആര്‍ച്ചു ബിഷപ് കൂട്ടിച്ചേര്‍ത്തു.
എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് കോളേജ് പാപ്പാളി ഹാളില്‍ നടന്ന സമ്മേളനത്തില്‍ വരാപ്പുഴ അതിരൂപത രാഷ്ട്രീയ കാര്യസമിതി ചെയര്മാന് ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് മുഖ്യപ്രഭാഷണം നടത്തി.
അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യൂ കല്ലിങ്കല്‍, ടി.ജെ വിനോദ് എംഎല്‍എ, കൊച്ചി മേയര്‍ വി.കെ മിനിമോള്‍, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ്, എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്‍ഡ ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം മേരി വിന്‍സെന്റ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി ക്ലീറ്റസ്, സംഘാടകസമിതി ചെയര്മാന് ഫാ. യേശുദാസ് പഴമ്പിള്ളി, ജനറല്‍ കണ്‍വീനര്‍ റോയ് ഡിക്കൂഞ്ഞ, കെഎല്‍ സിഎ അതിരൂപത ജനറല്‍ സെക്രട്ടറി റോയ് പാളയത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
കോര്പ്പറേഷന്, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട വരാപ്പുഴ അതിരൂപത അംഗങ്ങളായ 128 പേരെയാണ് സമ്മേളനത്തില്‍ ആദരിച്ചത്.
അതിരൂപത രാഷ്ട്രീയകാര്യ സമിതിയിലെ അല്മായ സംഘ ടനകളായ കെഎല്‍സിഎ, കെസിവൈഎം, കെഎല്‍ സിഡ ബ്ലിയുഎ, സിഎസ്എസ്, കെഎല്‍എം, ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന് എന്നീ സംഘടനകളാണ് സമ്മേളനത്തിന് നേതൃത്വം നല്‍കിയത്.
