
സ്റ്റഡി ട്രിപ്പിന്റെ ഭാഗമായി വത്തിക്കാന്‍ സന്ദര്‍ശിക്കാനെത്തിയ അന്ധയായ സ്പാനിഷ് കോളജ് വിദ്യാര്‍ത്ഥിനി മറിയം ഇലാന് വളരെ അപ്രതീക്ഷിതമായാണ് ലിയോ 14 -ാമന്‍ പാപ്പയെ സന്ദർശിക്കാൻ അവസരം ലഭിച്ചത്. തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും കുടുംബത്തിന് വേണ്ടി പാപ്പ പ്രാര്‍ത്ഥിക്കുകയും ചെയ്തു കഴിഞ്ഞപ്പോള്‍ മറിയം പാപ്പയോട് ഒരു കാര്യം കൂടെ പറഞ്ഞു – പാപ്പയുടെ മുഖത്ത് ഒന്ന് സ്പര്‍ശിക്കണം. വാത്സല്യനിധിയായ പിതാവിനെപ്പോലെ പാപ്പ മറിയത്തിന്റെ കരങ്ങള്‍ എടുത്ത് തന്റെ മുഖത്ത് വച്ചു.
ആ അനുഭവത്തെക്കുറിച്ച് മറിയം പറഞ്ഞത് ഇപ്രകാരാണ് -. ‘അത് വാക്കുകള്‍ക്കതീതമായ അനുഭവമായിരുന്നു പാപ്പ വളരെ മനുഷ്യത്വമുള്ള വ്യക്തിയാണ്. എല്ലാവരെയും ശ്രദ്ധയോടെ കേള്‍ക്കുകയും വലിയ പരിഗണന നല്‍കുകയും ചെയ്യുന്നു. പ്രത്യേകിച്ചും എന്തെങ്കിലും വൈകല്യമുള്ളവരോട് ഏറെ ആര്‍ദ്രത പുലര്‍ത്തുകയും പ്രത്യേക പരിഗണന നല്‍കുകയും ചെയ്യുന്നു.’ പാപ്പ യേശുവിന്റെ പ്രതിരൂപമാണെന്നും ദൈവസ്‌നേഹം പ്രസരിപ്പിക്കുന്ന വ്യക്തിയാണെന്നും മറിയമിന്റെ പിതാവ് ടോണി ഇലാന്‍ പറഞ്ഞു.