
ബംഗളൂരു: വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം എന്നിവയിലൂടെ രാജ്യത്തിനു കത്തോലിക്ക സഭ നല്‍കിക്കൊണ്ടിരിക്കുന്നത് നിസ്തുല സംഭാവനകളാണെന്ന് അപ്പസ്‌തോലിക്ക് നുണ്‍ഷ്യോ ആര്‍ച്ചുബിഷപ് ഡോ. ലെയോ പോള്‍ദോ ജിറേല്ലി.
ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) 37-ാമത് വാര്‍ഷിക ജനറല്‍ ബോഡി സമ്മേളനം ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിന് ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ അപ്പ സ്‌തോലിക ആശീര്‍വാദം അറിയിക്കവേ, സേവന ത്തിന്റെയും സംഭാഷണത്തിന്റെയും ദൗത്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ ഇന്ത്യയിലെ സഭയ്ക്ക് പരിശുദ്ധ സിംഹാസനത്തിന്റെ പിന്തുണ വത്തിക്കാന്‍ നുണ്‍ഷ്യോ ആവര്‍ത്തിച്ചു.
സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സന്ദേശം സിബിസിഐ വൈസ് പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. ജോര്‍ജ് അന്തോണിസ്വാമി വായിച്ചു. സിബിസിഐയുടെ 2024-26 വര്‍ഷത്തെ റിപ്പോര്‍ട്ട് സെക്രട്ടറി ജനറല്‍ ആര്‍ച്ചുബിഷപ് ബിഷപ് ഡോ. അനില്‍ കൂട്ടോ അവതരിപ്പിച്ചു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ നിയമിതരായ 31 ബിഷപ്പുമാരെ അപ്പസ്‌തോലിക് നുണ്‍ഷ്യോ ഷാളണിയിച്ചും മെമന്റോ നല്‍കിയും അനുമോദിച്ചു. സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ.ഡോ. മാത്യു കോയിക്കല്‍ സ്വാഗതവും സിബിസിഐ വൈസ് പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് നന്ദിയും പറഞ്ഞു.
ഫെബ്രുവരി 10ന് സമാപിക്കുന്ന സമ്മേളനത്തില്‍ ലത്തീന്‍, സീറോമലബാര്‍, സീറോമലങ്കര റീത്തുകളിലെ 174 രൂപതക ളില്‍നിന്നുള്ള 210 മെത്രാന്മാരാണ് പങ്കെടുക്കുന്നത്.