
ഇംഫാല്‍: വിശ്വാസികളുടെ മനസുകളില്‍ മായാത്ത നോവായി നില്ക്കുന്ന മൂന്നു സലേഷ്യന്‍ മിഷനറിമാരുടെ രക്തസാക്ഷിത്വത്തിന് 25 വയസ് തികഞ്ഞു. മണിപ്പൂരിലെ ങരിയന്‍ സലേഷ്യന്‍ നൊവിഷ്യറ്റ് ഹൗസില്‍ 2001 മേയ് 15-ന് രണ്ട് വൈദികരും ഒരു ബ്രദറുമായിരുന്നു തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്. ആ ദാരുണ രംഗത്തിന് സാക്ഷ്യംവഹിച്ച 10 പേര്‍ ഇപ്പോള്‍ വൈദികരാണ്. അവരിലൊരാണ് ഫാ. ജോസുകുട്ടി തോമസ് മഠത്തിപ്പറമ്പില്‍ എസ്ഡിബി. നിരവധി ഇന്ത്യന്‍ ഭാഷകളില്‍ ബൈബിള്‍ ലഭ്യമാകുന്ന ‘ബൈബിള്‍ ഓണ്‍ മൊബൈല്‍ അപ്പിന്റെ സ്ഥാപകനും ഇറ്റാനഗര്‍ ഡോണ്‍ ബോസ്‌കോ കോളജ് അധ്യാപകനുമാണ് ഈ വൈദികന്‍.
ഭീതിപ്പെടുത്തിയ വെടിയൊച്ചകള്‍
നോവിസ് മാസ്റ്റര്‍ ഫാ. റാഫേല്‍ പാലിയേക്കര (46), ജാര്‍ഖണ്ഡില്‍നിന്നുള്ള അസി. നോവിസ് മാസ്റ്റര്‍ ഫാ. അന്ത്രയാസ് കിന്‍ഡോ (32), റീജന്‍സിക്കാരനായിരുന്ന ബ്രദര്‍ ഷിനു ജോസഫ് (23) എന്നിവരാണ് അന്ന് വെടിയേറ്റു മരിച്ചത്. ഫാ. റാഫേല്‍ തൃശൂര്‍ അതിരൂപതയിലെ ചിയ്യാരം ഇടവകാംഗവും ബ്രദര്‍ ഷിനു കോഴിക്കോട് ചക്കിട്ടപാറ സ്വദേശിയുമാണ്.
സെമിനാരിയിലെ നോവിഷേറ്റ് കാലം. ഫാ. റാഫേല്‍ ക്ലാസ് എടുക്കുന്നതിനിടയിലാണ് അക്രമികളെത്തിയത്. വിവരം അറിഞ്ഞ് ക്ലാസ് നിര്‍ത്തി അവരുടെ അടുത്തേക്കുപോയി. ബ്രദേഴ്‌സില്‍ കുറച്ചുപേര്‍ സ്റ്റഡി ഹാളിലേക്കും ബാക്കിയുള്ളവര്‍ ചാപ്പലിലേക്കും. രാത്രി 7.50 ആയപ്പോള്‍ പെട്ടെന്നൊരു വെടിയൊച്ച മുഴങ്ങി. തദ്ദേശവാസികളായ നാഗാ ബ്രദേഴ്‌സ് അപകടം തിരിച്ചറിഞ്ഞു. തുടര്‍ന്ന് അടുക്കളയുടെ ഭാഗത്തുനിന്നു തുടര്‍ച്ചയായ വെടിയൊച്ചകള്‍ കേട്ടു. അച്ചന്മാരെ വെടിവെച്ചേ എന്നു അടുക്കളയില്‍ ജോലി ചെയ്തിരുന്നവരുടെ നിലവിളിയും ആ സമയം ഉയര്‍ന്നു.

മരണത്തിനൊരുങ്ങിയ രാത്രി
പണവും മണിപ്പൂരികളല്ലാത്ത വൈദികാര്‍ത്ഥികളെയും പുറത്തേക്കുകൊണ്ടുവരണമെന്നതായിരുന്നു തീവ്രവാദികളുടെ ആവശ്യം. കൈവശമുള്ള പണം നല്‍കാമെന്ന് സമ്മതിച്ചെങ്കിലും ഒരു നൊവിസിനെപ്പോലും വിട്ടുതരില്ലെന്ന് അവര്‍ തീര്‍ത്തു പറഞ്ഞു. നൊവിസുമാരോട് ചാപ്പലിന് പുറത്തിറങ്ങരുതെന്ന് ബ്രദര്‍ ഷിനു ആദ്യംതന്നെ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിന്റെ ദേഷ്യത്തില്‍ തീവ്രവാദികള്‍ അവരുടെ നേരെ നിറയൊഴിക്കുകയായിരുന്നു. സ്വന്തം ജീവന്‍ നല്‍കി അവര്‍ മറ്റുള്ളവരെ രക്ഷിച്ചു.
”ഞങ്ങള്‍ ഓടിച്ചെല്ലുമ്പോള്‍ രണ്ട് അച്ചന്മാര്‍ വെടിയേറ്റു കിടക്കുന്നതാണ് കണ്ടത്. കുറച്ചകലെയായി ബ്രദറും. മൂന്നുപേരും രക്തത്തില്‍ കുളിച്ചിരുന്നു. തദ്ദേശീയനായ ഡ്രൈവര്‍ അക്രമികളെ കണ്ടിരുന്നു. നിങ്ങളെയാണ് അവര്‍ അന്വേഷിച്ചത്. മുറികളില്‍ ഒളിക്കാന്‍ അയാള്‍ ആവശ്യപ്പെട്ടു. മുറിയിലെ കട്ടിലിനടിയില്‍ ഒളിച്ചുകിടക്കുമ്പോള്‍ സീനിയറായ ബ്രദര്‍ പറഞ്ഞതനുസരിച്ച് 18 വയസുകാരന് അറിയുന്നതുപോലെ മരണത്തിന് ഒരുങ്ങി. അകലെയുള്ള മാതാപിതാക്കളെ ഓര്‍ത്തു, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. അക്രമികള്‍ ഞങ്ങളെയും കൊല്ലുമെന്നായിരുന്നു വിചാരിച്ചത്.” ഫാ. ജോസുകുട്ടി ഓര്‍ത്തെടുത്തു.
വധിക്കപ്പെട്ട തീവ്രവാദികള്‍
ഫോണ്‍ സൗകര്യം ഇല്ലാത്തതിനാല്‍ ഈ ദാരുണ സംഭവം മറ്റുള്ളവരെ അറിയിക്കാനോ സഹായം തേടാനോ മാര്‍ഗമില്ലാതെയായി. കുറച്ചു സമയത്തിനുശേഷം തദ്ദേശിയരായ ബ്രദേഴ്‌സ് പാടവരമ്പിലൂടെ 6 കിലോമീറ്റര്‍ ദൂരെയുള്ള പള്ളിയിലേക്ക് നടന്നുപോയി അച്ചനെ വിവരം അറിയിക്കുകയായിരുന്നു. പോയവര്‍ തിരിച്ചുവരാന്‍ വൈകിയപ്പോള്‍ അവരെയും അക്രമികള്‍ വധിച്ചു എന്നായിരുന്നു മറ്റുള്ളവര്‍ കരുതിയത്. ആളുകളെയും പോലീസിനെയുമായി എത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു.

ഈ സംഭവം രാജ്യത്ത് വലിയ വാര്‍ത്തയായി മാറി. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു. ദിവസങ്ങള്‍ക്കുശേഷം ആ മൂന്നു തീവ്രവാദികളെയും വെടിയേറ്റു മരിച്ച നിലയില്‍ പോലീസ് കണ്ടെത്തി. തങ്ങള്‍ പിടിക്കപ്പെടാതിരിക്കാന്‍ സംഘാംഗങ്ങള്‍ അവരെ വധിക്കുകയായിരുന്നു എന്നാണ് വിവരം. പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് തീവ്രവാദികളുടെ ശരീരം തിരിച്ചറിയാന്‍ സംഭവങ്ങള്‍ക്ക് ദൃക്‌സാക്ഷിയായ ഡ്രൈവര്‍ പോയിരുന്നു.
ദൈവം തന്റെ പൂന്തോട്ടത്തില്‍നിന്ന് ഏറ്റവും നല്ല മൂന്നു പൂക്കള്‍ സ്വര്‍ഗത്തിനുവേണ്ടി പറിച്ചെടുക്കുകയായിരുന്നു എന്ന് ചെക്ക് റിപ്പബ്ലിക്കില്‍നിന്നും ഇന്ത്യയില്‍ വന്ന സലേഷ്യന്‍ മിഷനറിയായ ഫാ. ജോണ്‍ മെഡ് അന്നു പറഞ്ഞ വാക്കുകള്‍ ഫാ. ജോസുകുട്ടിയുടെ മനസില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്. അവരുടെ രക്തസാക്ഷിത്വം പശ്ചാത്തലമാക്കി ‘The Three Red Diamonds of Kangleipak: The Ransom Paid എന്നൊരു ഡോക്യുമെന്ററിയും ഫാ. ജോസുകുട്ടി മഠത്തിപ്പറമ്പില്‍ പുറത്തിറക്കി. ഇവരുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിച്ച നിരവധി പേര്‍ക്ക് അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ഫാ. ജോസുകുട്ടി പറയുന്നു.
ജോസഫ് മൈക്കിള്‍

