95-ാം വയസില്‍ പൗരോഹിത്യത്തിന്റെ 70-ാം വാര്‍ഷികം ആഘോഷിച്ച് ഇരട്ടസഹോദരങ്ങള്‍

Twin brothers celebrate 70th anniversary of priesthood

ഒരേ ദിവസം ജനനം.. ഒരേ ലക്ഷ്യത്തോടെയുള്ള പഠനം.. ഒടുവില്‍ ഒരേ വര്‍ഷം ദൈവവിളി സ്വീകരിച്ച് പൗരോഹിത്യം സ്വീകരിച്ച ഇരട്ടസഹോദരങ്ങള്‍ അപൂര്‍വനേട്ടത്തില്‍! ഇരട്ടസഹോദരങ്ങള്‍ ഇരട്ടി മധുരമാണെന്ന് പറയാറുണ്ട്, എന്നാല്‍ അയര്‍ലണ്ടില്‍ നിന്നുള്ള ഫാ. ജോ കെല്ലി, ഫാ. മാറ്റ് കെല്ലി എന്നീ ഇരട്ട സഹോദരന്മാര്‍ തങ്ങളുടെ ജീവിതംകൊണ്ട് കാണിച്ചുതരുന്നത് ഇരട്ടി ദൈവഭക്തിയുടെയും സമര്‍പ്പണത്തിന്റെയും അത്ഭുതപ്പെടുത്തുന്ന കഥയാണ്. തൊണ്ണൂറ്റഞ്ചാം വയസ്സില്‍, പൗരോഹിത്യ ജീവിതത്തിന്റെ എഴുപതാം വാര്‍ഷികം ഒരുമിച്ച് ആഘോഷിക്കുകയാണ് ഈ വൈദിക സഹോദരങ്ങള്‍!

1931 മാര്‍ച്ച് 31-ന് ബ്ലാക്ക്വുഡിനടുത്തുള്ള കൂള്‍കാറിഗണിലാണ് ജോയും മാറ്റും ജനിച്ചത്. അമ്മ അധ്യാപികയായിരുന്ന തിമാഹോയിലെ പ്രൈമറി സ്‌കൂളിലായിരുന്നു ഇരുവരുടെയും പ്രാഥമിക വിദ്യാഭ്യാസം. പിതാവിന് ആ പ്രദേശത്ത് ഒരു പലചരക്ക് കട ഉണ്ടായിരുന്നു. കുട്ടിക്കാലം മുതല്‍ക്കേ തങ്ങളുടെ ഉള്ളില്‍ മൊട്ടിട്ട ആഗ്രഹമായിരുന്നു പൗരോഹിത്യം എന്ന് ഫാ. ജോ ഓര്‍ക്കുന്നു. ഫാ. ജോ 1956 മേയില്‍ ഡബ്ലിന്‍ അതിരൂപതയ്ക്ക് വേണ്ടിയും, ഫാ. മാറ്റ് 1956 ജൂണില്‍ കില്‍ഡെയര്‍ ആന്‍ഡ് ലെയ്ലിന്‍ രൂപതയ്ക്ക് വേണ്ടിയും പൗരോഹിത്യം സ്വീകരിച്ചു. ഒരേ വര്‍ഷം വൈദികരായെങ്കിലും രണ്ടുപേരുടെയും സേവന മേഖലകള്‍ വ്യത്യസ്തമായിരുന്നു.

ഡബ്ലിന്‍ അതിരൂപതയിലെ വിവിധ ഇടവകകളില്‍ ഫാ. ജോ സജീവമായി പ്രവര്‍ത്തിച്ചു. ഫാ. മാറ്റാകട്ടെ കാര്‍ലോ കോളേജില്‍ ഏകദേശം 20 വര്‍ഷത്തോളം ഫിലോസഫി അധ്യാപകനായിരുന്നു. അതിനൊപ്പം തന്നെ ചര്‍ച്ച് മ്യൂസിക്, ക്വയര്‍ ഡയറക്ഷന്‍, അജപാലന ശുശ്രൂഷകള്‍ എന്നിവയിലും അദ്ദേഹം സജീവമായിരുന്നു. 95-ാം വയസിലും ഇവര്‍ പിന്തുടരുന്ന കൃത്യമായ ജീവിതചര്യയും അനുദിന പ്രാര്‍ത്ഥനയും എല്ലാറ്റിനുമുപരി ആഴമായ ദൈവാശ്രയത്വവും ഇവരുടെ ദീര്‍ഘായുസിന്റെയും ആരോഗ്യത്തിന്റെയും രഹസ്യമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഈ സവിശേഷമായ നേട്ടത്തെ ആദരിക്കുന്നതിനായി മേയ് 17-ന് ഡബ്ലിനിലെ ബേസൈഡിലുള്ള ‘ചര്‍ച്ച് ഓഫ് ദി റെസറക്ഷന്‍’ ദേവാലയത്തില്‍ ഡബ്ലിന്‍ ആര്‍ച്ചു ബിഷപ് ഡെര്‍മോട്ട് ഫാരെല്‍, കില്‍ഡെയര്‍ ആന്‍ഡ് ലെയ്ലിന്‍ ബിഷപ് ഡെനിസ് നല്‍റ്റി എന്നിവരുടെ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. ഒരേ ദിവസം ജനിച്ച ഈ സഹോദരങ്ങള്‍, ഒരേ വിശ്വാസത്തോടെ, വൈദിക കുപ്പായത്തില്‍, ഇത്രയും കാലം ഒരുമിച്ചായിരിക്കുക, എത്ര മനോഹരമായ അനുഭവമാണത്! ഈ അപൂര്‍വ വൈദിക സഹോദരങ്ങള്‍ക്ക് നമുക്കും സ്‌നേഹപൂര്‍വം പ്രാര്‍ത്ഥനാശംസകള്‍ നേരാം.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.