
നഗരത്തോട് ചേര്‍ന്നുണ്ടായിരുന്ന ചേരികളില്‍ ഒന്നുമാത്രം വളര്‍ച്ച നേടിയതിന്റെ കാരണം പരിശോധിച്ച ഒരു റിപ്പോര്‍ട്ടിനെക്കുറിച്ച് വായിച്ചതോര്‍ക്കുന്നു. ആ ചേരിയില്‍നിന്നും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഐടി പ്രൊഫഷണലുകളും ഉയര്‍ന്നുവന്നതിന്റെ പിന്നാമ്പുറം തേടിയുള്ള അന്വേഷണമായിരുന്നത്.
അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു അധ്യാപികയായിരുന്നു. ചേരിയിലെ തകര്‍ന്നുവീഴാറായിരുന്ന സ്‌കൂളില്‍ എത്തിയ അധ്യാപിക വിദ്യാര്‍ത്ഥികളെ സ്വപ്നം കാണാന്‍ പഠിപ്പിച്ചു. മണ്ണെണ്ണ വിളക്കിന്റെ മുമ്പിലിരുന്നു പഠിച്ചവര്‍ ഉന്നത വിജയം നേടി. നന്നാവില്ലെന്ന് മുദ്രകുത്തപ്പെട്ടവര്‍ മാതൃകകളായി മാറി.
സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കുന്നവര്‍
വിദ്യാര്‍ത്ഥികളുടെ മനസില്‍ സ്വപ്നങ്ങള്‍ വിതയ്ക്കാനും അവയ്ക്ക് ചിറകുകള്‍ നല്‍കാനും അധ്യാപകരോളം മറ്റാര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല. മാതാപിതാ-ഗുരു ദൈവമെന്ന് ചൊല്ലി പഠിക്കുന്നവരാണ് ഭാരതീയര്‍. നമ്മുടെ സംസ്‌കാരം അധ്യാപകര്‍ക്ക് അത്രയും ആദരവു കല്പിക്കുന്നുണ്ട്.
ഈ ദിവസങ്ങളില്‍ കേരളത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച സംഭവമാണ് കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ത്ഥിയായ നിതിന്‍ ആര്‍.എല്‍ എന്ന 22-കാരന്റെ മരണം. ഒരു പാവപ്പെട്ട കുടുംബത്തിന്റെ ഏക പ്രതീക്ഷയാണ് ഇല്ലാതായത്. മനസ് വല്ലാതെ കലങ്ങിപോയ ആ നിമിഷത്തെ അതിജീവിക്കാന്‍ കഴിയാത്തതുകൊണ്ടാകാം അവന്‍ ആത്മഹത്യയിലേക്ക് നടന്നുപോയത്. 22-കാരനെ ചേര്‍ത്തുപിടിക്കാന്‍ അധ്യാപകരോ സുഹൃത്തുക്കളോ ഉണ്ടായിരുന്നെങ്കില്‍ മരണത്തില്‍നിന്നും രക്ഷിക്കാന്‍ കഴിഞ്ഞേനെ.

കേസില്‍ പ്രതിസ്ഥാനത്തുള്ളത് ഒരു അധ്യാപകനും അധ്യാപികയുമാണ് എന്നതാണ് വലിയ ഞെട്ടല്‍ ജനിപ്പിക്കുന്നത്. ആ കോളജില്‍ നടന്നുകൊണ്ടിരുന്നത് പലതും മനുഷ്യത്വ രഹിതമായ നടപടികളാണെന്ന് വിവരങ്ങള്‍ നിഷ്പക്ഷമായി വിലയിരുത്തുന്ന ഏതൊരാള്‍ക്കും വ്യക്തമാകും. മാനേജ്‌മെന്റിനെക്കാളും വിദ്യാര്‍ത്ഥികള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് അധ്യാപകരെയാണ്. ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ അവര്‍ വിദ്യാര്‍ത്ഥികളെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു.
ഗുരുശിഷ്യ ബന്ധങ്ങള്‍
അധ്യാപക-വിദ്യാര്‍ത്ഥി ബന്ധങ്ങളില്‍ വന്നിരിക്കുന്ന അകല്‍ച്ചകള്‍ക്ക് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാനേജ്‌മെന്റുകള്‍ക്കും രക്ഷിതാക്കള്‍ക്കും നിയമസംവിധാനങ്ങള്‍ക്കും രാഷ്ട്രീയ നേതൃത്വത്തിനും ഉത്തരവാദിത്വമുണ്ട്. സമൂഹത്തെ ബാധിച്ച മൂല്യച്യുതിയുടെ അനുരണനങ്ങള്‍ ഗുരുശിഷ്യ ബന്ധങ്ങളിലും സമൂഹത്തിന്റെ കാഴ്ചപ്പാടുകളിലുമൊക്കെ എത്തിയിരിക്കുന്നു. എങ്കിലും ഉത്സാഹിച്ചാല്‍ നമുക്കത് തിരിച്ചുപിടിക്കാം. ലോകം എത്ര മോശമായാലും അധ്യാപക-വിദ്യാര്‍ത്ഥി ബന്ധങ്ങളെ അതൊരിക്കലും ബാധിക്കരുത്. വിദ്യാര്‍ത്ഥികളെ തുറന്നമനസോടെ ശ്രവിക്കാന്‍ അധ്യാപകര്‍ക്ക് കഴിയണം. മനസ് ഇടറുന്ന നിമിഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമീപിക്കാന്‍ കഴിയുന്ന അടുപ്പം ഉണ്ടാകണം.
കമ്പ്യൂട്ടറുകള്‍ക്ക് സാധിക്കാത്തത്
കാലം മാറുന്നതനുസരിച്ച് ക്ലാസ് മുറികള്‍ ഡിജിറ്റലായി മാറാം. വിജ്ഞാനത്തിന്റെ ഭണ്ഡാകാരങ്ങള്‍ തുറന്നുവയ്ക്കാന്‍ കമ്പ്യൂട്ടറുകള്‍ക്ക് കഴിയും. എന്നാല്‍ ജീവിതം പഠിപ്പിക്കാന്‍ ഗുരുക്കന്മാര്‍ക്ക് മാത്രമേ സാധിക്കൂ. ഒരു അധ്യാപകന്റെ സ്‌നേഹനിര്‍ഭരമായ നോട്ടത്തിനോ, പ്രോത്സാഹനത്തിനോ പകരമാവാന്‍ സാങ്കേതികവിദ്യയ്ക്ക് കഴിയില്ല.
അധ്യാപനം ഒരു നിയോഗമാണ്. വരുംതലമുറയുടെ മനസുകളില്‍ സ്വപ്നങ്ങള്‍ നിക്ഷേപിക്കുന്നവരാണ് ഗുരുക്കന്മാര്‍. വിദ്യാര്‍ത്ഥികളുടെ ഹൃദയങ്ങള്‍ കാണുന്നവര്‍ക്കു മാത്രമേ മികച്ച അധ്യാപകരാകാന്‍ കഴിയൂ. സ്‌നേഹത്തില്‍ ചാലിച്ചു നല്‍കുന്ന അറിവ് ഒരിക്കലും മാഞ്ഞുപോകില്ല.
ജോസഫ് മൈക്കിള്‍

