
ലണ്ടന്‍: അനുദിനം പങ്കെടുക്കുന്ന ദിവ്യബലിയില്‍ നിന്ന് ശക്തി സ്വീകരിച്ചുകൊണ്ട് സെബാസ്റ്റ്യന്‍ സാവെ(Sebastian Sawe) ഓടിക്കയറിയത് അസാധ്യമെന്ന് ലോകം കരുതിയ നേട്ടത്തിലേക്ക്. ചരിത്രത്തിലാദ്യമായി മാരത്തണ്‍ ഓട്ടമത്സരം രണ്ട് മണിക്കൂറില്‍ താഴെ ഓടുന്ന ആദ്യ വ്യക്തിയെന്ന അപൂര്‍വ നേട്ടമാണ് സാവെ സ്വന്തമാക്കിയത്. 2026-ലെ ലണ്ടന്‍ മാരത്തണ്‍ മത്സരം ഒരു മണിക്കൂര്‍ 59 മിനിറ്റ് 30 സെക്കന്റ് (1:59:30) സമയം കൊണ്ട് പൂര്‍ത്തീകരിച്ചാണ് ഈ 31-കാരന് ലോകത്തെ അമ്പരപ്പിച്ചത്. ചരിത്ര നേട്ടത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴും കുരിശ് വരച്ച് ദൈവത്തിന് മഹത്വം നല്‍കിക്കൊണ്ടാണ് ഈ കെനിയന്‍ ദീര്‍ഘദൂര ഓട്ടക്കാരന് തന്റെ വിജയം ആഘോഷിച്ചത്.
കെല്‍വിന്‍ കിപ്റ്റം 2023-ല്‍ സ്ഥാപിച്ച 2:00:35 എന്ന റെക്കോര്‍ഡ് തിരുത്തിക്കൊണ്ടാണ് സാവെ ലോക കായിക ചരിത്രത്തിലെ സമാനതകളില്ലാത്ത നേട്ടം കുറിച്ചത്. കത്തോലിക്കാ വിശ്വാസിയായ സാവെയുടെ അടിയുറച്ച വിശ്വാസജീവിതത്തെക്കുറിച്ചുള്ള വാര്‍ത്തകളും ഈ നേട്ടത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചു. മത്സരത്തിനായി ലണ്ടനിലേക്ക് തിരിക്കുന്നതിന് മുന്‍പ് കെനിയയിലെ എല്‍ഡോറെറ്റ് രൂപതയിലെ തന്റെ ഇടവകയായ ഹോളി ഫാമിലി കത്തോലിക്കാ ദൈവാലയത്തില്‍ സാവെ ദിവ്യബലിയില്‍ പങ്കെടുത്തിരുന്നു. അവിടെ കൂടിയിരുന്ന വിശ്വാസികളോട് തനിക്കായി പ്രാര്‍ത്ഥിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നതായി ഇടവക ഭാരവാഹിയും ചെറുപ്പത്തില്‍ സാവെയുടെ അധ്യാപകനുമായിരുന്ന ജൂലിയസ് കെമെയി വെളിപ്പെടുത്തി.
‘സെബാസ്റ്റ്യന്‍ ഒരിക്കലും കുര്‍ബാന മുടക്കാറില്ല. കുടുംബസമേതമാണ് അദ്ദേഹം പള്ളിയില്‍ വരുന്നത്. അദ്ദേഹമില്ലാത്ത സമയങ്ങളില്‍ ഭാര്യയും മക്കളും ദൈവാലയ ശുശ്രൂഷകളില്‍ സജീവമായി പങ്കെടുക്കാറുണ്ട്,’ കെമെയി പറഞ്ഞു. തന്റെ ഗ്രാമത്തിലെ ദൈവാലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാനും സാവെ എന്നും മുന്‍പന്തിയിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീവ്രമായ പരിശ്രമവും ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസവും ഉണ്ടെങ്കില്‍ അസാധ്യമെന്ന് കരുതുന്ന കാര്യങ്ങള്‍ പോലും കയ്യെത്തും ദൂരത്താണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് ശാന്തപ്രകൃതക്കാരനായ ഈ കെനിയന്‍ അത്ലറ്റ്.