എസ്.ഡി സന്യാസ സമൂഹം ശതാബ്ദിയിലേക്ക്; ഇതിനകം കൈമാറിയത് 400 വീടുകള്‍

SD religious community celebrates centenary

ആലുവ: എസ്.ഡി സന്യാസ സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കഴിഞ്ഞ 10 വര്‍ഷമായി ശതാബ്ദിക്കുള്ള ഒരുക്കങ്ങളിലായിരുന്ന എസ്.ഡി സമൂഹം ഭവനരഹിതര്‍ക്കായി 400 വീടുകള്‍ ഇതിനകം കൈമാറി കഴിഞ്ഞു. അഗതികളും ദരിദ്രരുമായ വൃദ്ധജനങ്ങളുടെ പരിപാലനവും പുനരധിവാസവും ലക്ഷ്യമാക്കി 1927 മാര്‍ച്ച് 19 ന് ആലുവയ്ക്കടുത്ത് ചുണങ്ങംവേലിയില്‍ ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളി അച്ചനാണ് അഗതികളുടെ സഹോദിമാരുടെ സന്യാസ സമൂഹം (എസ്.ഡി) സ്ഥാപിച്ചത്.

100 വര്‍ഷങ്ങള്‍ക്കു മുന്‍പ് എസ്.ഡിക്കു തുടക്കംകുറിച്ച അതേ ചാപ്പലില്‍ എസ്ഡി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ലിസ് ഗ്രെയ്സ് ശതാബ്ദി തിരിതെളിച്ചു. ഇതോടനുബന്ധിച്ച നടന്ന പൊതുസമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു.

എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറല്‍ ഫാ. ജോസ് പുതിയേടത്ത്, വിന്‍സെന്‍ഷ്യന്‍ സഭ വികാരി ജനറല്‍ ഫാ. മാത്യു പോത്താലില്‍, ആരാധനാ സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ റോസിലി ജോസ്, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സാജു മത്തായി എന്നിവരും നിരവധി വൈദികരും സന്യസ്തരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
സിസ്റ്റര്‍ ലിസ് ഗ്രെയ്സ് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ പൗളിന്‍ തെരേസ്, സെന്റ് മേരീസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റെയ്സി തളിയന്‍ എന്നിവര്‍ പ്രസംഗിച്ചു. ശതാബ്ദി ലോഗോ പ്രകാശനം നടത്തി.

ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ അനുഭവിക്കുന്നവര്‍ക്ക്‌വേണ്ടിയുള്ള പുനരധിവാസകേന്ദ്രങ്ങള്‍, കുടുംബപ്രേഷിതത്വം, ആതുരശുശ്രൂഷ, കൗണ്‍സസിംഗ് സെന്ററുകള്‍, ചേരിപ്രവര്‍ത്തനങ്ങള്‍, തടവറ പ്രേഷിതത്വം, ജയില്‍ മിനിസ്ട്രി, നിയമരംഗം, എച്ച്‌ഐവി/എയ്ഡ്‌സ് ബാധിതര്‍ക്കുള്ള ചികിത്സാകേന്ദ്രങ്ങള്‍ തുടങ്ങിയവയാണ് എസ്ഡിയുടെ പ്രധാന ശുശ്രൂഷാമേഖലകള്‍. അഞ്ച് ഭൂഖണ്ഡങ്ങളിലെ 13 രാജ്യങ്ങളിലായി 1900 ത്തോളം സന്യാസിനിമാര്‍ സേവനനിരതരാണ്.

ശതദ്ബ്ദിയോടനുബന്ധിച്ചു തോട്ടുമുഖം ജനറലേറ്റു ചാപ്പല്‍/ ചുണങ്ങം വേലി മദര്‍ഹൗസ് ചാപ്പല്‍ സന്ദര്‍ശിച്ച് പ്രത്യേക നിബന്ധനകളനുസരിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് പൂര്‍ണദണ്ഡവിമോചനം അനുവദിച്ചുകൊണ്ടുള്ള ഡിക്രി എറണാകുളം-അങ്കമാലി അതിരൂപതയുടെ ചാന്‍സലര്‍ ഫാ. ആന്റണി വാഴക്കാല വി. ബലി മധ്യേ വായിച്ചു.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.