
ഗ്രൗണ്ടില്‍ മുട്ടുകുത്തിനിന്ന ആ നിമിഷം തികച്ചും വ്യക്തിപരമായ ഒരു ആത്മീയ അനുഭവമായിരുന്നു. അത് മുന്‍കൂട്ടി നിശ്ചയിച്ചതല്ലെന്നും ഉള്ളിന്റെയുള്ളില്‍ നിന്ന് അറിയാതെ സംഭവിച്ചുപോയതാണെന്നും സഞ്ജു സാംസണ്‍ പറയുന്നു. ഓരോ പന്തിനു പിന്നിലും അദൃശ്യമായ ദൈവിക സാന്നിധ്യമുണ്ടെന്ന ബോധ്യം സഞ്ജുവിന്റെ വാക്കുകളില്‍ ഉടനീളം നിഴലിക്കുന്നുണ്ട്.
തിരുവനന്തപുരം: കേരളത്തിന്റെ മണ്ണില്‍ തിരിച്ചെത്തിയ സഞ്ജു സാംസണ്‍ (Sanju Samson) തന്റെ മനസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നപ്പോള്‍ അവിടെ ആദ്യന്തം വിളങ്ങിനിന്നത് അചഞ്ചലമായ ദൈവവിശ്വാസവും തന്നെ സ്‌നേഹിക്കുന്നവരോടുള്ള അങ്ങേയറ്റത്തെ നന്ദിയുമായിരുന്നു. മാര്‍ച്ച് 16-ന് വൈകുന്നേരം മംഗലപുരം സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സഞ്ജു മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. ടി20 ലോകകപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജുവിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് അവിടെവെച്ച് ആദരിച്ചത്.
ന്യൂസിലാന്‍ഡ് പരമ്പരയ്ക്ക് ശേഷമുള്ള നിശബ്ദതയില്‍ നിന്ന് വിജയത്തിന്റെ ആവേശത്തിലേക്ക് എത്തുമ്പോള്‍, തന്റെ നേട്ടങ്ങളില്‍ പകുതിയിലധികവും ദൈവത്തിന്റെ കൈകളാ ണെന്ന് ഉറച്ചു വിശ്വസിക്കുന്നതായി സഞ്ജു പറഞ്ഞു. ബാറ്റ് ചെയ്യുന്നത് താനല്ലെന്ന് തോന്നിപ്പോയ നിമിഷങ്ങള്‍ കളികളില്‍ ഉണ്ടായെന്നും, അതെല്ലാം മുകളില്‍ നിന്നുള്ള അനുഗ്രഹ ങ്ങളാണെന്നും സഞ്ജു ഓര്‍ത്തെടുക്കുന്നു. പത്താം വയസില്‍ മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ തുടങ്ങിയ കഠിനാധ്വാനത്തിന് വര്‍ഷങ്ങള്‍ക്കിപ്പുറം ലഭിച്ച ഈ അംഗീകാരം ദൈവം നല്‍കിയ വലിയൊരു സമ്മാനമായാണ് സഞ്ജു കാണുന്നത്.
ഓരോ പരാജയത്തിലും തളരാതെ മുന്നോട്ട് പോകാന്‍ പ്രേരിപ്പിച്ചത് ദൈവത്തിലുള്ള വിശ്വാസമാണ്. നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ വലിയൊരു പദ്ധതി ദൈവം നമുക്കായി കാത്തുവെച്ചിട്ടുണ്ടെന്ന തിരിച്ചറിവ് ഓരോ പ്രതിസന്ധിയിലും തനിക്ക് കരുത്തായെന്ന് സഞ്ജു പറയുന്നു. വിജയത്തിനുശേഷം ഗ്രൗണ്ടില്‍ മുട്ടുകുത്തിനിന്ന ആ നിമിഷം തികച്ചും വ്യക്തിപരമായ ഒരു ആത്മീയ അനുഭവമായിരുന്നു. അത് മുന്‍കൂട്ടി നിശ്ചയിച്ചതല്ലെന്നും ഉള്ളിന്റെയുള്ളില്‍ നിന്ന് അറിയാതെ സംഭവിച്ചുപോയതാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഓരോ പന്തിനു പിന്നിലും അദൃശ്യമായ ദൈവിക സാന്നിധ്യമുണ്ടെന്ന ബോധ്യം അദ്ദേഹത്തിന്റെ വാക്കുകളില്‍ ഉടനീളം നിഴലിക്കുന്നുണ്ട്.
തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ആയിരക്കണക്കിന് ആളുകളാണ് തന്റെ വലിയ കരുത്തെന്നും സഞ്ജു പറയുന്നു. നാട്ടുകാരുടെ മുന്നില്‍ നല്ല പ്രകടനം കാഴ്ചവെക്കാന്‍ കഴിയാത്തതില്‍ ഒരുകാലത്ത് വലിയ സങ്കടമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാവരുടെയും മുഖത്ത് കാണുന്ന ആ സന്തോഷം ഏറ്റവും വലിയ വിജയമാണെന്ന് കരുതുന്നു. തന്നെ ‘ചേട്ടാ’ എന്ന് വിളിക്കുന്ന അന്യസംസ്ഥാനക്കാരുള്‍പ്പെടെയുള്ള ക്രിക്കറ്റ് പ്രേമികളുടെ സ്‌നേഹം വലിയൊരു ഉത്തരവാ ദിത്തമായാണ് സഞ്ജു ഏറ്റെടുക്കുന്നത്. ഇത്രയധികം ആളുകളുടെ പിന്തുണയും പ്രാര്‍ത്ഥനയും കൂടെയുണ്ടാകുന്നത് വലിയൊരു ഭാഗ്യമാണെന്നും, ഈ നിമിഷങ്ങള്‍ സമാധാ നത്തോടെ ആസ്വദിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പറഞ്ഞാണ് സഞ്ജു തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.

