
മനില: ഫിലിപ്പീന്‍സിലെ ദരിദ്രര്‍ക്ക് വേണ്ടി ജീവന്‍ സമര്‍പ്പിച്ച പ്രശസ്ത ഡോക്ടറും ‘സൗഖ്യം നല്‍കുന്ന സന്യാസിനി’ എന്നറിയപ്പെടുന്ന കത്തോലിക്ക കന്യാസ്ത്രീയുമായ സിസ്റ്റര്‍ ഈവ ഫിഡെല മാമോ (85) അന്തരിച്ചു. ആധുനിക സൗകര്യങ്ങളില്ലാത്ത ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ടോര്‍ച്ച് വെളിച്ചത്തില്‍ ശസ്ത്രക്രിയകള്‍ നടത്തി ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ മിഷനറിയായിരുന്നു സിസ്റ്റര്‍ ഈവ. ഏഷ്യയുടെ നോബല്‍ സമ്മാനം എന്ന് വിശേഷിപ്പിക്കുന്ന മാഗ്‌സസെ പുരസകാര ജേതാവ് കൂടെയാണ് ‘സിസ്റ്റേഴ്‌സ് ഓഫ് സെന്റ് പോള്‍ ഓഫ് ഷാര്‍ട്ടര്‍സ്’ സഭാംഗമായ സിസ്റ്റര്‍.
1970-കളില്‍ തെക്കന്‍ ഫിലിപ്പീന്‍സിലെ സെബുവിലുള്ള ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ സേവനം ചെയ്യുമ്പോഴാണ് സിസ്റ്റര്‍ ഈവയുടെ ധീരമായ പ്രവര്‍ത്തനങ്ങള്‍ ലോകമറിഞ്ഞത്. ആശുപത്രിയില്‍ എത്താന്‍ മണിക്കൂറുകള്‍ നടക്കേണ്ടി വരുമായിരുന്ന സാഹചര്യത്തില്‍ മുളകൊണ്ടുണ്ടാക്കിയ മേശയില്‍ കിടത്തിയാണ് സിസ്റ്റര്‍ ഈവ ഒരു ഗോത്രവര്‍ഗ യുവതിയുടെ ശസ്ത്രക്രിയ നടത്തിയത്. ടോര്‍ച്ചിന്‍റെ അരണ്ട വെളിച്ചത്തില്‍ സിസ്റ്റര്‍ നടത്തിയ ശസ്ത്രക്രിയകള്‍ അനേകരുടെ ജീവന്‍ രക്ഷിച്ചു. വൈദ്യസഹായം ലഭിക്കാത്ത ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പ്രാഥമിക ചികിത്സ നല്‍കുന്നതിനായി സിസ്റ്റര്‍ ഈവ ‘ചെരിപ്പിടാത്ത ഡോക്ടേഴ്സ്’ എന്ന പദ്ധതി ആവിഷ്‌കരിച്ചു. 110 ഗോത്രവര്‍ഗ വിഭാഗങ്ങളില്‍ നിന്നായി 270-ലധികം പേര്‍ക്ക് സിസ്റ്റര്‍ അടിസ്ഥാന വൈദ്യശാസ്ത്രത്തില്‍ പരിശീലനം നല്‍കി.
മനിലയില്‍ ദരിദ്രരായവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ചികിത്സ ഉറപ്പാക്കാന്‍ സിസ്റ്റര്‍ ഈവയുടെയുടെയും ജസ്യൂട്ട് വൈദികനായ ഫാ. ജയിംസ് റോയിട്ടറിന്‍റെയും നേതൃത്വത്തില്‍ ഔര്‍ ലേഡി ഓഫ് പീസ് എന്ന ആശുപത്രി സ്ഥാപിച്ചു. മാഗ്‌സസെ പുരസ്‌കാരത്തിന് പുറമെ 1992-ല്‍ മദര്‍ തെരേസ അവാര്‍ഡും സിസ്റ്ററിന് ലഭിച്ചു. ഔര്‍ ലേഡി ഓഫ് പീസ് ആശുപത്രിയില്‍ വച്ച് ഏപ്രില്‍ 14-നാണ് സിസ്റ്റര്‍ ലോകത്തോട് വിട പറഞ്ഞത്.
ആധുനിക ചികിത്സാ സൗകര്യങ്ങള്‍ കടന്നുചെല്ലാത്ത തദ്ദേശവാസികളുടെ കണ്ണീരൊപ്പാന്‍ ദൈവം അയച്ച മാലാഖയായിരുന്നു സിസ്റ്റര്‍ ഈവ മാമോ. തന്റെ വിരലുകളിലൂടെ ക്രിസ്തുവിന്റെ സൗഖ്യം പകര്‍ന്നുനല്‍കിയ സിസ്റ്റര്‍ ഈവ കൊളുത്തിയ സ്‌നേഹത്തിന്റെ ദീപം ഈ ഗോത്രവര്‍ഗജനതയുടെ ഹൃദയങ്ങളില്‍ അണയാതെ നിലകൊള്ളുന്നു.

