സഭയെ സ്‌നേഹിച്ച രാജ്‌കോട്ടിന്റെ നല്ലിടയന്‍

Rajkot Good Shepherd Bishop

2001 ജനുവരി 26-നാണ് ഗുജറാത്തിനെ ഞെട്ടിച്ച, 13000 ത്തിലധികം പേരുടെ മരണത്തിന് ഇടയാക്കിയ ഭൂകമ്പം സംഭവിച്ചത്.  ഭൂകമ്പം തകര്‍ത്ത പ്രദേശങ്ങളിലേക്കു രാജ്‌കോട്ട് രൂപതാ ബിഷപ്പായിരുന്ന ഗ്രിഗറി കരോട്ടെമ്പ്രേലും സഹപ്രവര്‍ത്തകരും കടന്നുചെല്ലുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങളൊന്നും അവിടേക്ക് അപ്പോള്‍ എത്തിയിരുന്നില്ല. വഴിനീളെ തകര്‍ന്ന കെട്ടിടങ്ങള്‍, റോഡിലും കെട്ടിടങ്ങള്‍ക്കു മുന്നിലുമായി കിടക്കുന്ന ജഡങ്ങള്‍, ചിതറിയ മനുഷ്യശരീരഭാഗങ്ങള്‍, പരിക്കേറ്റ് ചോര ഒലിപ്പിച്ചു നില്ക്കുന്നവര്‍. ഈ കാഴ്ച്ചകള്‍ കണ്ട് ബിഷപ്പും കൂടെയുള്ളവരും ആദ്യമൊന്നു പകച്ചെങ്കിലും ഉടന്‍ തന്നെ  പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഉടന്‍ നാല് സെന്ററുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. തുടര്‍ഭൂചലനങ്ങളുടെ സാധ്യത നിലനില്ക്കുമ്പോഴാണ് ഭയരഹിതരായി കരോട്ടെമ്പ്രേലിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

രാജ്‌കോട്ട് രൂപത നേതൃത്വം നല്‍കിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി നിരവധി രൂപതകളും സന്യസ്ത സമൂഹങ്ങളും സന്നദ്ധ സംഘടനകളും അന്ന് കൈകോര്‍ത്തു. 10 ക്യാമ്പുകള്‍ വഴി 657 ഗ്രാമങ്ങളിലാണ് അന്ന് രാജ്‌കോട്ട് രൂപത ബിഷപ് ഗ്രിഗ്രറിയുടെ നേതൃത്വത്തില്‍ സഹായമെത്തിച്ചത്. 42,374 പേര്‍ക്ക് ചികിത്സാസഹായവും 44,657 പ്രീ-ഫാബ്രിക്കേറ്റഡ് ടെന്റുകളും 4,200 ടണ്‍ ഭക്ഷ്യധാന്യങ്ങളും അന്ന് രൂപതയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു. 7,000 സ്ഥിരം വീടുകള്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടതില്‍ വലിയ ശതമാനം യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞു. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കിനേക്കാള്‍ വളരെ കൂടുതലാളുകള്‍ മരിച്ച ആ ഭൂകമ്പത്തില്‍ രാജ്‌കോട്ട് രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമായി.

കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുകുലുക്കിയപ്പോഴും ഫലപ്രദമായ ചികിത്സ നല്‍കാന്‍ ബിഷപ് ഗ്രിഗറി രാജ്കോട്ടില്‍ സ്ഥാപിച്ച ക്രൈസ്റ്റ് ഹോസ്പിറ്റലിനു കഴിഞ്ഞു. കോവിഡിന്റെ ഒന്നാം വരവിലും രണ്ടാം വരവിലും ഈ ആശുപത്രിക്ക് രക്ഷപ്പെടുത്തിയ  അനേകായിരങ്ങളില്‍ ബിഷപ് ഗ്രിഗറിയുടെ തന്നെ ജീവനും ഉള്‍പ്പെടുന്നു. എന്നാല്‍ ജീവിതത്തിലേക്കുള്ള ഗ്രിഗറി പിതാവിന്റെ അത്ഭുതകരമായ ആദ്യ തിരിച്ചുവരവായിരുന്നില്ല ആ രോഗസൗഖ്യം.

മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെ

രാജ്‌കോട്ട് രൂപതയ്ക്കും ആഗോള സഭയ്ക്കും മാത്രമല്ല ലോകത്തിനു മുഴുവന്‍ അനുഗ്രഹമായി മാറിയ എണ്ണമില്ലാത്ത സംഭാവകള്‍ നല്‍കിയാണ് കഴിഞ്ഞ ദിവസം അന്തരിച്ച ഗുജറാത്തിലെ രാജ്‌കോട്ട് രൂപത മുന്‍ ബിഷപ്  മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍ ദൈവപിതാവിന്റെ സന്നിധിയിലേക്ക് യാത്രയായത്.  മാര്‍ ഗ്രിഗറിയുടെ പ്രവര്‍ത്തനമേഖലകളുടെ ആഴവും പരപ്പും ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

ഈരാറ്റുപേട്ടയ്ക്കടുത്ത് ചെമ്മലമറ്റം ഗ്രാമത്തിലെ കരോട്ടെമ്പ്രേല്‍ ദേവസ്യയുടെയും റോസമ്മയുടെയും മകനായി 1933 മെയ് ആറിനാണ് ജനനം.  സലേഷ്യന്‍ സഭാംഗമായിരുന്ന അന്തരിച്ച ഫാ. സെബാസ്റ്റ്യന്‍ കരോട്ടെമ്പ്രേല്‍, സിസ്റ്റര്‍ മരിയ എന്നിവരാണ് സഹോദരങ്ങള്‍. ജോസഫ് എന്ന ബാലന്‍ ബിഷപ് ഗ്രിഗറി കരോട്ടെമ്പ്രേല്‍ സിഎംഐ ആയതിന് പിന്നില്‍ ദൈവത്തിന്റെ അനുപമായ പദ്ധതിയുണ്ടെന്ന് ചെറുപ്പത്തില്‍ തന്നെ അദ്ദേഹം അതിജീവിച്ച മരണകരമായ അപകടങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

ബാല്യത്തില്‍ കിണറ്റില്‍ വീണിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതരമായി മാറിയ ടൈഫോയ്ഡ് രോഗത്തില്‍ നിന്ന് മെല്ലെ ജീവിതത്തിലേക്കു തിരിച്ചുവന്നു.  കൂടാതെ ക്ഷയരോഗം ബാധിച്ച്  ആറുമാസം ചികിത്സാകേന്ദ്രത്തില്‍ ഏകാന്തജീവതം നയിച്ചശേഷമാണ് വൈദിക പഠനത്തില്‍ അദ്ദേഹം മുന്നേറിയത്. ഈ പ്രതിസന്ധികളിലൂടെയെല്ലാം ദൈവം അദ്ദേഹത്തെ ഒരുക്കുകയായിരുന്നു എന്ന് പിന്നീടുള്ള ആ ജീവിതം അടിവരയിടുന്നു.

ചിക്കാഗോ രൂപതയ്ക്കും മെല്‍ബണ്‍ രൂപതയ്ക്കും പിന്നിലെ കരങ്ങള്‍

സിഎംഐ കൊച്ചി സേക്രഡ് ഹാര്‍ട്ട് പ്രൊവിന്‍സില്‍ വൈദികപഠനത്തിനു ചേര്‍ന്ന പേപ്പച്ചന്‍ എന്ന് വിളിപ്പേരുണ്ടായിരുന്ന ജോസഫ് 1963 മെയ് 17 നു തലശേരി മെത്രാനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പളളിയുടെ കൈവയ്പ്പ് ശുശ്രൂഷയിലൂടെയാണ്  വൈദികനായി അഭിഷിക്തനായത്. പ്രതിഭാശാലിയായ ഫ്രാന്‍സിസ് സാലസ് അച്ചനായിരുന്നു അപ്പോള്‍ സിഎം ഐ. കൊച്ചി പ്രവിശ്യയുടെ പ്രൊവിന്‍ഷ്യാള്‍. അദ്ദേഹത്തിന്റെ നിര്‍ദേശപ്രാകാരം നവവൈദികനായ ഗ്രിഗറി കരോട്ടെമ്പ്രേലും ഫാ. അഹറോന്‍ വിതയത്തിലും ചേര്‍ന്നാണ്  രാജഗിരി  ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് തുടക്കംകുറിച്ചത്. പില്‍ക്കാലത്ത്  രൂപം നല്‍കിയ രാജഗിരിയിലെ പൂര്‍വവിദ്യാര്‍ത്ഥി സംഘടന ഫാ. ഗ്രിഗറിയുടെ സേവന പന്ഥാവില്‍ ഊറ്റമായ പിന്തുണ നല്‍കി. ചങ്ങലപോലെ കൈകോര്‍ത്തു പിടിച്ചുകൊണ്ട് നന്മ ചെയ്യുകയെന്ന ആശയമാണ് ഫാ. ഗ്രിഗറി മുമ്പോട്ടുവച്ചത്.

ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും വിശാലമായ കാഴ്ചപ്പാട് പുലര്‍ത്തിയ മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍ സിഎംഐ കൊച്ചി തിരുഹൃദയ പ്രവിശ്യയുടെ പ്രൊവിന്‍ഷ്യാളായി രണ്ടു ടേമും  രാജ്കോട്ട് രൂപതയുടെ ദ്വിതീയ ബിഷപ്പായി ദീര്‍ഘകാലവും ശുശ്രൂഷ ചെയ്തു.  സീറോ മലബാര്‍ സഭയിലെ മൈഗ്രന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ആയിരുന്ന അദ്ദേഹത്തിന്റെ അക്ഷീണ ശ്രമഫലമായാണ് സീറോ മലബാര്‍ സഭയുടെ ഇന്ത്യക്ക് പുറത്തുള്ള ആദ്യ രൂപതയായ ചിക്കാഗോ രൂപതയും പിന്നീട്  മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയും രൂപവത്കരിച്ചത്.

സുവിശേഷവത്ക്കരണത്തിനും അജപാലനത്തിനുമായുള്ള കമ്മീഷന്റെ ചെയര്‍മാനായി 15 വര്‍ഷം പ്രവര്‍ത്തിച്ച അദ്ദേഹം സീറോ മലബാര്‍ സിനഡിന്റെയും സഭയുടെയും സാമ്പത്തികകാര്യ കമ്മീഷന്റെ ആദ്യ ചെയര്‍മാനായിരുന്നു. സീറോ മലബാര്‍ സഭ മിഷന്റെ ആദ്യ ചെയര്‍മാന്‍, സീറോ മലബാര്‍ സഭയുടെ ഇന്റര്‍നെറ്റ് മിഷന്റെ ആദ്യ ചെയര്‍മാന്‍, സീറോ മലബാര്‍ ദലിത വികാസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റ് എന്നീ നിലകളിലും പ്രശോഭിച്ചു. ദേവ് പ്രിയ, സെന്റ് അല്‍ഫോന്‍സ എന്നീ സന്യാസിനി സമൂഹങ്ങള്‍ക്കു രൂപം നല്‍കി പാര്‍ശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതത്തില്‍ വെളിച്ചമേകാന്‍ അദ്ദേഹം പരിശ്രമിച്ചു.

പ്രസിദ്ധീകരണങ്ങളും പുസ്‌കങ്ങളും

അന്തര്‍ദേശീയ നിലവാരമുളള ഒരു ഇംഗ്ലീഷ് പ്രസിദ്ധീകരണം ആരംഭിക്കുകയെന്ന ഗ്രിഗറി പിതാവിന്റെ ആഗ്രഹം സഫലമായതാണ് തേര്‍ഡ് മില്ലേനിയം’. മറ്റൊരു പ്രസിദ്ധീകരണമാണ് സെന്റ് തോമസ് ക്രിസ്ത്യന്‍സ്’.  കാഴ്ച നഷ്ടമായപ്പോള്‍ ഗ്രിഗറി പിതാവിന്റെ ദുഃഖം തനിക്കിനി പുസ്തകങ്ങള്‍ വായിക്കാനും എഴുതാനും കഴിയില്ലല്ലോ എന്നായിരുന്നു. ശ്രദ്ധേയങ്ങളായ അമ്പതോളം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

ഒരിക്കല്‍ ഒരു സരള സന്ദര്‍ഭത്തില്‍ ഒരാള്‍ ചോദിച്ചു: പിതാവിനു കാഴ്ച തിരിച്ചുകിട്ടിയാല്‍ ഏറ്റവുമാദ്യം കാണാന്‍ ആഗ്രഹിക്കുന്നതെന്താണ്?

മറുപടി ഉടന്‍ വന്നു: പ്രേം മന്ദിര്‍ കത്തീഡ്രല്‍. ബിഷപ് ഗ്രിഗറി സാക്ഷാത്ക്കരിച്ചതാണ് രാജ്‌കോട്ടെ ഈ കത്തീഡ്രല്‍. ഹിമാലയദര്‍ശനംപോലെ, സാഗരക്കാഴ്ചപോലെ, ആകാശവിശാലത പോലെ ഉദാത്തമായ ദൃശ്യാനുഭവം നല്‍കുന്ന ഈ മനോഹരമായ കത്തീഡ്രലിന്റെ മണ്ണിലാണ് പിതാവിന് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. ദുരന്തമുഖങ്ങളില്‍ ആശ്വാസത്തിന്റെ കൈകളായി, കുടിയേറ്റ വിശ്വാസികളുടെ പ്രതീക്ഷയായി, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമായി, മാറിയ ഈ ദാര്‍ശനികന്റെ സാക്ഷ്യം സഭയെയും സമൂഹത്തെയും ഇനിയും പ്രചോദിപ്പിച്ചുകൊണ്ടിരിക്കും.

Related Articles
Latin Bishops Conference key appointments laity women leadership

നിര്‍ണായക നിയമനങ്ങളുമായി ലത്തീന്‍ മെത്രാന്‍സമിതി  ; നേതൃസ്ഥാനങ്ങളിലേക്ക് അല്മായരും സ്ത്രീകളും

ന്യൂഡല്‍ഹി: സഭയുടെ പ്രവര്‍ത്തനങ്ങളിലും നേതൃസ്ഥാനങ്ങളിലും അല്മായരുടെയും സ്ത്രീകളുടെയും പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്റെ  ഭാഗമായി ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി (സിസിബിഐ) നിര്‍ണായകമായ നിയമനങ്ങള്‍ നടത്തി. രണ്ട് അല്മായരെയും രണ്ട് സന്യാസിനികളെയും സഭയുടെ ദേശീയ ഭാരവാഹികളായി

Read More »
Pope's prayer ahead of FIFA World Cup sparks discussion

ഫുട്‌ബോള്‍ ലോകകപ്പ് 11-ന് ആരംഭിക്കും;മാര്‍പാപ്പയുടെ പ്രാര്‍ത്ഥന ചര്‍ച്ചയാകുന്നു

കായികരംഗം ജനങ്ങള്‍ക്കിടയില്‍ സമാധാനത്തിന്റെയും ഒത്തുചേരലിന്റെയും സംവാദത്തിന്റെയും ഉപാധിയായി മാറുന്നതിനുനേണ്ടിയുള്ള പാപ്പയുടെ ജൂണ്‍ മാസത്തിലെ പ്രാര്‍ത്ഥനാനിയോഗം ഈ മാസം 11  – ന് ആരംഭിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന്റെ പശ്ചാത്തലത്തില്‍  ശ്രദ്ധ നേടുന്നു. കായികരംഗം വിവിധ സംസ്‌കാരങ്ങള്‍ക്കും

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.