700-ലധികം മിണ്ടാമഠങ്ങള്‍ ഉളള രാജ്യത്തേക്ക് പാപ്പ

Pope to visit country with over 700 monasteries

മാഡ്രിഡ്: പ്രാര്‍ത്ഥനയുടെ നൂലില്‍ കോര്‍ത്തെടുത്ത പ്രത്യാശയുടെ ജപമണികള്‍ ലിയോ 14-ാമന്‍ പാപ്പയുടെ സ്‌പെയിന്‍ സന്ദര്‍ശനത്തിന് ആത്മീയ ചൈതന്യം പകരും. സ്‌പെയിനിലെ മിണ്ടാമഠങ്ങളിലെ സന്യാസിനിമാരാണ് തങ്ങളുടെ ആവൃതിക്കുള്ളിലായിരുന്നുകൊണ്ട് ജൂണ്‍ 6-12 വരെ നടക്കുന്ന ലിയോ പാപ്പയുടെ സ്‌പെയിന്‍ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങളില്‍ പങ്കാളികളാകുന്നത്. പാപ്പയുടെ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്കായി ആയിരക്കണക്കിന് ജപമാലകള്‍ കോര്‍ത്തെടുക്കുന്ന തിരക്കിലാണ് ഈ സന്യാസിനിമാര്‍.

എഴുന്നൂറിലധികം മിണ്ടാമഠങ്ങള്‍ ഉള്ള രാജ്യമാണ് സ്‌പെയിന്‍. ഒരു പക്ഷേ ലോകത്തില്‍ തന്നെ ഏറ്റവുമധികം മിണ്ടാമഠങ്ങളുള്ള രാജ്യം. ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള ജനങ്ങള്‍ക്ക് വേണ്ടിയും സഭയ്ക്ക് വേണ്ടിയും ഇവിടെ നിന്ന് എപ്പോഴും പ്രാര്‍ത്ഥകള്‍ ഉയരുന്നു. മാര്‍പാപ്പയുടെ അപ്പസ്‌തോലിക സന്ദര്‍ശനത്തില്‍ തങ്ങളുടേതായ പങ്കുവഹിക്കാന്‍ ലഭിച്ച അവസരം സന്തോഷത്തോടെ സ്വീകരിച്ചിരിക്കുകയാണ് ഇപ്പോള്‍ ഈ മിണ്ടാമഠങ്ങള്‍. ‘ഫുണ്ടസ്യോണ്‍ കൊണ്‍ടെംപ്ലാരെ’ എന്ന സംഘടനയിലെ അലക്‌സാന്‍ഡ്രോ സിമോണാണ് ഈ ജപമാല നിര്‍മാണം ഏകോപിപ്പിക്കുന്നത്. സന്യാസിനികളുടെ കരകൗശല ഉല്‍പ്പന്നങ്ങള്‍ പുറംലോകത്ത് എത്തിക്കാന്‍ സഹായിക്കുന്ന സംഘടനയാണിത്.

കുറച്ചു ആഴ്ചകള്‍ക്കുള്ളില്‍ പതിനായിരക്കണക്കിന് ജപമാലകള്‍ നിര്‍മിക്കാമോ എന്ന ചോദ്യവുമായി താന്‍ സമീപിച്ച എല്ലാ ആശ്രമങ്ങളും അതിന് സമ്മതം നല്‍കി എന്ന് അലക്‌സാന്‍ഡ്രോ പറയുന്നു. അംഗങ്ങള്‍ വളരെ കുറവായ ഈ ആശ്രമങ്ങള്‍ക്ക് ഇതൊരു വലിയ വെല്ലുവിളിയാണ്. എങ്കിലും പാപ്പയുടെ സന്ദര്‍ശനത്തില്‍ സഹകാരികളാകുവാനുള്ള അവസരം അവര്‍ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു. ഈ ദൗത്യത്തില്‍ സന്യാസിനികളെ സഹായിക്കാന്‍ നിരവധി യുവ സന്നദ്ധപ്രവര്‍ത്തകരും സര്‍വകലാശാല വിദ്യാര്‍ത്ഥികളും കുടുംബങ്ങളും എത്തുന്നുണ്ട്. പല യുവജനങ്ങള്‍ക്കും സന്യാസജീവിതത്തെ അടുത്തറിയാനുള്ള അവസരമായി കൂടെ ജപമാല നിര്‍മാണം മാറി. ആകുലതകളില്ലാതെ, ഒട്ടും തിടുക്കമില്ലാതെ ജോലി ചെയ്യുന്ന ഒരു ലോകത്തെ അവര്‍ അവിടെ അനുഭവിച്ചറിഞ്ഞു. ആ നിശബ്ദത യില്‍ അവര്‍ ദൈവസാന്നിധ്യം തിരിച്ചറിഞ്ഞു.

പ്രാര്‍ത്ഥനയുടെ അദൃശ്യ വലയം

സാധാരണ വസ്തുക്കളും, ചരടുകളും, ചെറിയ ലോഹക്കുരിശുകളും മാത്രമാണ് ജപമാല നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഓരോ മുത്തിലും അത് കോര്‍ത്തെടുത്ത സന്യാസിനികളുടെ പ്രാര്‍ത്ഥനയും ആത്മത്യാഗവും പതിഞ്ഞിരിക്കുന്നു എന്നത് ഈ ജപമാലകളെ അമൂല്യമാക്കുന്നു.

വരുന്ന ദിവസങ്ങളില്‍ ഈ ജപമാലകള്‍ കയ്യിലേന്തുന്ന ഭൂരിഭാഗം തീര്‍ത്ഥാടകരും ഇത് എവിടെ നിന്നാണ് വന്നതെന്നോ, ഇതിന് പിന്നിലുള്ള അധ്വാനത്തെക്കുറിച്ചോ അറിയാന്‍ വഴിയില്ല. എന്നാല്‍, ഈ ജപമാലകളോടൊപ്പം മഠങ്ങളുടെ മതില്‍ക്കെട്ടുകള്‍ ഭേദിച്ചെത്തുന്ന പ്രാര്‍ത്ഥനയുടെ പിന്‍ബലം, പാപ്പയുടെയും സഭയുടെയും ലോകത്തിന്റെയും മുമ്പോട്ടുള്ള പ്രയാണത്തിന് കരുത്ത് പകരും എന്നതില്‍ സംശയമില്ല.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.