
വത്തിക്കാന്‍ സിറ്റി: ജൂലൈ 27 വരെയുള്ള സമയം കാസ്റ്റല്‍ ഗണ്ടോള്‍ഫയില്‍ വിശ്രത്തിനായി നീക്കിവച്ചിരിക്കുകയാണ് ലിയോ 14-ാമന്‍ പാപ്പ. എന്നാല്‍ അവധിക്കാലത്തും പാപ്പ സുവിശേഷം ജീവിച്ചുകൊണ്ട് ലോകത്തിന് മാതൃകയാവുകയാണ്. ഈ ശനിയാഴ്ച പാപ്പ റോമാ രൂപതയിലെ 200ഓളം വരുന്ന ദരിദ്രര്‍ക്കൊപ്പം സമയം ചെലവഴിക്കുകയും അവര്‍ക്കായി ഉച്ചഭക്ഷണം നല്‍കുകയും ചെയ്യും.
പരിശുദ്ധ സിംഹാസനത്തിന്റെ നേതൃത്വത്തില്‍ കാസ്റ്റല്‍ ഗണ്ടോള്‍ഫോയില്‍ നടപ്പിലാക്കുന്ന പരിസ്ഥിതി സൗഹൃദ പദ്ധതിയായ ‘ബോര്‍ഗോ ലൗദാത്തോ സി’ യുടെ ആഭിമുഖ്യത്തിലാണ് ഈ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. തെരുവില്‍ കഴിയുന്നവര്‍, അഭയാര്‍ത്ഥികള്‍, തുടങ്ങിയവരാണ് ഈ വിരുന്നില്‍ പങ്കെടുക്കുന്നത്. പാപ്പ റോമന്‍ മിസ്സലില്‍ പുതുതായി ഉള്‍പ്പെടുത്തിയ ‘ഭൂമിയുടെ സംരക്ഷണത്തിന് വേണ്ടിയുള്ള പ്രത്യേക ആരാധനക്രമത്തിലുള്ള’ ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിക്കും.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് സഭയുടെ ഹൃദയത്തില്‍ സ്ഥാനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി ക്രമീകരിച്ചിരിക്കുന്നതെന്ന് റോമ രൂപതയ്ക്കുവേണ്ടിയുള്ള പാപ്പയുടെ വികാരി ജനറല്‍ കര്‍ദിനാള്‍ ബല്‍ദസാരെ റെയിന പറഞ്ഞു. 2025 ഓഗസ്റ്റ് മാസത്തില്‍ അല്‍ബാനോ രൂപതയിലെ ദരിദ്രര്‍ക്കൊപ്പം മാര്‍പാപ്പ സമാനമായ വിരുന്നില്‍ പങ്കുചേര്‍ന്നിരുന്നു. തുടര്‍ന്ന് ഈ ഒത്തുചേരല്‍ ഒരു വാര്‍ഷിക പരിപാടിയാക്കാന്‍ ലൗദാത്തോ സി ഹയര്‍ എഡ്യൂക്കേഷന്‍ സെന്റര്‍ തീരുമാനിക്കുകയായിരുന്നു. വരുന്ന വര്‍ഷങ്ങളില്‍ വ്യത്യസ്ത രൂപതകളില്‍ നിന്നുള്ള ദരിദ്രരെ ഈ സംഗമത്തിലേക്ക് ക്ഷണിക്കും.
സൃഷ്ടികളോടുള്ള പരിചരണവും മനുഷ്യനോടുള്ള കരുതലും ഒരേ ദൗത്യത്തിന്റെ ഭാഗമാണെന്ന് ഈ സംഗമം വ്യക്തമാക്കുന്നതായി ലൗദാത്തോ സി ഹയര്‍ എഡ്യൂക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ കര്‍ദിനാള്‍ ഫാബിയോ ബാജിയോ പറഞ്ഞു. മനുഷ്യന് എവിടെയൊക്കെ ശ്രദ്ധയും പ്രതീക്ഷയും ആവശ്യമുണ്ടോ അവിടെയെല്ലാം സഭ കൂടെയുണ്ടാകുമെന്ന് പരിശുദ്ധ പിതാവ് ഇതിലൂടെ തെളിയിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

