250-ാം സ്വാതന്ത്ര്യദിനത്തില്‍ യുഎസിന് ആശംസകള്‍ നേര്‍ന്ന് പാപ്പ

Pope greets US on 250th anniversary

വത്തിക്കാന്‍ സിറ്റി: ജൂലൈ 4-ന് ആഘോഷിക്കുന്ന അമേരിക്കന്‍ ഐക്യനാടുകളുടെ 250-ാം സ്വാതന്ത്ര്യ വാര്‍ഷികത്തോടനുബന്ധിച്ച് യുഎസ് ജനതയ്ക്ക് ആശംസകള്‍ നേര്‍ന്ന് ലിയോ 14-ാമന്‍ പാപ്പ. യുഎസ് കത്തോലിക്കാ മെത്രാന്‍ സമിതിയാണ് യുഎസിലെ ജനങ്ങള്‍ക്കായി പാപ്പ എഴുതിയ കത്ത് പുറത്തുവിട്ടത്. അമേരിക്കയുടെ ചരിത്രത്തില്‍ കത്തോലിക്കരും കുടിയേറ്റക്കാരും നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകളെ പാപ്പ പ്രത്യേകം അഭിനന്ദിച്ചു.

1776 ജൂലൈ 4-ന് ഒപ്പുവെച്ച അമേരിക്കന്‍ സ്വാതന്ത്ര്യപ്രഖ്യാപനം സ്വാതന്ത്ര്യം, സമത്വം, സന്തോഷം തേടാനുള്ള അവകാശം, നീതി, ജനാധിപത്യ സ്വയംഭരണം എന്നീ ഉദാത്തമായ ആദര്‍ശങ്ങള്‍ക്ക് ശാശ്വതമായ ശബ്ദം നല്‍കിയെന്ന് പാപ്പയുടെ കത്തില്‍ പറയുന്നു. മതസ്വാതന്ത്ര്യം വ്യക്തിയുടെ അന്തസ് സംരക്ഷിക്കുന്നതിനൊപ്പം വൈവിധ്യമാര്‍ന്ന ജനവിഭാഗങ്ങളുടെ സമാധാനപരമായ സഹവര്‍ത്തിത്വത്തിന് വഴിയൊരുക്കുന്നു. ഈ സ്വാതന്ത്ര്യമുള്ളതുകൊണ്ടാണ് വിദ്യാഭ്യാസം, പാവപ്പെട്ടവരോടുള്ള പ്രത്യേക പരിഗണന, ആരോഗ്യം, സാമൂഹിക സേവനം എന്നീ മേഖലകളില്‍ അമേരിക്കയില്‍ കത്തോലിക്കാ സഭയ്ക്ക് വലിയ മുന്നേറ്റം നടത്താന്‍ സഹായകരമായത്.

ദൈവദത്തമായ മനുഷ്യജീവിതത്തിന്റെ അന്തസ് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കത്തില്‍ പാപ്പ എടുത്തുപറയുന്നു. ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെയുള്ള മനുഷ്യജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളും സംരക്ഷിക്കപ്പെടണം. ഒപ്പം സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍, രോഗികള്‍, വിസ്മരിക്കപ്പെട്ടവര്‍ എന്നിവര്‍ക്കായി കരുതല്‍ നല്‍കണമെന്നും കത്തില്‍ വ്യക്തമാക്കുന്നു. അമേരിക്കയുടെ സ്വഭാവവും ചരിത്രവും രൂപപ്പെടുത്തുന്നതില്‍ കുടിയേറ്റക്കാര്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് പാപ്പ ഓര്‍മിപ്പിച്ചു. അവരെ സ്വാഗതം ചെയ്യാനും സംരക്ഷിക്കാനും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാനും രാജ്യം എപ്പോഴും തയാറാകണമെന്ന് പാപ്പ ആവശ്യപ്പെട്ടു. അമേരിക്കയുടെ സ്വര്‍ഗീയ മധ്യസ്ഥയായ ‘അമലോത്ഭവ മാതാവ്’ രാജ്യത്തെയും അവിടെയുള്ള എല്ലാ ജനങ്ങളെയും തുടര്‍ന്നും കാത്തുപരിപാലിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പ കത്ത് അവസാനിപ്പിക്കുന്നത്.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.