
ഒരു വ്യക്തിയുടെ അഭാവം ഒരു ശൂന്യതയായി തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍, ചില അഭാവങ്ങള്‍ നമ്മുടെ ഓര്‍മ്മകളെയും ചിന്താധാരകളെയും പുതുക്കി പണിതുകൊണ്ടേയിരിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍, ഏതാണ്ട് അങ്ങനൊരു വികാരമാണ് മനസില്‍.
ദിശാബോധവും നേര്‍വഴിയും
മുന്‍മാര്‍പാപ്പയെക്കുറിച്ചുള്ള ഒരനുസ്മരണം മാത്രമല്ല അതു നമ്മില്‍ ഉണര്‍ത്തുന്നത്. മറിച്ച് അദ്ദേഹം കരുണയുടെ കര്‍ത്താവിനെയും ദൈവികതയും മനുഷ്യപ്പറ്റുമുള്ള സഭയെയും വ്യാഖ്യാനിച്ചു തന്നതിന്റെ വിശാലാകാശമാണ് മനസില്‍ തളിര്‍ക്കുന്നത്. കാലം ചില ശബ്ദങ്ങളെ മൗനത്തിലേക്ക് മെല്ലെ ആഴ്ത്താറുണ്ടെങ്കിലും ഫ്രാന്‍സിസ് പാപ്പയുടെ കാര്യത്തില്‍ അതു നിരന്തരം പ്രതിധ്വനിക്കുകയാണ്!
സംവിധാനങ്ങളല്ല അദ്ദേഹം അവശേഷിപ്പിച്ചത്. കാലഘട്ടത്തിന് ആവശ്യകമായ ദിശാബോധവും നേര്‍വഴിയുമാണ്. സംസാരത്തില്‍നിന്ന് ശ്രവണത്തിലേക്കും അരികുവത്കരിക്കുന്നതില്‍നിന്ന് ആശ്ലേഷത്തിലേക്കുമാണ് അദ്ദേഹം സഭയെ നയിച്ചത്. ഈ തുറന്ന സമീപനത്തിന് എതിര്‍പ്പുകളുണ്ടായി എന്നത് സ്വാഭാവികം മാത്രം. എങ്കിലും അദ്ദേഹത്തിന്റെ പുഞ്ചിരിയും കൂടെനടത്തവുമൊക്കെ ഇന്നു ലോകത്തിനു നഷ്ടമായിക്കൊണ്ടിരിക്കുന്ന അതിന്റെ കേന്ദ്രമായ സ്‌നേഹത്തെ പുനര്‍നിര്‍വചിച്ചുകൊണ്ടിരിക്കുകയാണ്.
ഫ്രാന്‍സിസ് തനിമ
കാരുണ്യവും ലാളിത്യവും സിദ്ധാന്തങ്ങളായിരുന്നില്ല അദ്ദേഹത്തിന്. അതുകൊണ്ടുതന്നെ ബോധപൂര്‍വമുള്ള വിധികളില്‍നിന്ന് അദ്ദേഹം വിട്ടുനിന്നു. അതൊരിക്കലും സത്യത്തെ താഴ്ത്തിക്കാണിക്കാന്‍ ആയിരുന്നില്ല. മറിച്ച്, മനുഷ്യനെ അവന്റെ കുറവുകളോടും പരിമിതികളോടുംകൂടെ കാണാനും ചേര്‍ത്തുനിര്‍ത്താനുമുള്ള ക്രിസ്തുശൈലികളുടെ പ്രായോഗിക പാഠങ്ങളായിരുന്നു. ഒരുമിച്ചുനടക്കുന്ന സഭയെ സ്വപ്നം കാണുകയും കേള്‍ക്കാനായി കാതോര്‍ക്കുകയും ചെയ്യുന്ന ‘ഫ്രാന്‍സിസ് തനിമ’ ഒരു ആഗോള ആകര്‍ഷണമായിത്തീര്‍ന്നത് അദ്ഭുതമല്ല!
സംസാരിക്കുമ്പോളല്ല ശ്രവിക്കുമ്പോഴാണ് സഭ അവളുടെ അന്തസത്തെ വെളിപ്പെടുത്തുന്നത് എന്നത് അദ്ദേഹം തിരിച്ചറിഞ്ഞു. കേള്‍ക്കുന്ന ഒരു സഭയെ വളര്‍ത്താന്‍ അദ്ദേഹം മറ്റൊരു ഫ്രാന്‍സിസായി മാറുകയായിരുന്നു. അസീസിയിലെ ഫ്രാന്‍സിസിനുവേണ്ടി പ്രതിഷ്ഠിക്കപ്പെട്ട ഈ വര്‍ഷത്തില്‍ ഇങ്ങനെയൊരു ഫ്രാന്‍സിസിനെക്കൂടി അനുസ്മരിക്കുന്നതും ആദരിക്കുന്നതും ധന്യവും ശ്രേഷ്ഠവും തന്നെ.
ഏവരും സോദരര്‍
അധികാരത്തിന്റെ ഉയരങ്ങളില്‍ നിന്നിറങ്ങി, അടുത്തിടപഴകുന്ന സൗഹൃദസുഗന്ധം പരത്തിയ ഒരു മഹായിടയനായിരുന്നു ഫ്രാന്‍സിസ് പാപ്പ. പ്രകടനവും പ്രദര്‍ശനങ്ങളും യുദ്ധങ്ങളും വിഭാഗീയതകളും പെരുകുന്ന ഇക്കാലഘട്ടത്തില്‍ ഫ്രാന്‍സിസ് പാപ്പ തിരഞ്ഞെടുത്ത അടുത്തിരുപ്പിന്റെ ഹൃദ്യത അനന്യവും അനിതരസാധാരണവുമാണ്.
‘ഏവരും സോദരര്‍’ എന്നൊരു സര്‍വാശ്ലേഷിത്വ ത്തെ സഭയുടെ മുഖക്കുറിയായി എഴുതിവെച്ചിട്ടാണ് അദ്ദേഹം മറഞ്ഞത്. പൊതുഭവനത്തെ കരുതാനും പച്ചപ്പിന് ഇടംനല്‍കാനും അങ്ങനെ ഭാവിതലമുറയെ സുരക്ഷിതരാക്കാനുംപോന്ന പ്രതിബോധത്തിന്റെ ശില്പിയായിരുന്നു അദ്ദേഹം! അതുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പയുടെ വിയോഗത്തിന്റെ ഈ ഓരാണ്ടില്‍ ഏറ്റവും പ്രിയപ്പെട്ട ആരോ ഒരാള്‍ ഇനി ഇല്ലല്ലോ എന്നൊരു തേങ്ങല്‍ നമ്മുടെ ഹൃദയത്തില്‍ നോവായിപ്പടരുന്നത്.
പ്രത്യാശയുടെ ഉദയങ്ങള്‍
മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണതകളോടും രോഗാതുരതയോടും അദ്ദേഹം കാട്ടിയ പ്രവാചക ധീരത ദൗര്‍ബല്യമായിരുന്നില്ല. അതൊരു സൗമ്യ, സൗഖ്യ ശുശ്രൂഷയായിരുന്നു. യന്ത്രങ്ങളും സാങ്കേതികതയും മനുഷ്യത്വത്തെ സ്ഥാനഭംഗം വരുത്തുന്ന ആധുനികതയില്‍ മാംസളമായ ഹൃദയവും മനുഷ്യ ത്വവും പകരാന്‍ ഫ്രാന്‍സിസ് പാപ്പ തുറന്ന പാത തീരാതെ നീളുകയാണ്.
ലോകമനഃസാക്ഷിയില്‍ ഫ്രാന്‍സിസ് പാപ്പ പതിപ്പിച്ച ക്രിസ്തുഛായ മംഗലേല്‍ക്കാതെ സ്‌നേഹാര്‍ദ്രമായി ഇപ്പോഴും നമ്മോടു സംസാരിച്ചു കൊണ്ടിരിക്കുന്നു. അദ്ദേഹം പകര്‍ന്ന വിശ്വാസത്തിന്റെ വെളിച്ചവും സുവിശേഷത്തിന്റെ ആനന്ദവും സാഹോദര്യത്തിന്റെ സന്ദേശവും സ്‌നേഹത്തി ലേക്കുള്ള ദിശാസൂചികകളായിരുന്നു.
പ്രവാചകജീവിതങ്ങള്‍ പലപ്പോഴും ഇങ്ങനെയാണ്. അവ അസ്തമിക്കുന്നില്ല; പ്രത്യാശയുടെ ഉദയങ്ങളിലേക്ക് അവ നമ്മെ നിരന്തരം വിളിച്ചുകൊണ്ടേയിരിക്കും!
ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസ്

