പൗലോസ് ശ്ലീഹായുടെ ലേഖനത്തിന്റെ നഷ്ടപ്പെട്ട പേജുകള്‍ വീണ്ടെടുത്തു;തിരികെ ലഭിച്ചത് ആറാം നൂറ്റാണ്ടിലെ കയ്യെഴുത്ത്പ്രതി

pages of Pauls epistles recovered

ഗ്ലാസ്‌ഗോ/സ്‌കോട്ട്‌ലാന്‍ഡ്: വിശുദ്ധ പൗലോസ് ശ്ലീഹയുടെ ലേഖനത്തിന്റെ ആറാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട പകര്‍പ്പ് കയ്യെഴുത്ത്പ്രതിയില്‍ നിന്നുള്ള നഷ്ടപ്പെട്ട 42 പേജുകള്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വീണ്ടെടുത്ത് ഗവേഷകസംഘം. ഗ്ലാസ്‌ഗോ സര്‍വകലാശാലയിലെ പ്രഫസര്‍ ഗാരിക്ക് വി അലന്‍ നയിച്ച അന്താരാഷ്ട്ര ഗവേഷകസംഘമാണ് എന്നന്നേക്കുമായി നഷ്ടപ്പെട്ടെന്ന് കരുതിയ പേജുകളിലെ ‘അക്ഷരങ്ങള്‍’ വീണ്ടെടുത്തത്.

കോഡെക്‌സ് എച്ച് എന്ന പേരിലറിയപ്പെടുന്ന ഈ കയ്യെഴുത്ത്പ്രതി, വിശുദ്ധ പൗലോസിന്റെ ലേഖനങ്ങളുടെ ഒരു പ്രാചീന പകര്‍പ്പാണ്. 13-ാം നൂറ്റാണ്ടില്‍ ഗ്രീസിലെ എത്തോസ് മലമുകളില്‍ സ്ഥിതി ചെയ്യുന്ന ഗ്രേറ്റ് ലാവറാ സന്യാസ ആശ്രമത്തില്‍ വച്ചാണ് ഇതിന്റെ 42 പേജുകളോളം നഷ്ടമായത്. ഈ കയ്യെഴുത്ത് പ്രതിയില്‍ ‘മിറര്‍ ഇഫക്ട്’ എന്ന പ്രതിഭാസം തിരിച്ചറിഞ്ഞതോടെയാണ് നഷ്ടപ്പെട്ട പേജുകളുടെ ഭാഗം വീണ്ടെടുക്കാനുള്ള സാധ്യത ഗവേഷണ സംഘത്തിന് ലഭിച്ചത്. പഴയ എഴുത്തിന് മുകളില്‍ പിന്നീട് ചേര്‍ത്ത മഷി, എതിര്‍ പേജുകളില്‍ അടയാളങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈ സൂക്ഷ്മമായ അടയാളങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയായ ‘മള്‍ട്ടിസ്‌പെക്ടറല്‍ ഇമേജിംഗ്’ ഉപയോഗിച്ച് വിശകലനം ചെയ്തതിലൂടെയാണ് ഇന്ന് ഭൗതികമായി ഇല്ലാത്ത പേജുകളിലെ പോലും അക്ഷരങ്ങള്‍ വേര്‍തിരിച്ചെടുക്കുവാന്‍ സാധിച്ചത്.

പുനരുദ്ധരിച്ച ഭാഗങ്ങള്‍, നേരത്തെ ലഭ്യമായ പൗലോസിന്റെ ലേഖനങ്ങളായിരുന്നുവെങ്കിലും, പൗലോസിന്റെ ലേഖനങ്ങളുടെ ഏറ്റവും പഴയതായി കണക്കാക്കപ്പെടുന്ന അധ്യായ പട്ടികകള്‍ കോഡെക്‌സ് എച്ചിന്റേതാണെന്ന് കരുതപ്പെടുന്നു. ഇത് ഇന്നത്തെ അധ്യായ വിഭജനങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്നതും ശ്രദ്ധേയമാണ്. കൂടാതെ, ആറാം നൂറ്റാണ്ടിലെ എഴുത്തുകാര്‍ എങ്ങനെ തിരുത്തലുകളും കുറിപ്പുകളും ചേര്‍ത്തിരുന്നു എന്നതിനെക്കുറിച്ചും, ഈ കണ്ടെത്തല്‍ വെളിച്ചം വീശുന്നു.

പാരീസില്‍ നടത്തിയ റേഡിയോകാര്‍ബണ്‍ പരിശോധനകളിലൂടെ ഈ കയ്യെഴുത്ത്പ്രതി ആറാം നൂറ്റാണ്ടില്‍ നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഗ്രേറ്റ് ലാവ്‌റാ സന്യാസ ആശ്രമത്തോടൊപ്പം ടെംപിള്‍റ്റണ്‍ റിലീജിയന്‍ ട്രസ്റ്റും ഹ്യുമാനിറ്റീസ് റിസേര്‍ച്ച് കൗണ്‍സില്‍ ഓഫ് യുകെയും ചേര്‍ന്നാണ് ഈ പദ്ധതിക്ക് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കിയത്.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.