സഭൈക്യത്തിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി മെത്രാന്മാര്‍; ക്രൈസ്തവ സഭകളുടെ ദേശീയ ഫെഡറേഷന്‍ നിലവില്‍ വന്നു

National federation of Christian Churches formed Church unity bishops

ബംഗളൂരു: ക്രൈസ്തവ സഭകള്‍ നേരിടുന്ന വെല്ലുവിളികളെ നേരിടാനും സഭകള്‍ക്കിടയില്‍ കൂടുതല്‍ ഐക്യം ഉറപ്പാക്കാനും ലക്ഷ്യമിട്ട് നാഷണല്‍ ഫെഡറേഷന്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ (എന്‍എഫ്‌സിഐ) രൂപീകരിച്ചു. ഇന്നലെ (മെയ് 8) ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടന്ന ബിഷപ്പുമാരുടെ  നാലാമത് ദേശീയ എക്യുമെനിക്കല്‍ സംഗമത്തിലാണ് പുതിയ സംഘടനയുടെ പ്രഖ്യാപനം നടന്നത്.

വിവിധ സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍, സഭാംഗങ്ങള്‍ക്കും വൈദികര്‍ക്കും നേരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍, എഫ്‌സിആര്‍എ ഭേദഗതിയിലൂടെ സഭാ സ്വത്തുക്കള്‍ ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയ  സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ഇത്തരമൊരു സംയുക്ത വേദിക്ക് രൂപം നല്‍കിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി നടന്ന ചര്‍ച്ചകള്‍ക്കും മാര്‍ഗരേഖകള്‍ക്കും ഒടുവിലാണ് എന്‍എഫ്‌സിഐ ഔദ്യോഗികമായി നിലവില്‍വന്നത്.

സമ്മേളനത്തില്‍ ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ള 45 ഓളം പ്രതിനിധികളും ബിഷപ്പുമാരും പങ്കെടുത്തു. സിബിസിഐ പ്രസിഡന്റ് ആന്റണി പൂള, ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്,  ആര്‍ച്ചുബിഷപ് ജോസഫ് ഡിസൂസ (ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ച് & ഓള്‍ ഇന്ത്യ ക്രിസ്ത്യന്‍ കൗണ്‍സില്‍) എന്നിവര്‍ പ്രസംഗിച്ചു. കൗണ്‍സില്‍ ഓഫ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചസ് ഇന്‍ ഇന്ത്യ ജനറല്‍ സെക്രട്ടറി ബിഷപ് അഖിലേഷ് എഡ്ഗര്‍, ബിഷപ് വിന്‍സെന്റ് വിനോദ് കുമാര്‍ (സിഎസ്‌ഐ കര്‍ണാടക സെന്‍ട്രല്‍ രൂപത) എന്നിവര്‍ പ്രാര്‍ത്ഥനകള്‍ നയിച്ചു.

ഹൈദരാബാദ് ആര്‍ച്ചുബിഷപ്പും സിബിസിഐ പ്രസിഡന്റുമായ കര്‍ദിനാള്‍ പൂളയെ സംഘടനയുടെ ചെയര്‍മാനായി തിരഞ്ഞെടുത്തു. ആര്‍ച്ചുബിഷപ് ജോസഫ് ഡിസൂസ, ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് വിന്‍സെന്റ് വിനോദ് കുമാര്‍ എന്നിവരാണ് കണ്‍വീനര്‍മാര്‍.

ഓരോ സഭാ വിഭാഗങ്ങളുടെയും തനിമയും പാരമ്പര്യവും നിലനിര്‍ത്തിക്കൊണ്ട് പൊതുവായ വിഷയങ്ങളില്‍ ക്രൈസ്തവ സമൂഹത്തിന്റെ ഏകീകൃതമായ ശബ്ദമായി ഒന്നിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായാണ് എന്‍എഫ്‌സിഐയുടെ രൂപീകരണത്തെ വിലയിരുത്തുന്നത്.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.