ക്രൈസ്തവരെ അരക്ഷിതരാക്കുന്ന നടപടികളില്‍ ആശങ്ക: ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

Archbishop Andrews Thazhath concern Christian safety measures

തൃശൂര്‍: വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി (എഫ്സിആര്‍എ) ഭരണഘടനയ്ക്കും മതേതരത്വത്തിനും പൗരാവകാശങ്ങള്‍ക്കും എതിരാണെന്ന് തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശൂരില്‍ എഫ്സിആര്‍എ ഭേദഗതിക്കെതിരെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഏതാനും നാളുകളായി കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടായ ചില നടപടികള്‍ ക്രൈസ്തവരെയും മറ്റു ന്യൂനപക്ഷങ്ങളെയും, നിരവധി സന്നദ്ധ സംഘടനകളെയും ആശങ്കയിലാക്കിയിട്ടുണ്ട്. ക്രൈസ്തവരുടെ വിശുദ്ധ ദിനങ്ങളില്‍ പരീക്ഷകള്‍ നടത്തുന്നതും, ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് അനുബന്ധ ജോലികള്‍ നിര്‍ബന്ധമാക്കിയതും, ഭരണഘടനാ വിരുദ്ധമായി എഫ്‌സിആര്‍എ ഭേദഗതി ബില്ലിന്റെ മറവില്‍ സ്ഥാപനങ്ങളും സ്വത്തുക്കളും പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതും ന്യൂനപക്ഷ സമൂഹങ്ങളെ ആശങ്കയിലാഴ്ത്തുന്നതായി ആര്‍ച്ചുബിഷപ് പറഞ്ഞു.

ക്രൈസ്തവരുടെ വിശുദ്ധ ദിനങ്ങളായ പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ എന്നീ ദിവസങ്ങളില്‍ പരീക്ഷകള്‍ നടത്തുന്നതും , തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ പരിശീലനവും, ഹോംവോട്ടിങ്ങും, വോട്ടിംഗ് മെഷീന്‍ കമ്മീഷനിങ്ങും നടത്തുന്നത് ക്രൈസ്തവസമൂഹത്തോടുള്ള അവഹേളനവും വെല്ലുവിളിയായിട്ടാണ് സഭ കാണുന്നതെന്ന് മാര്‍ താഴത്ത് വ്യക്തമാക്കി.

ഒരു മതവിഭാഗത്തിന്റെ വിശേഷദിവസം പൊതുഒഴിവായി പ്രഖ്യാപിക്കുന്നത്, ആ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒത്തുചേരുവാനും  മതാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും അവസരം ഒരുക്കുന്നതിനു വേണ്ടിയാണ്. പൊതുസമൂഹം ഇപ്രകാരമുള്ള ആചാര – അനുഷ്ഠാനങ്ങളോട് ബഹുമാനവും ആദരവും പ്രകടിപ്പിക്കുന്നതിന്റെ കൂടി സൂചനയാണിത്. എന്നാല്‍ അന്നു തന്നെ പരീക്ഷ നടത്തുമെന്ന അധികാരികളുടെ പ്രഖ്യാപനം മേല്‍പ്പറഞ്ഞ പൊതുനയത്തിന് എതിരാണ്. അന്നേ ദിവസം പരീക്ഷ എഴുതാത്തവര്‍ക്ക് മറ്റൊരു ദിവസം പരീക്ഷ നടത്തുമെന്ന പ്രഖ്യാപനമല്ലാതെ, ആയതിന്റെ തിയതിയോ സമയക്രമമോ ഇതുവരെയും അറിയിച്ചിട്ടില്ലാത്തത് വിദ്യാര്‍ത്ഥികളെയും  രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തുന്നു. അതുകൊണ്ടുതന്നെ ഈസ്റ്റര്‍ ദിനത്തില്‍ തന്നെ പരീക്ഷ എഴുതാന്‍ അവര്‍ നിര്‍ബന്ധിതരാകേണ്ടി വരുന്ന സാഹചര്യവുമുണ്ട്. ഇത് ഏറെ പ്രതിഷേധാര്‍ഹമാണെന്ന് മാര്‍ താഴത്ത് ചൂണ്ടിക്കാണിച്ചു.

ഈ വിശേഷദിനങ്ങളില്‍ തന്നെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥന്മാരുടെ രണ്ടാംഘട്ട പരിശീലനം, വോട്ടിംഗ് മെഷീന്‍ കമ്മീഷനിങ് , ഹോം വോട്ടിംഗ് എന്നിവ നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനവും ന്യായീകരിക്കാനാവില്ല. ലോകം മുഴുവന്‍ ആചരിക്കപ്പെടുന്ന ക്രൈസ്തവ വിശേഷദിനങ്ങളായിരുന്നിട്ട് പോലും ഇപ്രകാരമുള്ള ദിവസങ്ങള്‍ തന്നെ  ഇത്തരം കാര്യങ്ങള്‍ക്കായി മാറ്റിവെച്ചത് ദുരുദ്ദേശപരവും, ക്രൈസ്തവ സമൂഹത്തോടുള്ള അവഹേളനവുമായി ക്രൈസ്തവര്‍ വിലയിരുത്തുന്നു.  ഇക്കാര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍, ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് മാര്‍ താഴത്ത് ആവശ്യപ്പെട്ടു.

ലോകത്തെ ഓരോ രാജ്യത്തെയും സാമൂഹ്യ ക്ഷേമ – കാരുണ്യ പ്രവര്‍ത്തനങ്ങളെയും, ആരോഗ്യ വിദ്യാഭ്യാസ മേഖലകളെയും ഇതര രാജ്യങ്ങളില്‍ നിന്ന് സാമ്പത്തികമായി സഹായിക്കുന്നത് ഏറെക്കാലമായുള്ള ഒരു ലോകക്രമമാണ്. സ്വഭാവികമായും ഈ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ക്രൈസ്തവ സഭാ സ്ഥാപനങ്ങള്‍ക്ക് ഇപ്രകാരമുള്ള സാമ്പത്തിക സഹായം ലഭ്യമാണ്. ഇത്തരത്തിലുള്ള സാമ്പത്തിക സഹായം സ്വീകരിക്കുന്നതും ഉപയോഗിക്കുന്നതും രാജ്യത്ത് നിലവിലുള്ള എഫ്‌സിആര്‍എ  നിബന്ധനകള്‍ക്ക് അനുസരിച്ച് തന്നെയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റിന്റെ കടുത്ത നിയന്ത്രണങ്ങളും ഉണ്ട്. പാര്‍ലമെന്റില്‍ കഴിഞ്ഞദിവസം അവതരിപ്പിക്കപ്പെട്ട എഫ്‌സിആര്‍എ ഭേദഗതി പ്രകാരം ലൈസന്‍സ് റദ്ദാക്കപ്പെടുകയോ പുതുക്കാന്‍ സാധിക്കാതിരിക്കുകയോ ചെയ്താല്‍, അത്തരം സ്ഥാപനങ്ങളും സ്വത്തുവകകളും ഗവണ്‍മെന്റിലേക്ക് ഏറ്റെടുക്കുമെന്ന് വ്യവസ്ഥ ചെയ്യപ്പെടുന്നു. ഇത് ഏറെ വേദനയും ഉത്കണ്ഠയും ഉളവാക്കുന്നു എന്ന് മാത്രമല്ല ഇത്തരം സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പ് ദുഷ്‌കരമാക്കുകയും ചെയ്യുന്നു. മതപരിവര്‍ത്തന നിരോധന നിയമം  ദുരുപയോഗം ചെയ്ത്, ക്രൈസ്തവ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് പോലെതന്നെ ഈ ഭേദഗതിയും ദുരുപയോഗം ചെയ്യപ്പെടുമെന്ന് ക്രൈസ്തവ സമൂഹം ഭയപ്പെടുന്നു. ഈ ഭേദഗതി കൊണ്ട് ഇപ്രകാരമുള്ള സ്ഥാപനങ്ങള്‍ പൊതു സമൂഹത്തിന് നല്‍കിവരുന്ന സേവന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടും എന്നത് നാം തിരിച്ചറിയണമെന്ന് മാര്‍ താഴത്ത് വ്യക്തമാക്കി.

സമാനമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മനുഷ്യാവകാശ – സ്ത്രീ സുരക്ഷ – സാമൂഹിക സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെയും നിര്‍ദിഷ്ട എഫ്‌സിആര്‍എ  ഭേദഗതികള്‍ പ്രതികൂലമായി ബാധിക്കുന്നു എന്നതും ഏറെ പ്രസക്തമാണ്. പൊതുസമൂഹത്തിന്റെ, പ്രത്യേകിച്ച് ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ ഭരണഘടനാപരമായ സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമായി മാത്രമേ കേന്ദ്രസര്‍ക്കാരിന്റെ ഈ നിയമഭേദഗതിയെ കാണാനാകൂ. അതുകൊണ്ടുതന്നെ ഈ നിയമ ഭേദഗതിക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കാന്‍ സഭാസമൂഹം നിര്‍ബന്ധിതരാകുമെന്ന് ആര്‍ താഴത്ത് പറഞ്ഞു.

Related Articles
FCRA amendment anti democratic Mar Tharayil statement

എഫ്‌സിആര്‍എ നിയമഭേദഗതി ജനാധിപത്യ വിരുദ്ധം: മാര്‍ തറയില്‍

ചങ്ങനാശേരി: വിദേശഫണ്ട് സ്വീകരിക്കല്‍ നിയമ (എഫ്സിആര്‍എ) ഭേദഗതി ബില്‍ ജനാധിപത്യ വിരുദ്ധമെന്ന് കെസിബിസി സെക്രട്ടറി ജനറലും ചങ്ങനാശേരി ആര്‍ച്ചുബിഷപ്പുമായ മാര്‍ തോമസ് തറയില്‍. ബില്ലിലെ വ്യവസ്ഥകളില്‍ ന്യൂനപ ക്ഷങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More »
Vatican role in AI ethics

എഐയുടെ ധാർമികതഉറപ്പാക്കുന്നതിൽ വത്തിക്കാന്റെപങ്ക് നിർണായകം

വത്തിക്കാന്‍ സിറ്റി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ലോകത്തിന് നല്‍കുന്ന സാധ്യതകളെയും അത് ഉയര്‍ത്തുന്ന ഗൗരവകരമായ വെല്ലുവിളികളെയും കുറിച്ച് വത്തിക്കാനില്‍ സെമിനാര്‍ സംഘടിപ്പിച്ചു. വത്തിക്കാന്‍ സാമ്പത്തിക കാര്യാലയവും ലേബര്‍ ഓഫീസും  സംയുക്തമായാണ് ‘എഐ സാധ്യതകളും വെല്ലുവിളികളും’

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.