ഗോശ്രീ പാലത്തെ എതിര്‍ത്തവര്‍ തുരങ്കപാതക്ക് തുരങ്കംവയ്ക്കുന്നതില്‍ എന്താണ് അത്ഭുതം?

Kozhikode Wayanad tunnel road project

പ്രകൃതി സംരക്ഷകരുടെ വേഷം കെട്ടിയിരിക്കുന്ന ചിലരെക്കൊണ്ട് മലയാളികള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. മലയോരമേഖലയില്‍ വന്യമൃഗങ്ങപ്പോലെതന്നെ അപകടകാരികളാണ് ഇത്തരം പ്രകൃതി സ്‌നേഹികളും. എവിടെ എന്തു വികസന പ്രവര്‍ത്തനങ്ങള്‍ നടന്നാലും അതിനെ തടയാന്‍ അവിടെ ചാടിവീഴും. മലയോര കര്‍ഷകര്‍ക്കു പട്ടയം നല്‍കുന്നതിനു മാത്രമല്ല, റോഡിന് വീതി കൂട്ടുന്നതിനെതിരെ കോടതിയെ സമീപിക്കാനും ഇവര്‍ മുന്നിലുണ്ട്. എല്ലാ പ്രശ്‌നങ്ങളും നിയമക്കുരുക്കിലേക്കും കോടതി വ്യവഹാരങ്ങളിലേക്കും എത്തിക്കാന്‍ പ്രത്യേക വൈദഗ്ധ്യമുണ്ട്. ഇവരില്‍ എത്ര പേര്‍ സ്വന്തമായി ഒരു മരതൈ എങ്കിലും നട്ടിട്ടുണ്ടെന്ന് ചോദിക്കരുതെന്നു മാത്രം. 

ഹൈക്കോടതി തള്ളിയ കേസ്

വയനാടു തുരങ്കപാതക്ക് പാരയുമായി ഇറങ്ങിയിരിക്കുകയാണ് പ്രകൃതിസ്‌നേഹികള്‍. പദ്ധതിക്കെതിരെ കേരള ഹൈക്കോടതിയില്‍ കേസ് നല്‍കിയെങ്കിലും വാദങ്ങളില്‍ അടിസ്ഥാനമില്ലെന്നു കണ്ടെത്തി കോടതി കേസ് തള്ളിയിരുന്നു. അതിനെതിരെയാണ് ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണം എന്നതാണ് ആവശ്യം. ഫെബ്രുവരിയില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് രണ്ടാംഘട്ട അനുമതി നല്‍കിയിരുന്നു. ഇതോടെ നിര്‍മ്മാണത്തിനുള്ള തടസങ്ങള്‍ മാറിയെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് പുതിയ നീക്കം.

വയനാട് ചുരത്തിലൂടെ ഒരുപ്രാവശ്യമെങ്കിലും യാത്ര ചെയ്തിട്ടുള്ളവര്‍ ബദല്‍പാത ആഗ്രഹിക്കുമെന്നത് തീര്‍ച്ചയാണ്. അത്രയും വലിയ ഗതാഗതകുരുക്കും അപകടസാധ്യതയുമാണ് എപ്പോഴും. ചരക്ക് ഗതാഗതം സുഗമമാക്കുമെന്നു മാത്രമല്ല, മലയാളികള്‍ ഏറെ ആശ്രയിക്കുന്ന ബംഗളൂരു നഗരവുമായുള്ള അകലവും കുറയും. 8.73 കിലോമീറ്റര്‍ തുരങ്കപാത ടൂറിസത്തിന്റെ അനന്ത സാധ്യതകളാണ് തുറക്കുന്നത്. കാര്‍ഷിക മേഖലയുടെ തളര്‍ച്ചയെ മറികടക്കാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ.

മാറ്റം പേരുകളില്‍മാത്രം

ഇടുക്കി ജില്ലയിലെ സാധാരണ കൃഷിക്കാര്‍ക്ക് പട്ടയം നല്‍കുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിവരെ പോയവരാണ് ഈ പ്രകൃതിസ്‌നേഹികള്‍. സംഘടനകളുടെ പേരുകളില്‍ മാറ്റങ്ങള്‍ ഉണ്ടെങ്കിലും പ്രവൃത്തികളില്‍ വ്യത്യാസമില്ല. പട്ടയം നല്‍കാനായിരുന്നു കോടതിയുടെ ഉത്തരവ്. അതിനുശേഷവും പൂര്‍ത്തിയാകാതിരുന്ന പട്ടയനടപടികള്‍ പിന്നീട് തടസപ്പെട്ടത് ചില സാങ്കേതികത്വം ചൂണ്ടിക്കാട്ടി ഇവര്‍ നല്‍കിയ ഇപ്പോഴും തുടരുന്ന കേസുകളാണ്. 

പശ്ചിമഘട്ടത്തെ വനമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിനു സഹായകരമായ നിലപാടുകളാണ് പ്രകൃതി സ്‌നേഹികള്‍ എന്ന് അവകാശപ്പെടുന്നവര്‍ സ്ഥിരമായി സ്വീകരിക്കുന്നതും. യഥാര്‍ത്ഥ പ്രകൃതി സ്‌നേഹികള്‍ കര്‍ഷകരാണ്. അവര്‍ കൃഷി ഭൂമിയില്‍ പരിപാലിച്ചുവളര്‍ത്തുന്ന മരങ്ങളുടെ എണ്ണം മാത്രം നോക്കിയാല്‍ മതി.

വൈപ്പിന്‍  മദ്യദുരന്തം 

 ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലും പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ കണ്ടെയ്‌നര്‍ ടെര്‍മിനലുമായ കൊച്ചി ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ് മെന്റ് ടെര്‍മിനലിലേക്കുള്ള (വല്ലാര്‍പാടം ടെര്‍മിനല്‍) പ്രവേശന കവാടങ്ങളാണ് ഗോശ്രീ പാലങ്ങള്‍. വല്ലാര്‍പാടം ടെര്‍മിനലില്‍ എത്തുന്ന ചരക്കുകള്‍ കൊച്ചി നഗരത്തിലേക്കും മറ്റ് ഭാഗങ്ങളിലേക്കും എത്തിക്കുന്നത് ഈ പാലങ്ങളിലൂടെയാണ്. എറണാ കുളം നഗരത്തെ വല്ലാര്‍പാടം, ബോള്‍ഗാട്ടി, വൈപ്പിന്‍ തുടങ്ങിയ ദ്വീപുകളുമായി ബന്ധിപ്പിക്കുന്നത് ഗോശ്രീ പാലങ്ങളാണ്. ഈ പാലങ്ങളുടെ നിര്‍മ്മാണ ത്തോടെയാണ് വല്ലാര്‍പാടം ഉള്‍പ്പെടെയുള്ള ദ്വീപുകളില്‍ അടിസ്ഥാന സൗകര്യ വികസനം നടന്നതും ടൂറിസത്തിന്റെ സാധ്യതകള്‍ തെളിഞ്ഞതും. 

കേരളത്തെ നടുക്കിയ ഏറ്റവും വലിയ വിഷമദ്യ ദുരന്തമായിരുന്നു 1982-ല്‍ നടന്ന വൈപ്പിനില്‍ നടന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 77 ആളുകള്‍ മരിച്ചു. 63 പേര്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടു. നൂറിലധികം ആളുകളുടെ ശരീരം തളര്‍ന്നു. എറണാകുളവുമായി 10 കിലോമീറ്റര്‍ താഴെ ദൂരമുള്ള വൈപ്പിനില്‍നിന്ന് നഗരത്തിലെ ആശുപത്രികളിലേക്ക് ആളുകളെ എത്തിക്കാന്‍ വൈകിയതുമൂലമാണ് മരണനിരക്ക് ഉയര്‍ന്നത്. അന്ന് ഗോശ്രീ പാലങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വള്ളങ്ങളിലും ബോട്ടുകളിലുമാണ് ആളുകളെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പാലങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചത്. 2004-ലാണ് ഗോശ്രീ പാലം ഉദ്ഘാടനം ചെയ്തത്.

ഗോശ്രീ പാലത്തിനും പാര

ഗോശ്രീ പാലങ്ങളുടെ നിര്‍മ്മാണത്തിനെതിരെ പ്രകൃതിസ്‌നേഹികള്‍ രംഗത്തുവന്നിരുന്നു. അന്നവര്‍ ഉന്നയിച്ച പ്രധാന ആരോപണം കായലില്‍ കൂറ്റന്‍ കോണ്‍ക്രീറ്റ് തൂണുകള്‍ ഇറക്കുമ്പോള്‍ പുഴയുടെ പാതിവൃത്യം നഷ്ടപ്പെടുമെന്നായിരുന്നു. സോഷ്യല്‍ മീഡിയയുടെ കാലമായിരുന്നെങ്കില്‍ ട്രോളികൊന്നേനെ. 

വികസനപ്രവര്‍ത്തനങ്ങളില്‍ പരിസ്ഥിതി പരിഗണിക്കപ്പെടേണ്ട വിഷയംതന്നെയാണ്. എന്നാല്‍, എന്തിനെയും അന്തമായി എതിര്‍ക്കുന്ന രീതി ഒട്ടുംനന്നല്ല. റോഡും പാലങ്ങളും മറ്റ് അടിസ്ഥാന വികസനങ്ങളുമൊക്കെ മനുഷ്യന് അത്യാവശ്യമാണ്. നാടിന്റെ മുഖഛായ മാറ്റാന്‍ കരുത്തുള്ള പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് ദയവായി പിന്മാറണം.

ജോസഫ് മൈക്കിള്‍

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.