
കൊച്ചി: കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങള്‍ക്ക് ചരിത്രപരമായ നേതൃത്വം വഹിച്ച സംഘടനയാണ് കെഎല്‍സിഎ എന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ (കെഎല്‍സിഎ) 55-ാമത് സ്ഥാപക ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലത്തീന്‍ സമുദായത്തിന്റെ മുന്നേറ്റത്തിന് കെഎല്‍സിഎയുടെ പങ്ക് അതുല്യമാണെന്ന് ബിഷപ് വാലുങ്കല്‍ കൂട്ടിച്ചേര്‍ത്തു.
വരാപ്പുഴ അതിരൂപതയിലെ മരട് മൂത്തേടം സെന്റ് മേരി മാഗ്ദലിന്‍ ദേവാലയത്തില്‍ നടന്ന സമ്മേളനത്തിന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ചു. വികാരി ഫാ. ഷൈജു തോപ്പില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, അതിരൂപത ജനറല്‍ സെക്രട്ടറി റോയ് പാളയത്തില്‍, മരട് നഗരസഭ കൗണ്‍സിലര്‍ സുനീല സിബി തുടങ്ങിയവര്‍ പ്രസംഗിച്ചു.
കേരളത്തിലെ വിവിധ ദേവാലയങ്ങളില്‍ കെഎല്‍ സിഎയുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തലും പൊതുയോഗങ്ങളും സംഘടിപ്പിച്ചിരുന്നു.
1972 മാര്‍ച്ച് 26നാണ് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ രൂപീകരിച്ചത്. ലത്തീന്‍ കത്തോലിക്ക സമുദായത്തിന്റെ അവകാശ ങ്ങള്‍ക്കായി നിരവധി സമരങ്ങളും പ്രചാരണ പരിപാടികളും കെഎല്‍സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയ രൂപീകരണ സമിതിയായ കെആര്‍എല്‍സിസിയുടെ പൊതു അല്മായ സംഘടനയാണ് കെഎല്‍സിഎ.

