
തിരുവനന്തപുരം: ലാളിത്യം കൊണ്ടും കർമ്മധീരത കൊണ്ടും വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയും ഹൃദയം കവർന്ന തിരുവനന്തപുരം ലത്തീൻ അതിരൂപത മുൻ ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം എൺപതാം ജന്മദിനത്തിന്റെ നിറവിൽ. മൂന്ന് പതിറ്റാണ്ടിലേറെ അതിരൂപതയെ കരുത്തോടെ നയിച്ച അദ്ദേഹം, വിശ്രമജീവിതത്തിനിടയിലും സഭയുടെയും സമൂഹത്തിന്റെയും ആത്മീയ വഴികാട്ടിയായി കർമനിരതനാണ്.
മംഗലപുരം കാരമൂട് സെന്റ് വിൻസന്റ്സ് മൈനർ സെമിനാരിയിൽ നടന്ന ലളിതമായ ചടങ്ങുകളോടെയായിരുന്നു എൺപതാം പിറന്നാൾ ആഘോഷങ്ങൾ. രാവിലെ നടന്ന സമ്മേളനത്തിൽ പുനലൂർ രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, സെമിനാരി റെക്ടർ റവ. ഡോ. ആൻഡ്രൂസ് കോസ്മോസ്, അതിരൂപതാ ചാൻസലർ, വൈദിക വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവാ എന്നിവർ വൈകുന്നേരം വെള്ളയമ്പലത്തെ പ്രീസ്റ്റ് ഹോമിലെത്തി ആശംസകൾ നേർന്നു.
1946 മാർച്ച് 11-ന് കന്യാകുമാരി ജില്ലയിലെ നീരോടിയിൽ ജനിച്ച ഡോ. സൂസപാക്യം 1970-ലാണ് പൗരോഹിത്യം സ്വീകരിച്ചത്. 1990-ൽ ബിഷപ്പായി നിയമിതനായ അദ്ദേഹം, 2004-ൽ തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായി ചുമതലയേറ്റു. കടലോരത്തെ സാധാരണക്കാരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹം ‘തീരദേശത്തിന്റെ ഇടയൻ’ എന്ന പേരിൽ ജനഹൃദയങ്ങളിൽ ഇടംനേടി.
കേരള കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ്, കേരള ലത്തീൻ മെത്രാൻ സമിതി അധ്യക്ഷൻ എന്നീ നിലകളിൽ കേരളത്തിലെ ക്രൈസ്തവ സഭകൾക്ക് അദ്ദേഹം ശക്തമായ നേതൃത്വം നൽകി. മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ മുൻനിര പോരാളിയായിരുന്ന അദ്ദേഹം, ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് എന്നും സ്വീകരിച്ചിട്ടുള്ളത്.
നിലവിൽ വെള്ളയമ്പലത്തെ പീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിക്കുന്ന അദ്ദേഹത്തിന് ആശംസകൾ നേരാൻ വിവിധ സഭാധികാരികളും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും എത്തിച്ചേർന്നു. ജന്മദിനത്തോടനുബന്ധിച്ച് അതിരൂപതയുടെ വിവിധ ഭാഗങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും സ്നേഹാദരങ്ങളും സംഘടിപ്പിച്ചു.