ക്രൈസ്തവ വിശ്വാസത്തില്‍ വെള്ളം ചേര്‍ക്കരുത്:മുന്നറിയിപ്പുമായി പാപ്പ

Dont dilute faith exhorts pope

വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ വിശ്വാസത്തെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ വിശ്വാസം നിഷ്‌കര്‍ഷിക്കുന്ന കാര്യങ്ങളിലോ അതിന്റെ ഉള്ളടക്കത്തിലോ വിട്ടുവീഴ്ച ചെയ്യരുതെന്ന മുന്നറിയിപ്പുമായി ലിയോ 14-ാമന്‍ പാപ്പ. സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്ട്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഉപവിഭാഗത്തിന്റെ വാര്‍ഷികസമ്മേളനത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. വിശ്വാസം മറ്റുള്ളവരിലേക്ക് പകരുന്നത് വിട്ടുവീഴ്ചകളിലൂടെയല്ല, മറിച്ച് ക്രിസ്തീയ ജീവിതത്തിന്റെ വിശ്വസനീയമായ സാക്ഷ്യത്തിലൂടെയാണെന്ന് പാപ്പ പറഞ്ഞു.

വത്തിക്കാനിലെ കണ്‍സിസ്റ്ററി ഹാളില്‍ നടന്ന സമ്മേളനത്തില്‍ പലര്‍ക്കും ഇന്ന് വിശ്വാസം തങ്ങളുടെ ജീവിതവുമായി ബന്ധമുള്ള ഒന്നായി അനുഭവപ്പെടുന്നില്ലെന്ന് പാപ്പ ചൂണ്ടിക്കാണിച്ചു. മനുഷ്യജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തലമായ ‘ ജീവിതത്തിന്റെ അര്‍ത്ഥത്തിനായുള്ള തിരച്ചില്‍’ നഷ്ടപ്പെട്ടുപോകുന്നു എന്നതാണ് ഇതിന് പിന്നിലെ വലിയ അപകടം. ഒരു വശത്ത് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സാങ്കേതികതയുടെ സംസ്‌കാരം വളരുമ്പോഴും, മനുഷ്യന്റെ അസ്തിത്വവുമായി ബന്ധപ്പെട്ട പ്രധനപ്പെട്ട ചോദ്യങ്ങള്‍ ഇപ്പോഴും ഉത്തരമില്ലാതെ അവശേഷിക്കുകയാണെന്ന് പാപ്പ ഓര്‍മിപ്പിച്ചു.

ഇത്തരം സാഹചര്യങ്ങളിലും ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിലൂടെ മനുഷ്യജീവിതത്തിന് അര്‍ത്ഥം കണ്ടെത്താന്‍ കഴിയുമെന്നും സഭയുടെ സുവിശേഷീകരണ ദൗത്യം കൂടുതല്‍ അടിയന്തിരമായി തുടരണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

മാധ്യമ അതിപ്രസരവും ഉപഭോഗസംസ്‌കാരവും അരങ്ങുവാഴുന്ന ഇന്നത്തെ സമൂഹത്തില്‍, സത്യാന്വേഷണത്തിനായുള്ള ക്ഷമയും വിവേചനശക്തിയും കുറഞ്ഞുവരികയാണെന്ന് മാര്‍പാപ്പ നിരീക്ഷിച്ചു. ചിലയിടങ്ങളില്‍ തലമുറകളില്‍ നിന്ന് തലമുറകളിലേക്കുള്ള വിശ്വാസ കൈമാറ്റം പൂര്‍ണമായും നിലച്ചുപോയിരിക്കുന്നു. എങ്കിലും, യുവതലമുറ സുവിശേഷത്തിന് മുന്നില്‍ വാതിലുകള്‍ അടച്ചിട്ടില്ലെന്നുള്ളതില്‍ പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ ‘യുവജന ജൂബിലി’യില്‍ യുവാക്കള്‍ക്കിടയില്‍ പ്രകടമായ ആത്മീയ ദാഹം ഇതിന് തെളിവാണ്. സുവിശേഷത്തിലാണ് യഥാര്‍ത്ഥ സന്തോഷത്തിന്റെ രഹസ്യം ഒളിഞ്ഞിരിക്കുന്നതെന്ന് തിരിച്ചറിയുന്ന യുവജനങ്ങള്‍ അതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പാപ്പ പറഞ്ഞു.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.