
വാഷിംഗ്ടണ്‍ ഡിസി: ചൈനയില്‍ തടവിലായിരുന്ന പ്രമുഖ ക്രൈസ്തവ പാസ്റ്റര്‍ എസ്ര ജിന്‍ മിന്‍ഗ്രി മോചിതനായി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് രണ്ട് മാസത്തിന് ശേഷമാണ് ചൈനീസ് അധികൃതര്‍ പാസ്റ്ററിനെ മോചിപ്പിച്ചത്.
2025 ഒക്ടോബര്‍ 10-നാണ് ചൈനീസ് അധികൃതര്‍ പാസ്റ്റര്‍ ജിന്നിനെ അറസ്റ്റ് ചെയ്തത്. ചൈനയിലെ അധോതല സഭയായ ‘സീയോന്‍ ചര്‍ച്ചിന്റെ’ സ്ഥാപകനായ ജിന്‍ ഉള്‍പ്പെടെ മുപ്പതോളം പേരെയാണ് ഒന്‍പത് നഗരങ്ങളിലായി നടന്ന റെയ്ഡില്‍ അന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികൃതര്‍ അറസ്റ്റ് ചെയ്തത്. മാസങ്ങള്‍ നീണ്ട ജയില്‍വാസത്തിന് ശേഷം മോചിതനായ അദ്ദേഹം ജൂലൈ 3-ന് ലോസ് ആഞ്ചലസിലുള്ള തന്റെ കുടുംബത്തോടൊപ്പം ചേര്‍ന്നു.
കഴിഞ്ഞ മെയ് മാസത്തില്‍ ചൈന സന്ദര്‍ശിച്ചതിന് ശേഷം, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് പാസ്റ്ററുടെ മോചനകാര്യം വളരെ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. പാസ്റ്റര്‍ ജിന്നിന്റെ മോചനത്തില്‍ അദ്ദേഹത്തിന്റെ കുടുംബം ദൈവത്തിനും പ്രസിഡന്റ് ട്രംപിനും നന്ദി പ്രകടിപ്പിച്ചു. ഇതൊരു വലിയ അത്ഭുതമാണെന്നും, ചൈനയിലെ വിശ്വാസികള്‍ക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനും ഇതൊരു നല്ല തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കുടുംബം പ്രസ്താവനയില്‍ പറഞ്ഞു.
യുഎസ് ജനപ്രതിനിധികളായ ക്രിസ് സ്മിത്ത്, സെനറ്റര്‍ ജിം റിഷ്, മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് എന്നിവര്‍ പാസ്റ്റര്‍ ജിന്നിന്റെ മോചനത്തെ സ്വാഗതം ചെയ്യുകയും, പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്കായി നിലകൊണ്ട പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തെ അഭിനന്ദിക്കുകയും ചെയ്തു.

