
പാലാ: നൂറാം ജന്മദിനത്തില്‍ ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിന് ആശംസകളുമായി മെത്രാന്മാര്‍. പാലാ ബിഷപ്സ് ഹൗസില്‍ ചേര്‍ന്ന അനുമോദന സമ്മേളനം കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. മാര്‍ പള്ളിക്കാപ്പറമ്പിൽ ശരിയായ പാത കാണിച്ചു നല്‍കിയ ആത്മീയ നേതാവാണെന്നു കര്‍ദിനാള്‍ ഗ്രേഷ്യസ് പറഞ്ഞു.
സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിച്ചു. സഭക്ക് വഴികാട്ടിയ നക്ഷത്രമായിരുന്നു മാര്‍ പള്ളിക്കാപ്പറമ്പിലെന്ന് മാര്‍ തട്ടില്‍ പറഞ്ഞു.
മാര്‍ റാഫേല്‍ തട്ടിലും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ചേര്‍ന്ന് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിനെ പൊന്നാടയണിയിച്ച് ആദരിച്ചു. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സ്വാഗതം ആശംസിച്ചു.
ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍, ആര്‍ച്ചു ബിഷപ് തോമസ് മേനാംപറമ്പില്‍, മാര്‍ ഔഗിന്‍ കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
ജന്മദിനാഘോഷത്തിന്റെ ഭാഗമായി മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ കേക്ക് മുറിച്ചു. ദൈവത്തിന്റെ മഹാകാരുണ്യത്തിന് മാര്‍ പള്ളിക്കാപ്പറമ്പില്‍ മറുപടി പ്രസംഗത്തില്‍ നന്ദി പറഞ്ഞു.
വിവിധ രൂപതകളില്‍ നിന്നുള്ള ആര്‍ച്ചുബിഷപ്പുമാര്‍, ബിഷപ്പുമാര്‍, വൈദികര്‍, ജോസ് കെ. മാണി എംപി, ഫ്രാന്‍സിസ് ജോര്‍ജ് എംപി, മോന്‍സ് ജോസഫ് എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനു തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.