
വാഷിംഗ്ടണ്‍ ഡിസി: ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികള്‍ക്കിടയില്‍ തരംഗമായി മാറിയ ‘ദി ബൈബിള്‍ ഇന്‍ എ ഇയര്‍’ പോഡ്കാസ്റ്റിന് ശേഷം, കുട്ടികള്‍ക്കായി പ്രത്യേകം തയാറാക്കിയ ബൈബിള്‍ പഠന/വായനാ പതിപ്പുമായി പ്രശസ്ത കത്തോലിക്കാ പബ്ലിഷിംഗ് ഹൗസായ അസെന്‍ഷന്‍ പ്രസ്. ‘ദി ബൈബിള്‍ ഇന്‍ എ ഇയര്‍: ഫാമിലി എഡിഷന്’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ സംരംഭം 2027 ജനുവരി 1 മുതല്‍ പ്രേക്ഷകരിലേക്ക് എത്തും. ഒരു വര്‍ഷം കൊണ്ട് സമ്പൂര്‍ണ ബൈബിളിലൂടെ കടന്നുപോകുന്ന വിധത്തില്‍ 365 എപ്പിസോഡുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രശസ്ത കത്തോലിക്ക വൈദികനായ ഫാ. ജോഷ് ജോണ്‍സണാണ് കുട്ടികള്‍ക്കായുള്ള ഈ ബൈബിള്‍ യാത്രയെ നയിക്കുന്നത്. ഓഡിയോ പതിപ്പിനൊപ്പം ഇത്തവണ ഓരോ എപ്പിസോഡിന്റെയും വീഡിയോ ദൃശ്യങ്ങളും ലഭ്യമാക്കുമെന്നതാണ് പ്രധാന സവിശേഷത. 7 മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്കായി ഒരുക്കുന്ന ഈ ബൈബിള്‍ യാത്ര അവരുടെ കുടുംബാംഗങ്ങള്‍ക്കും ഉപയോഗപ്രദമാകുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
അക്ഷരങ്ങള്‍ സ്ക്രീനില്‍ തെളിയുന്നതിനൊപ്പം, ബൈബിള്‍ കഥാപാത്രങ്ങളെയും സംഭവങ്ങളെയും കുട്ടികളുടെ മനസില്‍ ഉറപ്പിക്കാന്‍ സഹായിക്കുന്ന ചിത്രങ്ങളും വീഡിയോയില്‍ ഉണ്ടാകും. കൂടാതെ എല്ലാ പ്രമുഖ പോഡ്കാസ്റ്റ് പ്ലാറ്റ്ഫോമുകളിലും വീഡിയോ ഇല്ലാതെ കേള്‍ക്കാവുന്ന ഓഡിയോ പതിപ്പും ലഭ്യമായിരിക്കും. ഓരോ എപ്പിസോഡിലും ബൈബിളിനെക്കുറിച്ച് കുട്ടികള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഫാ. ജോഷ് ലളിതമായി മറുപടി നല്‍കും.
പ്രശസ്ത പ്രഭാഷകന്‍ ജെഫ് കാവിന്സിന്റെ ‘ഗ്രേറ്റ് അഡ്വഞ്ചര്‍ ബൈബിള്‍ ടൈംലൈന്‍’ അടിസ്ഥാനമാക്കിയാണ് ഈ ബൈബിള്‍ സീരീസ് ഒരുക്കിയിരിക്കുന്നത്. ബൈബിളിലെ ഓരോ കഥയും എങ്ങനെയാണ് യേശുവിലേക്ക് വിരല്‍ ചൂണ്ടുന്നതെന്ന് മനസിലാക്കാന്‍ ഇത് കുട്ടികളെ സഹായിക്കും. ഈ പരമ്പരയിലെ 12 പ്രത്യേക എപ്പിസോഡുകളില്‍ ജെഫ് കാവിന്‍സ് തന്നെ ഒരു ‘ബൈബിള്‍ പര്യവേഷകനായി’ എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അസെന്‍ഷന്‍ പ്രസ് പുറത്തിറക്കുന്ന ‘ദി ഗ്രേറ്റ് അഡ്വഞ്ചര്‍ കാത്തലിക് ബൈബിള്‍ ഫോര്‍ ബിഗിനേഴ്സ്’ എന്ന പുതിയ ബൈബിള്‍ പരമ്പരയില്‍ നിന്നാണ് അനുദിന വായനക്കുള്ള ബൈബിള്‍ ഭാഗം തിരഞ്ഞെടുക്കുന്നത്.
2021-ല്‍ ഫാ. മൈക്ക് ഷ്മിറ്റ്സ് നയിച്ച ‘ബൈബിള്‍ ഇന്‍ എ ഇയര്‍’ പോഡ്കാസ്റ്റ് 100 കോടിയിലധികം (1 ബില്യണ്‍ ) തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. കുട്ടികളെ ചെറുപ്പത്തില്‍ തന്നെ ദൈവത്തിലേക്ക് കൈപിടിച്ച് നടത്താന്‍ ‘ബൈബിള്‍ ഇന്‍ എ ഇയര്‍’ പോഡ്കാസ്റ്റിന്റെ ഈ ഫാമിലി എഡിഷന്, മികച്ചൊരു ഉപാധിയായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
