
തലശേരി: വത്തിക്കാന്‍ അംഗീകരിച്ച ഭാരതത്തിലെ പ്രഥമ ദിവ്യകാരുണ്യ അത്ഭുതമായ വിളക്കന്നൂര്‍ ക്രിസ്തുരാജ ദൈവാലയത്തിലെ തിരുവോസ്തിയില്‍ ഈശോയുടെ തിരുമുഖം തെളിഞ്ഞതിന് സാക്ഷിയായ ഫാ. തോമസ് പതിക്കല്‍(73) അന്തരിച്ചു. കണ്ണൂര്‍, കരുവന്‍ച്ചാല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിക്കുമ്പോഴാണ് അന്ത്യം സംഭവിച്ചത്.
2013 നവംബര്‍ 15-ന് തലശേരി അതിരൂപതയിലെ വിളക്കന്നൂര്‍ ക്രിസ്തുരാജ ദൈവാലയത്തില്‍ ഫാ. തോമസ് പതിക്കല്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേയാണ് അത്ഭുതമുണ്ടായത്. വിശുദ്ധ കുര്‍ബാനയ്ക്കിടെ തിരുവോസ്തിയില്‍ ഈശോയുടെ തിരുമുഖത്തിന്റെ ഛായ പ്രത്യക്ഷപ്പെടുകയായിരുന്നു.
അന്ന് രാവിലത്തെ വിശുദ്ധ കുര്‍ബാനയുടെ റൂഹാക്ഷണ പ്രാര്‍ത്ഥനയുടെ സമയത്ത് തിരുവോസ്തിയില്‍ ഈശോയുടെ തിരുമുഖത്തിന്റെ ഛായ തെളിഞ്ഞുവരുന്നത് ഫാ. തോമസ് പതിക്കലിന്റെ ശ്രദ്ധയില്‍പ്പെടുകയും അദ്ദേഹം ആ തിരുവോസ്തി മാറ്റിവെച്ച ശേഷം മറ്റൊരു തിരുവോസ്തിയെടുത്ത് ദിവ്യബലി പൂര്‍ത്തിയാക്കുകയുമായിരുന്നു.
വിശുദ്ധ കുര്‍ബാനക്ക് ശേഷം ഈശോയുടെ തിരുമുഖം തെളിഞ്ഞ തിരുവോസ്തി ജനങ്ങളെ കാണിക്കുകയും അരുളിക്കയില് എഴുന്നള്ളിച്ചുവച്ച് പരസ്യ ആരാധന നടത്തുകയും ചെയ്തു. ദിവ്യകാരുണ്യ അത്ഭുതം കാണാന്‍ വിശ്വാസിസമൂഹം അവിടേക്ക് ഒഴുകിയെത്തി. പിന്നീട് തിരുവോസ്തി തലശേരി ആര്‍ച്ചുബിഷപ് ഹൗസിലേക്ക് മാറ്റി.
2014 ല്‍ റോമിലെ വിശ്വാസ തിരുസംഘത്തിന്റെ നിര്‍ദേശമനുസരിച്ച് വിദഗ്ധ പഠനത്തിനായി തിരുവോസ്തി വത്തിക്കാന്‍ സ്ഥാനപതിവഴി റോമിലേക്ക് കൊണ്ടുപോയി. 2025 മെയ് 31നാണ് വിളക്കന്നൂര്‍ ദൈവാലയത്തില്‍ ഇന്ത്യയിലെ അന്നത്തെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് ഡോ. ലെയോപോള്‍ദോ ജിറെല്ലി പരിശുദ്ധ കുര്‍ബാന പ്രതിഷ്ഠിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.