‘സ്‌പോട്ടിഫൈ’ക്ക് പകരം ‘ഫിയോ’;ആഗോള ശ്രദ്ധ നേടി കത്തോലിക്ക ഓഡിയോ സ്ട്രീമിംഗ് പ്ലാറ്റ് ഫോം

Fio instead of Spotify

വാഷിംഗ്ടണ്‍ ഡി.സി: ഡിജിറ്റല്‍ ലോകത്തെ വഴിതെറ്റിക്കുന്ന പരസ്യങ്ങള്‍ക്കും കാഴ്ചകള്‍ക്കും നടുവില്‍, വിശ്വാസികള്‍ക്കായി ഒരു ആത്മീയ ബദലൊരുക്കി ‘ഫിയോ’ എന്ന കത്തോലിക്കാ ഓഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോം. ‘കത്തോലിക്കാ വിശ്വാസികളുടെ സ്‌പോട്ടിഫൈ’ എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ഈ ആപ്പ്, നിലവില്‍ നൂറിലധികം രാജ്യങ്ങളിലായി പടര്‍ന്നുപന്തലിച്ചു കഴിഞ്ഞു. കത്തോലിക്കാ പോഡ്കാസ്റ്റുകള്‍, ഓഡിയോ പുസ്തകങ്ങള്‍, ഭക്തിഗാനങ്ങള്‍ എന്നിവയടക്കം ഒരു ലക്ഷത്തിലധികം മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഉള്ളടക്കമാണ് ഈ പ്ലാറ്റ്ഫോമില്‍ ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളത്.

സെക്കുലര്‍ പ്ലാറ്റ്ഫോമുകളില്‍ കത്തോലിക്കാ കലാകാരന്മാര്‍ക്ക് അര്‍ഹമായ പ്രതിഫലമോ പരിഗണനയോ ലഭിക്കുന്നില്ലെന്ന തിരിച്ചറിവിലാണ് സംഗീതജ്ഞനായ വില്‍ ഹിക്ക്‌ലും സുഹൃത്ത് പീറ്റര്‍ ബ്യൂണിന്‍കോണ്‍ട്രോയും ചേര്‍ന്ന് 2023-ല്‍ ‘ഫിയോ’യ്ക്ക് രൂപം നല്‍കുന്നത്. ഈ മേഖലയിലെ ആഗോള ഭീമനായ സ്‌പോട്ടിഫൈ നല്‍കുന്നതിനേക്കാള്‍ മൂന്ന് മുതല്‍ നാലിരട്ടി വരെ കൂടുതല്‍ പ്രതിഫലമാണ് ഫിയോ കലാകാരന്മാര്‍ക്ക് നല്‍കുന്നതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ ആയിരത്തിലധികം കത്തോലിക്കാ ക്രിയേറ്റര്‍മാര്‍ ഈ പ്ലാറ്റ്ഫോമില്‍ സജീവമാണ്. എന്നാല്‍ ഫിയോയില്‍ തങ്ങളുടെ ഉള്ളടക്കം പങ്കുവയ്ക്കണമെങ്കില്‍ കര്‍ശനമായ നിബന്ധനകളുണ്ട്. ക്രിയേറ്റര്‍മാര്‍ കത്തോലിക്കാ സഭാ പഠനങ്ങളെ പൂര്‍ണമായി അംഗീകരിക്കുന്നവരായിരിക്കണം. കൂടാതെ, ഉള്ളടക്കങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മ്മിച്ചവയാകരുത്. കൃത്യമായ മാനുവല്‍ പരിശോധനകള്‍ക്ക് ശേഷമേ ഓഡിയോകള്‍ ആപ്പില്‍ ലൈവാക്കൂ.

സൗജന്യമായും പ്രീമിയം വരിസംഖ്യയിലൂടെയും ഫിയോ ലഭ്യമാണ്. ഫ്രീ വേര്‍ഷനില്‍ വരുന്ന പരസ്യങ്ങള്‍ പോലും കത്തോലിക്കാ വിശ്വാസവുമായി ഒത്തുപോകുന്നവ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കുട്ടികള്‍ക്കും ഈ പ്ലാറ്റ്‌ഫോം ധൈര്യമായി ഉപയോഗിക്കാമെന്ന് അണിയറപ്രവര്‍ത്തകര്‍ ഉറപ്പുനല്‍കുന്നു. കത്തോലിക്കാ സംരംഭകര്‍ക്ക് തങ്ങളുടെ ഉപഭോക്താക്കളിലേക്ക് കൃത്യമായി എത്താനുള്ള മികച്ച വേദിയായും ഫിയോ മാറിക്കഴിഞ്ഞു.

സഭയ്ക്കുള്ളിലെ ശ്രാവ്യ രൂപത്തിലുള്ള ആത്മീയ നിധികളെ ഒരൊറ്റ കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഈ പ്ലാറ്റ്‌ഫോം വരുംകാലങ്ങളില്‍ കത്തോലിക്കര്‍ കൂടുതലായി ഉപയോഗിച്ചു തുടങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.