
അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ട സുവിശേഷ പ്രഘോഷകനും ‘ടേണിംഗ് പോയിന്റ് യു.എസ്.എ’ കൂട്ടായ്മയുടെ സഹസ്ഥാപകനുമായിരുന്ന ചാര്‍ളി കിര്‍ക്കിന്റെ ഭാര്യ എറിക്ക കിര്‍ക്ക്, ഫാദേഴ്സ് ഡേയില്‍ എഴുതിയ വികാരനിര്‍ഭരമായ കത്ത് ശ്രദ്ധ നേടുന്നു. ചാര്‍ളി ഇല്ലാത്ത ആദ്യ ഫാദേഴ്സ് ഡേയില്‍ സാധാരണ ചെയ്യാറുള്ളത് പോലെ താന്‍ ഈ വര്‍ഷവും ചാര്‍ളിക്ക് കത്ത് എഴുതി എന്ന് പറഞ്ഞാണ് രണ്ട് കുട്ടികളുടെ അമ്മയായ എറിക്ക ഇന്‍സ്റ്റഗ്രാമിലൂടെ കത്ത് പങ്കുവച്ചത്.
ഞങ്ങള്‍ക്കുവേണ്ടി ദൈവത്തോടും ഒരു ഹാപ്പി ഫാദേഴ്സ് ഡേ പറയണമെന്ന അഭ്യര്‍ത്ഥനയോടെ അവസാനിപ്പിക്കുന്ന ആ കത്തിന്റെ ഹൃദയസ്പര്‍ശിയായ ഏതാനും വരികള്‍ ഇങ്ങനെ പോകുന്നു: ”കുട്ടികള്‍ ചാര്‍ളിയെ മിസ് ചെയ്യുന്നുണ്ട്. എനിക്കും ഒരുപാട് മിസ് ചെയ്യുന്നു. ചാര്‍ളിയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഞങ്ങളെ ഇത്രയധികം സ്നേഹിച്ചതിന് നന്ദി. എന്നെ ഒരു ഭാര്യയും അമ്മയും ആക്കിയതിന് നന്ദി. ചാര്‍ളിയുടെ അംശങ്ങള്‍ ഉള്ളിലുള്ള രണ്ട് പൊന്നോമനകളെ നല്‍കിയതിന് നന്ദി. നമ്മുടെ കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച ഓരോ നിമിഷങ്ങള്‍ക്കും നന്ദി. മറ്റുള്ള അപ്പന്മാര്ക്ക് ഒരു മികച്ച മാതൃകയായി ജീവിച്ചു കാണിച്ചതിന് നന്ദി. എല്ലാ ത്യാഗങ്ങള്‍ക്കും നന്ദി. ചാര്‍ളി ഒരു അസാധാരണ പിതാവായിരിക്കും, എന്നും.”