
കാക്കനാട്: മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ദീപ്തസ്മരണ പുതുക്കുന്ന ജൂലൈ 3 വെള്ളിയാഴ്ച, സീറോമലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ദുക്‌റാന തിരുനാള്‍ ആചരണവും സീറോമലബാര്‍ സഭാദിനാഘോഷവും നടക്കും.
രാവിലെ 8:30ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പതാകയുയര്‍ത്തി സഭാദി നാഘോഷങ്ങള്‍ക്ക് ആരംഭംകുറിക്കും. തുടര്‍ന്ന് മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ കാര്‍മ്മികത്വത്തില്‍ റാസ കുര്‍ബാന അര്‍പ്പിക്കും. ബിഷപ് എമരിറ്റസ് മാര്‍ ബോസ്‌കോ പുത്തൂര്‍ വചന സന്ദേശം നല്‍കും.
രാവിലെ 11-ന് ആരംഭിക്കുന്ന പൊതു സമ്മേളനത്തില്‍ മന്ത്രിമാരായ സണ്ണി ജോസഫ്, മോന്‍സ് ജോസഫ്, റോജി എം. ജോണ്‍, ചീഫ്‌വിപ്പ് അപു ജോണ്‍ ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കുകയും സീറോമലബാര്‍ സഭയുടെ ആദരം ഏറ്റുവാങ്ങുകയും ചെയ്യും. കത്തോലിക്കാ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായ പ്രമുഖ വ്യവസായി ഷെവലിയര്‍ ഡേവിസ് എടക്കളത്തൂരിനെയും ചടങ്ങില്‍ ആദരിക്കും.
ഒക്ടോബര്‍ 19 മുതല്‍ 23 വരെ റോമില്‍ വച്ച് നടക്കുന്ന കത്തോലിക്കാ കോണ്‍ഗ്രസിന്റെ ഗ്ലോബല്‍ മീറ്റിന് മുന്നോടിയായി, 40 രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന പതാക പ്രയാണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിലിന് പതാക കൈമാറി നിര്‍വ്വഹിക്കും.
‘ഹിസ്റ്ററി ഓഫ് ക്രിസ്ത്യാനിറ്റി ഇന്‍ ഇന്ത്യ’ എന്ന പുസ്തക പരമ്പരയിലെ രണ്ടാമത്തെ പുസ്ത കത്തിന്റെ പ്രകാശന കര്‍മ്മവും ചടങ്ങില്‍ നടക്കും. തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, റവ. ഡോ. പയസ് മലേക്കണ്ടത്തില്‍ എന്നിവര്‍ പുസ്തകം പരിചയപ്പെടുത്തും.
മാര്‍തോമാ നസ്രാണികളുടെ വിശ്വാസപൈതൃ കത്തിന്റെ ഓര്‍മ്മപ്പെടുത്തലായും സാമുദായിക ഐക്യബോധത്തിന്റെ ആവിഷ്‌കാരമായും മാറുന്ന ഈ മഹാസംഗമത്തില്‍ സീറോമലബാര്‍ സഭയിലെ വിവിധ രൂപതകളില്‍ നിന്നുള്ള വൈദിക, സമര്‍പ്പിത, അല്മായ പ്രതിനിധികള്‍ ഒത്തുചേരും

