
ഷാര്‍ലറ്റ്/യുഎസ്: യുഎസിലെ നോര്‍ത്ത് കരോലിന സംസ്ഥാനത്തുള്ള ഷാര്‍ലറ്റ് കത്തോലിക്കാ രൂപതയ്ക്ക് ചരിത്ര നേട്ടം. 10 ഡീക്കന്മാര്‍ ഒരുമിച്ച് പൗരോഹിത്യം സ്വീകരിക്കുന്നത് രൂപതയുടെ 54 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്. 2000-ത്തിലും 2024-ലും 7പേര്‍ വൈദികരായി അഭിഷിക്തരായതായിരുന്നു ഇതിന് മുമ്പുള്ള റെക്കോര്‍ഡ്.ഈ വര്‍ഷം അമേരിക്കയിലെ കത്തോലിക്കാ രൂപതകളില്‍ നടക്കുന്ന ഏറ്റവും വലിയ വൈദികാഭിഷേക ചടങ്ങുകളില്‍ ഒന്നുകൂടിയാണിത്.
ഹണ്ടേഴ്സ്വില്ലിലെ സെന്റ് മാര്‍ക്ക് ദൈവാലയത്തില്‍ നടന്ന തിരുക്കര്‍മങ്ങളില്‍ ആയിരത്തിഅറുനൂറിലധികം വിശ്വാസികള്‍ പങ്കെടുത്തു. പുതിയതായി അഭിഷേകം ചെയ്യപ്പെട്ട വൈദികര്‍ വൈവിധ്യമാര്‍ന്ന പശ്ചാത്തലങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും ഉള്ളവരാണ്. യുഎസിന് പുറമെ കൊളംബിയ, മെക്‌സിക്കോ, ജര്‍മനി, മാള്‍ട്ട, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഈ പത്തുപേരില്‍ ഉള്‍പ്പെടുന്നു. നിലവില്‍ വെസ്റ്റേണ്‍ നോര്‍ത്ത് കരോലിനയിലുടനീളമുള്ള 5,75,000-ത്തിലധികം കത്തോലിക്കര്‍ക്ക് ആത്മീയ നേതൃത്വം നല്‍കുന്ന രൂപതയ്ക്ക് കീഴില്‍ 90-ലധികം ഇടവകകളും നൂറ്റമ്പതോളം വൈദികരുമുണ്ട്.

