
റോം: ഇന്ന് മെയ് 8 – ലിയോ 14 -ാമന്‍ പാപ്പ ഫ്രാന്‍സിസ് പാപ്പയുടെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികദിനം. ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുടര്‍ന്ന് വന്ന കാരുണ്യത്തിന്റെയും സൗമ്യതയുടെയും ശൈലി തുടരുമ്പോഴും പേപ്പസിയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് ഒരു വര്‍ഷം പാപ്പ പിന്നിടുമ്പോള്‍ പാപ്പയുടെ ജീവിതവീക്ഷണങ്ങളും ആശയങ്ങളും വ്യക്തമാക്കുന്ന ഒരു പുസ്തകം കൂടെ പുറത്തിറങ്ങിയിരിക്കുന്നു. പാപ്പ ആരാണെന്ന് ലോകത്തിന് വെളിപ്പെടുത്തുന്ന പുസ്തകം – ഒരുപക്ഷെ ‘ഫ്രീ അണ്ടര്‍ ഗ്രേസ്’ (Free Under Grace book on Pope Leo XIV )എന്ന പുസ്തകത്തെ അങ്ങനെ പരിചയപ്പെടുത്തുന്നതാവും ഉചിതം.
2001 മുതല്‍ 2013 വരെയുള്ള കാലഘട്ടത്തില്‍ പാപ്പ അഗസ്റ്റീനിയന്‍ സന്യാസ സഭയുടെ സുപ്പീരിയര്‍ ജനറലായിരുന്നു കാലത്ത് നടത്തിയ പ്രസംഗങ്ങളുടെയും എഴുതിയ ലേഖനങ്ങളുടെയും സമാഹാരമായ ‘ഫ്രീ അണ്ടര്‍ ഗ്രേസ്’ വത്തിക്കാന്‍ പബ്ലിഷിംഗ് ഹൗസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. റോമിലെ അഗസ്റ്റീനിയാനം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ചടങ്ങില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പീയത്രോ പരോളിന്‍, അഗസ്റ്റീനിയന്‍ സന്യാസ സഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാ. ജോസഫ് ഫാരല്‍, വത്തിക്കാന്‍ കമ്മ്യൂണിക്കേഷന്‍ ഡിക്കാസ്ട്രിയുടെ പ്രീഫെക്ട് പൗലോ റുഫീനി, എഴുത്തുകാരി മരിയ ഗ്രേസിയ കാലന്ദ്രോണ്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പുസ്തകത്തെ പരിചയപ്പെടുത്തി.
വിശുദ്ധ അഗസ്റ്റിന്റെ റൂള്‍ ഓഫ് സെന്റ് അഗസ്റ്റിന്‍ എന്ന പുസ്തകത്തില്‍ നിന്നാണ് ഈ പുസ്തകത്തിന്റെ തലക്കെട്ട് സ്വീകരിച്ചിരിക്കുന്നതെന്ന് ഫാ. ജോസഫ് ഫാരല്‍ പറഞ്ഞു. നിയമത്തിന്റെ ശുശ്രൂഷകര്‍ക്ക് അപ്പുറം കൃപയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്രമനുഷ്യരാകുവാനുള്ള വിശുദ്ധന്റെ ആഹ്വാനമാണ് ഈ തലക്കെട്ടിന് ആധാരം. ഈ പുസ്തകം എല്ലാവര്‍ക്കും പ്രചോദനമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രിസ്ത്യാനികള്‍ സത്യത്തിന്റെ ഉടമകളല്ല, മറിച്ച് സത്യം അന്വേഷിക്കുന്ന യാത്രയിലെ സഹയാത്രികരാണെന്ന് പുസ്തകം ഓര്‍മ്മിപ്പിക്കുന്നതായി കര്‍ദിനാള്‍ പരോളിന്‍ പറഞ്ഞു. ആധുനിക കാലഘട്ടത്തിലെ മതേതരത്വത്തെയും വിശ്വാസത്തെയും കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുകള്‍ പുസ്തകത്തിലുണ്ട്. പുസ്തകത്തില്‍ 195 തവണ ‘ദരിദ്രര്‍’, ‘ദാരിദ്ര്യം’ എന്നീ വാക്കുകള്‍ കടന്നുവരുന്നു. അശരണരോടും കുടിയേറ്റക്കാരോടുമുള്ള മാര്‍പാപ്പയുടെ കരുതല്‍ കേവലം പ്രസംഗത്തിനപ്പുറം പാപ്പയുടെ അടിസ്ഥാന നിലപാടാണെന്ന് ഈ പുസ്തകം അടിവരയിടുന്നു.
ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ അപ്പസ്‌തോലിക പ്രബോധനമായ ‘ദിലെക്‌സി തേ’ യിലെ ആശങ്ങളോട് ചേര്‍ന്നുപോകുന്നതാണ് പുതിയ പുസ്തകത്തലെ ചിന്തകളെന്ന് കര്‍ദിനാള്‍ പരോളിന്‍ ചൂണ്ടിക്കാണിച്ചു. പുസ്തകത്തിലെ യുവാക്കളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണെന്ന് പ്രമുഖ എഴുത്തുകാരി മരിയ ഗ്രാസിയ കാലന്ദ്രോണ്‍ അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയയുടെ കാലത്ത് യുവതലമുറ അനുഭവിക്കുന്ന ഏകാന്തതയ്ക്കും അസ്തിത്വ പ്രതിസന്ധികള്‍ക്കും ക്രിസ്തീയ സാക്ഷ്യവും കൂട്ടായ്മയും മറുപടിയായി മാറുമെന്ന് പുസ്തകം പറഞ്ഞ് വയ്ക്കുന്നു.
നിലവില്‍ ഇറ്റാലിയന്‍ ഭാഷയില്‍ പുറത്തിറങ്ങിയ പുസ്തകം വരും മാസങ്ങളില്‍ ഇംഗ്ലീഷ് ഉള്‍പ്പെടെ മുപ്പതോളം ഭാഷകളില്‍ വിവര്‍ത്തനം ചെയ്ത് പുറത്തിറങ്ങും. ലിയോ 14-ാമന്‍ പാപ്പയുടെ ദര്‍ശനങ്ങളും ഭരണശൈലിയും കാഴ്ചപ്പാടുകളും മനസിലാക്കുന്നതിന് ഒഴിച്ചുകൂടാനാവാത്ത വഴികാട്ടിയാണ് ഈ ഗ്രന്ഥം.

