‘ക്രൈസ്തവ ആശയവിനിമയം ക്രിസ്തുവിനെ വെളിപ്പെടുത്തുന്നതാകണം’

signis national meeting

ജലന്ധര്‍: ക്രൈസ്തവ ആശയവിനിമയം ജീവിതാനുഭവങ്ങളിലൂടെ ക്രിസ്തുവിനെ വെളിപ്പെടുത്തുന്നതായി മാറണമെന്ന് കത്തോലിക്ക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായി സിഗ്നിസ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് സിസ്റ്റര്‍ ടെസി ജേക്കബ് എസ്എസ്പിഎസ്. ജലന്ധറില്‍ നടന്ന സിഗ്നിസ് ദേശീയ അസംബ്ലിയില്‍ കത്തോലിക്ക മാധ്യമരംഗത്തുള്ള സ്ത്രീകളുടെ പങ്കാളിത്വത്തെക്കുറിച്ച് നടത്തിയ പ്രഭാഷണത്തിലാണ് സിസ്റ്റര്‍ ടെസി ഇക്കാര്യം പറഞ്ഞത്.

ക്രൈസ്തവ മാധ്യമപ്രവര്‍ത്തനത്തിലൂടെ അറിവിന്റെ കൈമാറ്റത്തെക്കാളുപരിയായി വിശ്വാസത്തിന്റെ സാക്ഷ്യമാണ് സംഭവിക്കേണ്ടതെന്ന് സിസ്റ്റര്‍ പറഞ്ഞു. ഹൃദയത്തെ സ്പര്‍ശിക്കാന്‍ സാധിക്കുന്ന വിധത്തില്‍ അനുദിനജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ക്രിസ്തുവിനെ വെളിപ്പെടുത്താന്‍ ക്രൈസ്തവ മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധിക്കണമെന്ന് സിസ്റ്റര്‍ പറഞ്ഞു.

വാക്കുകള്‍ക്കപ്പുറം സാന്നിധ്യം, സഹാനുഭൂതി, സാക്ഷ്യം എന്നിവയിലൂടെയാണ് സ്ത്രീകള്‍ ക്രിസ്തുവിനെ പലപ്പോഴും പങ്കുവയ്ക്കുന്നതെന്ന് സിസ്റ്റര്‍ നിരീക്ഷിച്ചു. ലോകം വലിയ വിഭാഗീയതയിലൂടെ കടന്നുപോകുന്ന ഈ സമയത്ത് ഇത്തരം പങ്കുവയ്ക്കലിന് ഏറെ പ്രസക്തിയുണ്ട്. ഉത്ഥാനത്തിന്റെ ആദ്യ സാക്ഷിയായ മഗ്ദലന മറിയം, ക്രിസ്തുവുമായി ധീരമായ സംഭാഷണത്തിലൂടെ ശ്രദ്ധേയയായ സമറിയാക്കാരി സ്ത്രീ, കുരിശിന്‍ ചുവട്ടിലെ സാന്നിധ്യമായ മാതാവ് എന്നിവരെ വിശുദ്ധ ഗ്രന്ഥത്തില്‍ കണ്ടെത്താവുന്ന ക്രൈസ്തവ ആശയവിനിമയത്തിന്റെ മികച്ച വനിതാ മാതൃകകളായി സിസ്റ്റര്‍ ചൂണ്ടിക്കാണിച്ചു.

ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വിവേകത്തോടെയും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കാന്‍ സിസ്റ്റര്‍ ടെസി ആഹ്വാനം ചെയ്തു. ഭയത്തിന് പകരം പ്രത്യാശയുടെ വിവരണങ്ങള്‍ സൃഷ്ടിക്കുന്നതിന് മുന്‍തൂക്കം നല്‍കണമെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

സമ്മേളനത്തിലെ ഏക വനിതാ അവതാരക എന്ന നിലയില്‍ സിസ്റ്റര്‍ ടെസി നടത്തിയ ഹൃദയസ്പര്‍ശിയായ പ്രസംഗം സഭയിലെ സിനഡാലിറ്റി, സ്ത്രീകളുടെ നേതൃത്വം, ആശയവിനിമയ രംഗത്തെ പങ്കാളിത്തം എന്നിവയെക്കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചു. സഭ പങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കുമ്പോഴും നേതൃനിരയിലും തീരുമാനങ്ങള്‍ എടുക്കുന്ന ഇടങ്ങളിലും സ്ത്രീകള്‍ ഇപ്പോഴും വേണ്ടത്ര പ്രതിനിധീകരിക്കപ്പെടുന്നില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.