കുട്ടികള്‍ 10 മിനിറ്റ് പത്രം വായിക്കണം; ഈ തീരുമാനത്തിന് കയ്യടിക്കണോ?

Children should read newspaper

”വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും”

മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് മലയാളത്തിന്റെ പ്രിയ കവി കുഞ്ഞുണ്ണിമാഷ് വായനയുടെ മനോഹാരിത രണ്ടു വരികളില്‍ എത്ര കൃത്യമായിട്ടാണ് കോറിയിട്ടിരിക്കുന്നത്. കര്‍ണാടക വിദ്യാഭ്യാസ വകുപ്പിന്റെ പുതിയൊരു ഉത്തരവിനെക്കുറിച്ച് അറിഞ്ഞപ്പോഴാണ് കുഞ്ഞുണ്ണി മാഷിന്റെ വരികള്‍ മനസിലേക്കു വന്നത്. കര്‍ണാടകയിലെ സ്‌കൂളുകളില്‍ പത്രവായന നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നു.

പത്രം വായിപ്പിക്കുന്ന സ്‌കൂളുകള്‍

സ്‌കൂള്‍ തുടങ്ങുന്നത് 10 മിനിറ്റ് പത്രങ്ങള്‍ വായിച്ചുകൊണ്ടാകണമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. മത്സരപ്പരീക്ഷകള്‍ക്കു തയാറെടുക്കാന്‍ കുട്ടികളെ സഹായിക്കുക, പൊതുവിജ്ഞാനം, ഭാഷാ സ്വാധീനം എന്നിവ വര്‍ധിപ്പിച്ച് വായനാസംസ്‌കാരം വളര്‍ത്തി മൊബൈല്‍ ഫോണുകളുടെ അടിമത്വത്തില്‍നിന്നും കുട്ടികളെ രക്ഷിക്കുക എന്നീ ലക്ഷ്യങ്ങളും ഇതിന്റെ പിന്നിലുണ്ട്. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍, റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ എല്ലാവര്‍ക്കും ഉത്തരവ് ബാധകമാണ്. കര്‍ണാടകയിലെ ബാലാവകാശ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

അക്ഷരങ്ങളുടെ പൂക്കാലം

വായനയുടെ ഗുണഫലങ്ങള്‍ ഉപയോഗപ്പെടുത്തിയ സമൂഹമാണ് മലയാളികള്‍. കേരളത്തിലെ അവികസിത ഗ്രാമങ്ങളില്‍ സ്‌കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കുമൊപ്പം ലൈബ്രറികളും ഉണ്ടായിരുന്നു. അവിടുത്തെ പുസ്തകങ്ങളും പത്രങ്ങളുമൊക്കെയാണ് മലയാളികള്‍ക്ക് അറിവിന്റെ വിശാലലോകം തുറന്നുകൊടുത്തത്.

പരിമിതമായ വിദ്യാഭ്യാസം ഉള്ള മാതാപിതാക്കള്‍വരെ തങ്ങളുടെ മക്കള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്ന കാര്യത്തില്‍ ബദ്ധശ്രദ്ധരായിരുന്നു. അതിനവരെ പ്രാപ്തരാക്കിയത് വായനയായിരുന്നു. മലയാളികളുടെ ദിവസം ആരംഭിക്കുന്നതു തന്നെ പത്രവായനയോടെയായിരുന്നു. പത്രവായന വിശാലമായ വായനയുടെലോകത്തേക്ക് തലമുറകളെ നയിച്ചിരുന്നു.

ഡിജിറ്റല്‍ കെണികള്‍

എന്നാല്‍ ഡിജിറ്റല്‍ യുഗം എല്ലാം മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. പ്രഭാതത്തില്‍ പത്രങ്ങള്‍ക്കുപകരം മൊബൈലുകള്‍ കയ്യിലെടുക്കുന്ന രീതിയിലേക്ക് നാം മാറിയിരിക്കുന്നു. കോവിഡ് കാലം മുതല്‍ മൊബൈല്‍ ഫോണുകള്‍ കുട്ടികളുടെ സ്വന്തമായി കഴിഞ്ഞു. വായിച്ചില്ലെങ്കില്‍ എന്താണ് കുഴപ്പമെന്നു പുതിയ തലമുറ തിരിച്ചുചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു. സിവില്‍ സര്‍വീസ് തുടങ്ങിയ മത്സരപരീക്ഷകളില്‍ മുന്നിലെത്തിയവര്‍ നേട്ടത്തിന്റെ വഴികള്‍ വിവരിക്കുമ്പോള്‍ സ്ഥിരമായി പറയുന്നതാണ് പത്രവായന. മൊബൈല്‍ ഫോണ്‍ പോലുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ അവയുടെ അടിമത്വത്തിലേക്ക് നയിക്കുമ്പോള്‍ പത്രങ്ങളും പുസ്തകങ്ങളും ലോകത്തിന്റെ വാതായനങ്ങളാണ് നമ്മുടെ മുമ്പില്‍ തുറന്നുവയ്ക്കുന്നത്.

സാങ്കേതിക വളര്‍ച്ച മനുഷ്യജീവിതം വളരെ എളുപ്പമുള്ളതാക്കി മാറ്റിയിരിക്കുന്നു. ഡിജിറ്റല്‍ലോകം വിജ്ഞാനത്തിന്റെ വിശാലലോകം മുമ്പില്‍ തുറന്നുവയ്ക്കുമ്പോള്‍ അപകടകരമായ കെണികള്‍ക്കൂടി അതില്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. കുട്ടികളും യുവജനങ്ങളുമൊക്കെ അതു പലപ്പോഴും തിരിച്ചറിയുന്നില്ല.

വീടുകളില്‍നിന്ന് തുടങ്ങിയാലോ?

മനുഷ്യന്‍ കണ്ടെത്തിയ മനോഹരമായ അത്ഭുത മാണ് അക്ഷരങ്ങള്‍. വെളുത്ത കടലാസിലെ കറുത്ത പുള്ളികള്‍ക്ക് ഹൃദയങ്ങളെ ചിരിപ്പിക്കാനും ചി ന്തിപ്പിക്കാനും കരയിപ്പിക്കാനും കഴിയുമെന്നത് വായനയുടെ മാന്ത്രികതയാണ്. പുസ്തക താളുകളി ലൂടെ കണ്ണോടിക്കുമ്പോള്‍ നാം സഞ്ചരിക്കുന്നത് പ്രപഞ്ചത്തിന്റെ വിശാലതയിലേക്കാണ്. വായനയും അറിവുമില്ലെങ്കില്‍ ചിന്തകള്‍ക്ക് വ്യക്തതയുണ്ടാവില്ല.

കേരളത്തിലെ കുട്ടികളെ വായനയുടെ ലോകത്തേക്ക് മടക്കിക്കൊണ്ടുവരാനുള്ള പദ്ധതികള്‍ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കണം. ഡിജിറ്റല്‍ ലോകത്തിന്റെ വളര്‍ച്ച ലോകംതന്നെ അതാണെന്ന ചിന്തയിലേക്ക് പുതിയ തലമുറയെ നയിച്ചുകൊണ്ടിരിക്കുകയാണ്. സാങ്കേതിക പുരോഗതിയുടെ ഗുണഫലങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കുമ്പോള്‍തന്നെ യാഥാര്‍ത്ഥ്യവും അവര്‍ തിരിച്ചറിയണം. ഗവണ്‍മെന്റിന്റെ തീരുമാനത്തിനായി കാത്തിരിക്കാതെ മാതാപിതാക്കള്‍ത്തന്നെ മക്കളെ വായനയുടെ ലോകത്തേക്ക് മടക്കിക്കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കണം. കുറഞ്ഞപക്ഷം അവര്‍ സ്വന്തം വീട്ടിലെങ്കിലും 10 മിനിറ്റ് പത്രം വായിക്കട്ടെ.

ചിന്തയുടെ വിത്തുകള്‍

നല്ല പുസ്തകം തുറക്കുമ്പോള്‍ പുതിയ വാതിലുകൂടി തുറക്കപ്പെടുകയാണ്. വായനയുള്ളവരുടെ ലോകം വിശാലമാണ്. ഒരു പുസ്തകം വായിച്ചു തീരുമ്പോള്‍ നാം പഴയ ആളല്ല; ആ പുസ്തകം പകര്‍ന്ന മൂല്യങ്ങളുടെ വെളിച്ചത്തില്‍ കുറച്ചുകൂടി മെച്ചപ്പെട്ട മനുഷ്യരായി മാറിയിട്ടുണ്ടാകും, നാം പോലും അറിയാതെ.

നല്ല പുസ്തകങ്ങള്‍ നന്മയുടെ വഴികളിലേക്ക് നയിക്കുന്ന സുഹൃത്തിന് സമാനമാണ്. സങ്കടങ്ങളില്‍ അവ നമ്മെ ആശ്വസിപ്പിക്കുന്നു, സംശയങ്ങളില്‍ വഴിവി ളക്കാകുന്നു. ഓരോ പുസ്തകവും പുതിയ ബോധ്യങ്ങളാണ് സമ്മാനിക്കുന്നത്. അക്ഷരങ്ങളിലൂടെയുള്ള യാത്ര തുടരുന്നിടത്തോളം കാലം മനുഷ്യന്റെ ബുദ്ധിയും ഹൃദയവും മരവിക്കില്ല. അതുകൊണ്ട് വായിച്ചു വളരാം. വായനയുടെ ലോകത്തേക്ക് പുതിയ തലമുറയെ മടക്കിക്കൊണ്ടുവരാം.

ജോസഫ് മൈക്കിള്‍

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.