ലോകസമാധാനത്തിനായി പാപ്പയുടെ നേതൃത്വത്തില്‍ ഇന്ന് ജാഗരണ പ്രാര്‍ത്ഥന

Pope to lead vigil prayer

വത്തിക്കാന്‍ സിറ്റി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുദ്ധവും സംഘര്‍ഷങ്ങളും തുടരുന്ന പശ്ചാത്തലത്തില്‍, ലോകസമാധാനത്തിനായി ലിയോ 14-ാമന്‍ പാപ്പയുടെ നേതൃത്വത്തില്‍ ഇന്ന് (ഏപ്രില്‍ 11) വത്തിക്കാനില്‍ ജാഗരണ പ്രാര്‍ത്ഥന നടക്കും. ശനിയാഴ്ച റോം സമയം വൈകുന്നേരം 6 മണിക്ക് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് ജാഗരണം ആരംഭിക്കുന്നത്.

അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ മൃതകുടീരത്തില്‍ നിരന്തരം ജ്വലിച്ചുനില്‍ക്കുന്ന ‘സമാധാനത്തിന്റെ വിളക്കില്‍’ നിന്നുള്ള ദീപശിഖയില്‍നിന്ന് അഞ്ച് ഭൂഖണ്ഡങ്ങളെയും പ്രതിനിധീകരിക്കുന്ന വിശ്വാസികള്‍ മെഴുകുതിരികള്‍ തെളിക്കും. ആഫ്രിക്ക, അമേരിക്ക, ഏഷ്യ, യൂറോപ്പ്, ഓഷ്യാനിയ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇതില്‍ പങ്കുചേരും.

ജപമാല പ്രാര്‍ത്ഥനയോടൊപ്പം വിശുദ്ധ അഗസ്റ്റിന്‍, വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം, വിശുദ്ധ അംബ്രോസ് തുടങ്ങിയ സഭാപിതാക്കന്‍മാരുടെ സമാധാനത്തെയും പ്രത്യാശയെയും കുറിച്ചുള്ള ധ്യാനചിന്തകളും പ്രാര്‍ത്ഥനയെ സമ്പന്നമാക്കും. പ്രാര്‍ത്ഥനയുടെ സമാപനത്തില്‍ പാപ്പ സമാധാന സന്ദേശം നല്‍കുകയും പ്രത്യേക ആശീര്‍വാദം നല്‍കുകയും ചെയ്യും.

ഇറാന്‍, ഇസ്രായേല്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്കിടയില്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും ലബനന്‍, സുഡാന്‍, ഉക്രെയ്ന്‍, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ പാപ്പ നയിക്കുന്ന ഈ ജാഗരണ പ്രാര്‍ത്ഥനയ്ക്ക് ഏറെ പ്രസക്തിയുണ്ട്. ആയുധങ്ങളുടെ നിശബ്ദത മാത്രമല്ല, മനുഷ്യഹൃദയങ്ങളുടെ പരിവര്‍ത്തനമാണ് യഥാര്‍ത്ഥ സമാധാനമെന്ന് ഈസ്റ്റര്‍ ദിനത്തിലെ തന്റെ സന്ദേശത്തില്‍ പാപ്പ പറഞ്ഞിരുന്നു.

അതേസമയം വത്തിക്കാനില്‍ നടക്കുന്ന പ്രത്യേക ജാഗരണ പ്രാര്‍ത്ഥനയ്ക്ക് ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ സഭാ നേതൃത്വങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്ക, മെക്‌സിക്കോ, ഫിലിപ്പീന്‍സ്, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ ബിഷപ്പുമാരുടെ കൗണ്‍സിലുകള്‍ തങ്ങളുടെ വിശ്വാസികളോട് അതത് പ്രദേശങ്ങളിലെ ദൈവാലയങ്ങളില്‍ ഒത്തുചേര്‍ന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഈ പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പങ്കുചേരാന്‍ ആഹ്വാനം ചെയ്തു.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.