രാജസ്ഥാനില്‍ ക്രൈസ്തവ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കി; കോടതിയെ സമീപിക്കാനൊരുങ്ങി സ്‌കൂള്‍ അധികൃതര്‍

Rajasthan Christian school recognition cancelled court

ജയ്പൂര്‍: കുട്ടികളെ ക്രിസ്തുവിശ്വാസത്തിലേക്ക് ആകര്‍ഷിക്കുന്ന വിധത്തില്‍ ‘ബ്രെയിന്‍ വാഷിംഗ്’ നടത്തുന്നു എന്നാരോപിച്ച് രാജസ്ഥാനിലെ ദുംഗര്‍പൂര്‍ ജില്ലയിലുള്ള സെന്റ് പോള്‍ സ്‌കൂളിന്റെ പ്രവര്‍ത്തനാനുമതി വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവന്ന അതേ സമയത്താണ് സ്‌കൂളിനെതിരെ പ്രതിഷേധവുമായി ചില തീവ്ര വര്‍ഗീയ സംഘടനകള്‍ രംഗത്തുവന്നത്. ഇതിനെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. കുട്ടികളെ പ്രലോഭിപ്പിച്ചും സമ്മര്‍ദ്ദം ചെലുത്തിയും യേശുവിനോട് പ്രാര്‍ത്ഥിക്കാന്‍ നിര്‍ബന്ധിക്കുന്നു എന്നതായിരുന്നു ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഏകപക്ഷീയമായ റിപ്പോര്‍ട്ട്. ആ അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

കൂടാതെ നേരത്തെ സ്‌കൂള്‍ ഹോസ്റ്റലില്‍ നല്‍കുന്ന ഭക്ഷണത്തില്‍ പ്രാണികളെ കണ്ടെത്തിയെന്നും കുട്ടികള്‍ക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്നും ആരോപിച്ച് 230-ഓളം കുട്ടികള്‍ താമസിച്ചിരുന്ന ഹോസ്റ്റല്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.

ഈ വിഷയങ്ങളില്‍ സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിശദീകരണം നല്‍കിയെങ്കിലും തൃപ്തികരമല്ലെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ വാദം. അതേതുടര്‍ന്ന് ഒന്ന് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള ക്ലാസുകളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കുകയായിരുന്നു.

ക്രൈസ്തവ സ്‌കൂളിനോടുള്ള അധികൃതരുടെ എതിര്‍പ്പുമൂലം  മുന്നൂറിലധികം കുട്ടികളുടെ വിദ്യാഭ്യാസം പ്രതിസന്ധിയിലായിരിക്കുകയാണ്. അടുത്ത അധ്യയന വര്‍ഷം ഈ വിദ്യാര്‍ത്ഥികള്‍ മറ്റു സ്‌കൂളുകളിലേക്ക് മാറണമെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം. സ്‌കൂളിന്റെ പേര് സര്‍ക്കാര്‍ പോര്‍ട്ടലുകളില്‍നിന്ന് നീക്കം ചെയ്യാന്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

അംഗീകാരം റദ്ദാക്കിയ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സെന്റ് പോള്‍ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാലുടന്‍ അപ്പീല്‍ നല്‍കാനാണ് തീരുമാനം. സംസ്ഥാനത്ത് പുതിയ മതപരിവര്‍ത്തന നിരോധന നിയമം വന്നതിന് പിന്നാലെ ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ ലക്ഷ്യം വെച്ച് ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് ‘സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ്’ പോലുള്ള സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാണ് പലയിടങ്ങളിലും ഇത്തരം റെയ്ഡുകളും പ്രതിഷേധങ്ങളും നടത്തുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.

ഉത്തരേന്ത്യയില്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കു നേരെ ആസൂത്രിതമായി നടക്കുന്ന നടപടികളുടെ ഭാഗമായിട്ടാണ് ഈ നീക്കത്തെയും വിലയിരുത്തുന്നത്.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.