പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുമായി നെട്ടൂരിലെ ദേവാസ്ത് സംഘം

Nettoor Devasth Sangham decades experience

കൊച്ചി: തീരദേശത്തിന്റെ പാരമ്പര്യമായ ദേവാസ്ത് വിളികള്‍ ഇനി അടുത്ത നോമ്പുകാലത്ത് പുനര്‍ജനിക്കും. കേരളത്തിന്റെ കടല്‍തീരങ്ങള്‍ ഭക്തിനിര്‍ഭരമായ ആ വിളികള്‍ക്ക് വീണ്ടും കാതോര്‍ക്കുകയാണ്. വലിയ നോമ്പുകാലരാത്രികളുടെ നിശ്ശബ്ദതയിലുയരുന്ന ഗീതങ്ങള്‍ ജനങ്ങളെ ക്രിസ്തുവിലേക്ക് ചേര്‍ത്തുപിടിച്ചിരുന്നു.

ചവിട്ടുനാടകം പോലെ പോര്‍ച്ചുഗീസ് മലയാള പാരമ്പര്യമാണ് ഇതിനുമുള്ളത്. ദേവാസ്ത് വിളിക്കുന്നത് പ്രധാനമായും ലത്തീന്‍ കത്തോലിക്കരാണ്. 16-ാം നൂറ്റാണ്ടില്‍ ദേവാസ്തവിളി ആരംഭിച്ചുവെന്ന് കരുതുന്നു. അക്കാലത്ത് കൊച്ചിയില്‍ വെച്ച് വിശുദ്ധ ഫ്രാന്‍സീസ് സേവ്യറാണ് പോര്‍ച്ചുഗീസ് ഭാഷയില്‍ ദേവാസ്ത് ഗീതങ്ങള്‍ എഴുതിയത്. ഇത് പിന്നീട് മലയാളത്തി ലേക്കും, തമിഴിലേക്കും പരിഭാഷപ്പെടുത്തുകയുണ്ടായി.

മലയാളത്തില്‍ രണ്ടു പരിഭാഷകളുണ്ട്. സംസ്‌കൃത പദങ്ങള്‍ ധാരാളമുള്ള മലയാള ദേവാസ്ത് ഗീതം. ഈ ഗീതത്തെ സംസ്‌കൃത ദേവാസ്ത് അഥവാ വലിയ ദേവാസ്ത് എന്നു പറയുന്നു. രണ്ടാമത്തേത് തനി മലയാള പദങ്ങള്‍ നിറഞ്ഞ മലയാള ദേവാസ്ത് അഥവാ ചെറിയ ദേവാസ്താണ്.

വളരെ ഉയര്‍ന്ന സ്വരത്തില്‍ രാത്രിയിലാണ് ദേവാസ്ത് വിളിക്കുന്നത്. ദേവാസ്ത് സംഘം വിളിക്കുവാനുള്ള സ്ഥലത്തേക്ക് വരിവരിയായി നടന്നുനീങ്ങുന്നു. മുമ്പില്‍ നടക്കുന്നയാളുടെ കൈയില്‍ കത്തിച്ചമെഴുകുതിരിയുണ്ടാകും. അതിനു പിന്നില്‍ കുരിശ് ചുമന്നുകൊണ്ട് മറ്റൊരാള്‍. അവര്‍ക്ക് പിന്നാലെ സംഘത്തിലെ മറ്റുള്ളവര്‍.നിലത്ത് മണ്ണില്‍ നിറുത്തിയ മരക്കുരിശില്‍ കൈകള്‍ പിടിച്ച് സംഘാംഗങ്ങള്‍ മുട്ടില്‍ നില്ക്കുന്നു. മണിയടിച്ചശേഷം ദേവാസ്ത് വിളി ആരംഭിക്കുന്നു.

43 ഈരടികളാണ് സംസ്‌കൃത ദേവാസ്ത് ഗീതത്തിലുള്ളത്. ദേവാസ് ഗീതത്തിലെ ആദ്യ ഈരടി ഒരാള്‍ ചൊല്ലുന്നു. തുടര്‍ന്നുള്ള ഈരടികള്‍ സംഘത്തിലെ ഓരോരുത്തരായി മാറിമാറി ചൊല്ലി ദേവാസ്ത് വിളി പൂര്‍ത്തിയാക്കുന്നു. നാല് ഈരടി വിളികള്‍ക്കുശേഷം പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നു. ഈ പ്രാര്‍ത്ഥനകള്‍ ആരംഭിക്കുന്നത് കൈമണി മൂന്നുതവണ അടിച്ചുകൊണ്ടാണ്. ഓട്ടുമണിയാണ് ഇതിനായി സാധാരണ ദിവസങ്ങളില്‍ ഉപയോഗിക്കുന്നത്. വിശുദ്ധവാരത്തില്‍ ഓട്ടുമണിക്കു പകരം മരമണി ഉപയോഗിക്കുന്നു.

യേശുവിനെ സ്തുതിച്ചുകൊണ്ടാണ് ആദ്യ ഈരടികള്‍. തുടര്‍ന്ന് ഗദ്സേമിന്‍ തോട്ടത്തിലെ ഈശോയുടെ പ്രാര്‍ത്ഥനയും പീഢാനുഭവങ്ങളും കുരിശുമരണവും ഉയിര്‍പ്പും പ്രതിപാദിക്കുന്ന വരികളാണ് അലപിക്കുക. അന്ത്യവിധിയെയും മനുഷ്യരുടെ ജീവിതമനുസരിച്ച് അവര്‍ക്ക് ലഭിക്കുന്ന സ്വര്‍ഗനരകങ്ങളെയും കുറിച്ചുമാണ് തുടര്‍ന്ന് ആലപിക്കുന്നത്.

ദേവാസ്ത് വിളിയില്‍ വരാപ്പുഴ അതിരൂപതയിലെ നെട്ടൂരിന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. വെണ്ടുരുത്തിയില്‍ ദേവാസ്ത് വിളിച്ചിരുന്നവരുടെ തുടര്‍ച്ചയാണ് നെട്ടൂരിലെ ദേവാസ്ത് സംഘം. പരേതനായ പി.സി വര്‍ഗീസ് പനക്കല്‍ ആശാനും ശിഷ്യന്മാരുമാണ് നെട്ടൂരില്‍ ദേവാസ്ത് വിളി ആരംഭിച്ചത്. ഏതായാലും നോമ്പുകാലത്ത് ആയിരങ്ങളെ വിശ്വാസത്തിലേക്ക് നയിച്ച ഈ കലാരൂപത്തിന് ഓരോവര്‍ഷവും കൂടുതല്‍ തിളക്കമേറുകയാണ്.

Related Articles
Mar Nellikunnel seeks permanent solution to High Range construction ban

ഹൈറേഞ്ചിലെ നിര്‍മ്മാണ നിരോധനത്തിന് ശാശ്വത പരിഹാരം കാണണം: മാര്‍ നെല്ലിക്കുന്നേല്‍

ഇടുക്കി: ഹൈറേഞ്ചിലെ പട്ടയ പ്രശ്‌നങ്ങള്‍ക്കും നിര്‍മ്മാണ നിരോധനത്തിനും ശാശ്വതമായ പരിഹാരം കാണാന്‍ ഭരണകൂടം തയ്യാറാകണമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഇന്‍ഫാമിന്റെ  നേതൃത്വത്തില്‍ നടന്ന ലോക പരിസ്ഥി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.