
കോട്ടപ്പുറം: സംഘര്‍ഷങ്ങള്‍ നിറഞ്ഞുനില്ക്കുന്ന കാലഘട്ടത്തില്‍ ഈസ്റ്റര്‍ സ്‌നേഹത്തിന്റെയും ക്ഷമയുടെയും സന്ദേശമാണ് നല്‍കുന്നതെന്ന് കോട്ടപ്പുറം രൂപത ബിഷപ് ഡോ. ആംബ്രോസ് പുത്തന്‍വീട്ടില്‍. മറ്റുള്ളവരെ മനസിലാക്കാനും ക്ഷമിക്കാനും ഒത്തൊരുമയോടെ ജീവിക്കുവാനും ഈസ്റ്റര്‍ നമ്മെ ആഹ്വാനം ചെയ്യുന്നു.
ക്രിസ്തുവിന്റെ പെസഹാ രഹസ്യങ്ങള്‍ ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയമാണ്. ഈസ്റ്റര്‍ വെറുമൊരു ആഘോഷമല്ല മറിച്ച് ജീവിതത്തിന്റെ പുതിയ തുടക്കത്തെ പ്രതിനിധീകരിക്കുന്ന ആത്മീയ അനുഭവമാണ്; ഡോ. പുത്തന്‍വീട്ടില്‍ പറഞ്ഞു.
പ്രത്യാശയാണ് ഈസ്റ്ററിന്റെ പ്രധാന സന്ദേശം. ജീവിതത്തിലെ പരാജയങ്ങളും വേദനകളും നമ്മെ തളര്‍ത്തുമ്പോള്‍ ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ മാതൃക നമ്മെ വീണ്ടും ഉയര്‍ന്നുനില്‍ക്കാന്‍ പ്ര ചോദിപ്പിക്കുന്നു.
ശരിയും തെറ്റും തിരിച്ചറിഞ്ഞു ശരിയില്‍ ഉറച്ചുനില്‍ക്കാനുള്ള വൈഭവമാണ് ഉയിര്‍ത്തെഴുന്നേല്പ് സമ്മാനിക്കുന്നതെന്ന് ബിഷപ് പുത്തന്‍വീട്ടില്‍ പറഞ്ഞു.

