
ജെറൂസലേം: ഓശാന ഞായര്‍ ദിനത്തില്‍ കത്തോലിക്കാ സഭയുടെ ജറുസലേം ലാറ്റിന്‍ പാത്രിയര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ലയെയും വിശുദ്ധ നാടിന്റെ ചുമതല വഹിക്കുന്ന ഫാ. ഫ്രാന്‍സെസ്‌കോ ഇല്‍പോയെയും തിരുക്കല്ലറ ദൈവാലയത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞ ഇസ്രായേല്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പാത്രിയാര്‍ക്കീസന് ദൈവാലയത്തില്‍ പ്രവേശിക്കുന്നതിന് പൂര്‍ണ അനുമതി ഉടനടി ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു.
സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം ഇസ്രായേല്‍ പ്രധാനമന്ത്രി വ്യക്തമാക്കിയത്. വിശുദ്ധ നാട്ടിലെ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ ഇറാന്‍ ലക്ഷ്യംവയ്ക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ കാരണങ്ങളാലാണ് പാത്രിയാര്‍ക്കീസിനോട് തിരുക്കല്ലറ ദൈവാലയത്തില്‍ ദിവ്യബലിയര്‍പ്പിക്കരുതെന്ന് ആവശ്യപ്പെട്ടതെന്നും എന്നാല്‍ ഇതിനെക്കുറിച്ചുള്ള ആശങ്ക വ്യക്തമായപ്പോള്‍ തന്നെ പാത്രിയാര്‍ക്കീസിന് ദൈവാലയത്തില്‍ പ്രവേശിക്കാനും തിരുക്കര്‍മങ്ങള്‍ അനുഷ്ഠിക്കാനും പൂര്‍ണമായ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയതായും പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കി.
ഓശാന ഞായര്‍ ദിനത്തില്‍ സ്വകാര്യ പ്രാര്‍ത്ഥനയ്ക്കായി എത്തിയ പാത്രിയര്‍ക്കീസിനെയും ഹോളി ലാന്‍ഡ് കസ്റ്റോസ് ഫാ. ഫ്രാന്‍സെസ്‌കോ ഇല്‍പോയെയും പോലീസ് വഴിയില്‍ തടയുകയും തിരിച്ചയക്കുകയുമായിരുന്നു.
പാത്രിയാര്‍ക്കേറ്റും ഹോളി ലാന്‍ഡ് കസ്റ്റഡിയും ഇസ്രായേല്‍ നടപടിയെ അപലപിച്ചു. നൂറ്റാണ്ടുകള്‍ക്കിടയില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം നടന്നതെന്നും ഇത് അങ്ങേയറ്റം അപകടകരമായ ഒരു കീഴ്‌വഴക്കമാണെന്നും സംയുക്ത പ്രസ്താവനയില്‍ അവര്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ ലോകമെമ്പാടു നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇസ്രായേല്‍ പ്രസിന്‍ഡന്റ് ഐസക്ക് ഹെര്‍സ്‌ബോര്‍ഗ് പാത്രിയാര്‍ക്കീസിനെയും ഫാ. ഇല്‍പപോയെയും നേരിട്ട് വിളിച്ച് ഖേദം പ്രകടിപ്പിച്ചു.

