
ധാക്ക: ബംഗ്ലാദേശിലെ കത്തോലിക്കാ സഭയുടെ വളര്‍ച്ചയില്‍ പുതിയൊരു അധ്യായം കുറിച്ച് ജോയ്പുര്‍ഹാത്ത് പുതിയ രൂപതയായി പ്രഖ്യാപിക്കപ്പെട്ടു. ലിയോ പതിനാലാമന്‍ പാപ്പ ഔദ്യോഗിക അറിയിപ്പിലൂടെയാണ് പുതിയ രൂപത പ്രഖ്യാപിച്ചത്. മോണ്‍. പോള്‍ ഗോമസിനെ പാപ്പ രൂപതയുടെ ആദ്യ മെത്രാനായി നിയമിച്ചു. മെത്രാഭിഷേക തീയതി പിന്നീട് പ്രഖ്യാപിക്കും.
ബംഗ്ലാദേശിലെ വടക്കന്‍ മേഖലയിലെ വിശ്വാസികളുടെ ആത്മീയവും സാമൂഹികവുമായ ആവശ്യങ്ങള്‍ കാര്യക്ഷമമായി നിറവേറ്റുന്നതിനാണ് പുതിയ രൂപത സ്ഥാപിച്ചത്. വിസ്തൃതമായ രാജ്ഷാഹി രൂപതയുടെ ഭാഗമായിരുന്ന ജോയ്പുര്‍ഹാത്ത് മേഖല വേര്‍തിരിക്കപ്പെട്ടതോടെ, പ്രാദേശിക സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കും മിഷനറി ദൗത്യങ്ങള്‍ക്കും പുതിയ ഊര്‍ജ്ജം ലഭിക്കുമെന്ന് കരുതുന്നതായി വത്തിക്കാന്‍ വ്യക്തമാക്കി. ദിനാജ് പൂര്‍ രൂപതയുടെ ഏതാനും ദേവാലയങ്ങളും പുതിയ രൂപതയുടെ കീഴിലായി വരും.
ഖഞ്ചന്‍പൂരിലെ ഇടവകദേവാലയം പുതിയ രൂപതയുടെ ആസ്ഥാനമായ കത്തീഡ്രല്‍ ദേവാലയമായി പ്രവര്‍ത്തിക്കും. പത്രോസ് പൗലോസ് ശ്ലീഹന്മാരായിരിക്കും രൂപതയുടെ മധ്യസ്ഥര്‍. കാല്‍ലക്ഷം വിശ്വാസികളാണ് രൂപതയിലുളളത്. എട്ട് വൈദികരും ഏഴ് സന്യാസ വൈദികരെയും പുതിയ രൂപതയിലേക്ക് നിയമിച്ചിട്ടുണ്ട്.
ബംഗ്ലാദേശിലെ പിന്നാക്ക മേഖലകളില്‍ സഭ നടത്തുന്ന വിദ്യാഭ്യാസ-ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ രൂപതയുടെ വരവ് വലിയ കരുത്തായി മാറും. സഭാ ഭരണസംവിധാനം വിശ്വാസികള്‍ക്ക് കൂടുതല്‍ അരികിലെത്തുന്നു എന്നതും ഈ തീരുമാനത്തിന്റെ പ്രത്യേകതയാണ്.കത്തോലിക്കാ സഭയുടെ ആഗോളതലത്തിലുള്ള വിപുലീകരണത്തിന്റെയും പ്രാദേശിക സഭകളുടെ ശാക്തീകരണത്തിന്റെയും ഭാഗമായാണ് ഈ നടപടിയെ വത്തിക്കാന്‍ വിലയിരുത്തുന്നത്.
രൂപതയുടെ നിയുക്ത മെത്രാന്‍ മോണ്‍. പോള്‍ ഗോമസ്, 1992 ഡിസംബര്‍ 29നാണ് വൈദികനായി അഭിഷിക്തനായത്. മനിലയിലെ സെന്റ് തോമസ് സര്‍വ്വകലാശാലയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ധാക്കയിലെ ബനാനി ഹോളി സ്പിരിറ്റ് മേജര്‍ സെമിനാരിയുടെ റെക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

