
ലൂയിവില്‍/യുഎസ്എ: തന്റെ മത വിശ്വാസത്തിന് വിരുദ്ധമായി സ്വവര്‍ഗ വിവാഹങ്ങളുടെ ഫോട്ടോ എടുക്കാന്‍ നിര്‍ബന്ധിച്ച നഗരസഭക്കെതിരെ നിയമപോരാട്ടം നടത്തിയ ചെല്‍സി നെല്‍സണ്‍ എന്ന ഫോട്ടോഗ്രാഫര്‍ക്ക് ഐതിഹാസിക വിജയം. ചെല്‍സിക്ക് അനുകൂലമായ കോടതി വിധിയെ തുടര്‍ന്നുണ്ടാക്കിയ ധാരണപ്രകാരം യുഎസിലെ കെന്റുക്കി സംസ്ഥാനത്തുള്ള ലൂയിവില്‍ നഗരസഭ, ചെല്‍സിക്ക് 8 ലക്ഷം ഡോളര്‍ നഷ്ടപരിഹാരമായി നല്‍കും.
ലൂയിവില്‍ നഗരത്തിലെ വിവേചന വിരുദ്ധ ഓര്‍ഡിനന്‍സ് പ്രകാരം, സേവനങ്ങള്‍ നല്‍കുന്നവര്‍ ലൈംഗിക ആഭിമുഖ്യത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കും സേവനം നിഷേധിക്കാന്‍ പാടില്ല. എന്നാല്‍, വിവാഹം എന്നത് പുരുഷനും സ്ത്രീയും തമ്മിലുള്ള വിശുദ്ധമായ ബന്ധമാണെന്ന് വിശ്വസിക്കുന്ന ചെല്‍സി, തന്റെ വിശ്വാസത്തിന് വിരുദ്ധമായ സ്വവര്‍ഗ വിവാഹ ചടങ്ങുകള്‍ ചിത്രീകരിക്കാന്‍ കഴിയില്ലെന്ന് നിലപാടെടുത്തതിനെ തുടര്‍ന്നാണ് നഗരസഭയും ചെല്‍സിയും നിയമയുദ്ധത്തിലേക്ക് നീങ്ങിയത്.
2025 ഒക്ടോബറില്‍ ഫെഡറല്‍ കോടതി പുറപ്പെടുവിച്ച വിധിയില്‍ ചെല്‍സിയുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടതായി കണ്ടെത്തി. അമേരിക്കന്‍ ഭരണഘടനയുടെ ഫസ്റ്റ് അമന്‍ഡ്‌മെന്‍ഡ് ഉറപ്പുനല്‍കുന്ന വിശ്വാസം ജീവിക്കാനും പ്രചരിപ്പിക്കാനുമുള്ള ചെല്‍സിയുടെ സ്വാതന്ത്ര്യത്തെ നഗരസഭയുടെ വിവേചന വിരുദ്ധ നിയമം ലംഘിക്കുന്നതായി കോടതി കണ്ടെത്തി.
താന്‍ വിശ്വസിക്കാത്ത കാര്യങ്ങള്‍ പറയാനോ പ്രചരിപ്പിക്കാനോ ഒരു വ്യക്തിയെ നിര്‍ബന്ധിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല. സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ ചിത്രീകരിക്കില്ല എന്ന് വ്യക്തമാക്കുന്ന കുറിപ്പുകള്‍ സ്വന്തം വെബ്സൈറ്റിലോ ബ്ലോഗിലോ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ചെല്‍സിയെ തടയുന്ന ഓര്‍ഡിനന്‍സിലെ വ്യവസ്ഥയും യുഎസ് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി

