
ഡിബ്രുഗഡ് (ആന്ധ്രാപ്രദേശ്): ട്രെയിന്‍ യാത്രയ് ക്കിടെ കാണാതായ ഡിബ്രുഗഡ് രൂപതയിലെ മുതിര്‍ന്ന വൈദികനും മലയാളിയുമായ ഫാ. ജോസഫ് മൂലനെ (91) മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാ പ്രദേശിലെ ഏലൂരിന് സമീപം റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്.
മാര്‍ച്ച് 24-ന് ഡിബ്രുഗഡില്‍ നിന്ന് എറണാകുളത്തേക്കുള്ള വിവേക് എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇദ്ദേഹത്തെ കാണാതായത്. അതേതുടര്‍ന്ന് രൂപത അധികൃതര്‍ റെയില്‍വേ സംരക്ഷണ സേനയുടെ (ആര്‍പിഎഫ്) സഹായത്തോടെ തിരച്ചില്‍ നടത്തിവരികയായിരുന്നു.
യാത്രയ്ക്കിടെ അബദ്ധത്തില്‍ ട്രെയിനില്‍ നിന്ന് വീണതാകാമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മരണകാരണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരാനുണ്ട്. ഇന്നു (മാര്‍ച്ച് 26) രാവിലെയാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചതെന്ന് ഡിബ്രുഗഡ് രൂപതാധികൃതര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ഫാ. മൂലന്റെ വിയോഗത്തില്‍ ഡിബ്രുഗഡ് ബിഷപ് ഡോ. ആല്‍ബര്‍ട്ട് ഹെംറോം അതിയായ ദുഃഖം രേഖപ്പെടുത്തി. ‘അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം രൂപതയ്ക്കും കുടുംബാംഗങ്ങള്‍ക്കും വിശ്വാസി സമൂഹത്തിനും വലിയ വേദനയാണ് നല്‍കിയിരിക്കുന്നത്. ആത്മാര്‍ത്ഥതയും സേവനസ ന്നദ്ധതയും നിറഞ്ഞ ഒരു വൈദികനായിരുന്നു അദ്ദേഹം,’ബിഷപ് അനുസ്മരിച്ചു.
1936 ജനുവരി 6-ന് ജനിച്ച ഫാ. ജോസഫ് മൂലന്‍ 1964 ഏപ്രില്‍ 23-നാണ് വൈദികനായി അഭിഷി ക്തനായത്. പശ്ചിമബംഗാളിലെ ജല്‍പാ യ്ഗുരി രൂപതയില്‍ വൈദികനായും സ്‌കൂള്‍ അഡ്മിനി സ്‌ട്രേറ്ററായും സേവനമനുഷ്ഠിച്ച അദ്ദേഹം, 1974-ലാണ് ഡിബ്രുഗഡ് രൂപതയില്‍ ചേര്‍ന്നത്.
മിഷനറി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം സോനാരി ഇടവകയുടെ സ്ഥാപക വികാരിയായിരുന്നു. 1997 മുതല്‍ 1999 വരെ ഡിബ്രുഗഡ് കത്തീഡ്രല്‍ ഇടവക വികാരിയായി സേവനമ നുഷ്ഠിച്ചു. തുടര്‍ന്ന് 2011 മുതല്‍ 2025 വരെ സെന്റ് ജോസഫ് മൈനര്‍ സെമിനാരിയില്‍ കുമ്പസാരക്കാരനായിരുന്നു. വിരമിച്ച ശേഷവും പ്രാര്‍ത്ഥനയില്‍ അടിയുറച്ച ജീവിതമായിരുന്നു ഫാ. ജോസഫ് നയിച്ചിരുന്നത്.