
ലിമ/പെറു: ഇന്ന് മാര്‍ച്ച് 25 – മംഗളവാര്‍ത്ത തിരുനാള്‍. ഗബ്രിയേല്‍ ദൈവദൂതന്‍ പങ്കുവച്ച മംഗളവാര്‍ത്തയോട് മറിയം പറഞ്ഞ ‘യേസി’-ലൂടെ മാനവചരിത്രം തിരുത്തിക്കുറിക്കപ്പെട്ടതിന്റെ ഓര്‍മ്മയാചരിക്കുന്ന പുണ്യദിനം. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം ഈ തിരുനാള്‍ ദിനം ജനിക്കാതെ പോയ ശിശുക്കളെ ഓര്‍മിക്കാനുള്ള ദിവസം കൂടെയായി പല രാജ്യങ്ങളും ആചരിക്കുന്നു. ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെ ഓരോ മനുഷ്യജീവനും പവിത്രമാണെന്ന സന്ദേശമാണ് ഈ ദിനം നല്‍കുന്നത്.
ഗര്‍ഭാവസ്ഥയിലുള്ള ശിശുക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ജീവന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്നതിനുമായി പല ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും മാര്‍ച്ച് 25 ‘അജാത ശിശുക്കളുടെ ദിനമായി’ ആചരിക്കുന്നു. 1993-ല്‍ ലോകത്തിലാദ്യമായി ‘ അജാത ശിശുക്കളുടെ ദിനം’ പ്രഖ്യാപിച്ച രാജ്യം എല്‍ സാല്‍വദോറാണ്. ഇന്ന് അര്‍ജന്റീന, ചിലി, മെക്‌സിക്കോ, പെറു, കൊളംബിയ, ഇക്വഡോര്‍, ഗ്വാട്ടിമാല, നിക്കരാഗ്വ, പരാഗ്വേ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, വെനസ്വേല എന്നീ രാജ്യങ്ങളും അജാത ശിശുക്കളുടെ ദിനാചരണം നടത്തിവരുന്നു.
ഗര്‍ഭച്ഛിദ്രം, ദയവധം തുടങ്ങിയ വെല്ലുവിളികള്‍ക്കെതിരെ ജീവന്റെ സംസ്‌കാരം കെട്ടിപ്പടുക്കാനാണ് കത്തോലിക്കാ സഭ ഈ ദിനത്തിലൂടെ ആഹ്വാനം ചെയ്യുന്നത്. വിശ്വാസപരമായ ചടങ്ങുകള്‍ക്ക് പുറമെ, ഗര്‍ഭിണികള്‍ക്കുള്ള ആരോഗ്യ പരിരക്ഷ, ബോധവല്ക്കരണ ക്ലാസുകള്‍, ദരിദ്രരായ അമ്മമാര്‍ക്കുള്ള സഹായം എന്നിവയും വിവിധ ലാറ്റിന്‍ അമേരിക്കന്‍ രൂപതകളുടെ നേതൃത്വത്തില്‍ നടത്തി വരുന്നു.

