മരണം വിധിക്കുന്നവരും മരണം വരെ സ്നേഹിക്കുന്നവരും

Harish Rana euthanasia case

ഹരീഷ് റാണ (Harish Rana) എന്ന യുവാവിന് നിഷ്ക്രിയ ദയാവധം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ തുടർന്ന്, ദയാവധ നടപടികൾക്കായി അവനെ വീട്ടിൽനിന്ന് മാറ്റുന്ന ദൃശ്യങ്ങൾ നമ്മുടെ മനസാക്ഷിയെ പിടിച്ചുലയ്ക്കുന്നതാണ്. ആ വീഡിയോയിൽ കണ്ണുതുറന്ന് ചുറ്റുമുള്ളവരെ ശ്രദ്ധിക്കുന്ന രീതിയിൽ അവൻ കൃഷ്ണമണികൾ ചലിപ്പിക്കുന്നത് കാണുമ്പോൾ, പ്രതികരിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ പോലും അവന്റെ മനസ് സജീവമായിരുന്നില്ലേ എന്ന് ആർക്കും സംശയം തോന്നാം. ഒരുവശത്ത് നിയമവും സമൂഹവും അവനെ ഒരു ‘ജീവച്ഛവം’ എന്ന് മുദ്രകുത്തുമ്പോൾ, മറുവശത്ത് അവന്റെ ചലിക്കുന്ന കണ്ണുകൾ താൻ ജീവിച്ചിരിക്കുന്നു എന്ന നിശബ്ദമായ അറിയിപ്പുപോലെ നമുക്ക് മുന്നിൽ അവശേഷിക്കുന്നു.

ഹരീഷ് റാണയുടെ കേസിൽ കോടതി നിഷ്ക്രിയ ദയാവധം അനുവദിച്ചത്, അവന് ട്യൂബിലൂടെ നൽകുന്ന ഭക്ഷണവും വെള്ളവും പോഷണങ്ങളും ഒരു ‘ചികിത്സ’യായി പരിഗണിച്ചുകൊണ്ടാണ്. ആരോഗ്യം നിലനിർത്താൻ ആവശ്യമായ പോഷകങ്ങൾ നൽകുന്നത് എങ്ങനെയാണ് ഒരു വൈദ്യശാസ്ത്ര ചികിത്സയാകുന്നത് എന്ന ആശയക്കുഴപ്പം ഇവിടെ അവശേഷിക്കുന്നു. പലപ്പോഴും ‘വെജിറ്റേറ്റീവ് സ്റ്റേറ്റ്’ എന്നും ‘മിനിമലി കോൺഷ്യസ് സ്റ്റേറ്റ്’ എന്നും വൈദ്യശാസ്ത്രം വിളിക്കുന്ന അവസ്ഥകൾക്കിടയിലുള്ള വേർതിരിവ് വളരെ നേർത്തതാണ്. ചുറ്റുമുള്ളതെല്ലാം മനസ്സിലാക്കാൻ കഴിയുമ്പോഴും പ്രതികരിക്കാൻ ശേഷിയില്ലാതെ കിടക്കുന്ന ഒരാൾക്ക് ഭക്ഷണവും വെള്ളവും നിഷേധിക്കുന്നത് എത്രത്തോളം ഭയാനകമായിരിക്കും എന്ന് ചിന്തിക്കാവുന്നതേയുള്ളൂ.

മരണം തിരഞ്ഞെടുക്കാൻ ഓരോ വ്യക്തിക്കും അവകാശമുണ്ടെന്ന വാദം ഇന്ന് ശക്തമാണ്. എന്നാൽ ഒരു രോഗിക്ക് വേണ്ടത് മരണമല്ല, മറിച്ച് സ്വസ്ഥമായ അവസ്ഥയും സ്നേഹപൂർണ്ണമായ കരുതലുമാണ്. ഹരീഷിന്റെ ബന്ധുക്കൾ കോടതി കയറി ദയാവധം അംഗീകരിപ്പിച്ചെടുക്കുമ്പോൾ, അവനെപ്പോലെയുള്ള ആയിരങ്ങളെ സംരക്ഷിക്കാൻ തയ്യാറുള്ള സുമനസ്സുകൾ നമ്മുടെ നാട്ടിലുണ്ടെന്ന യാഥാർത്ഥ്യം വിസ്മരിക്കപ്പെടുന്നു. മരണം വിധിക്കുന്ന സമൂഹത്തെക്കാൾ, ജീവന്റെ തുടിപ്പുകളെ സ്നേഹത്തോടെ ചേർത്തുപിടിക്കുന്ന കരുണയുടെ കൂടാരങ്ങളാണ് ഈ ലോകത്തിന് ആവശ്യം.

ഹരീഷ് റാണയും എമ്മാവൂസ് വില്ലയിലെ നോബിളും

ഹരീഷ് റാണയെപ്പോലെ, മരണം അനുവദിച്ചേക്കാമെന്ന് ലോകത്തിന്റെ കണ്ണിൽ തോന്നിയേക്കാവുന്ന അനേകം ജീവനുകൾ ഇന്ന് നമ്മുടെ ചുറ്റിലുമുണ്ട്. എന്നാൽ അവരെ മരണത്തിന് വിട്ടുകൊടുക്കാതെ കരുണയോടെ ചേർത്തുപിടിക്കുന്ന അനേകം സ്ഥാപനങ്ങളും മനുഷ്യസ്നേഹികളും നമുക്കിടയിലുണ്ടെന്നത് ഒരു വലിയ യാഥാർത്ഥ്യമാണ്. ഇതിന് ഒരു ഉദാഹരണമാണ് ഏതാനും വർഷങ്ങൾക്കു മുമ്പുവരെ വയനാട്ടിലെ എമ്മാവൂസ് വില്ലയിൽ ജീവിച്ചിരുന്ന നോബിൾ എന്ന യുവാവും അവനെ മരണം വരെ പരിചരിച്ച മലബാർ മിഷനറി ബ്രദേഴ്‌സും. ജനിച്ചയുടനെ ഒരു ടോയ്‌ലറ്റിലെ ക്ലോസറ്റിൽ ഉപേക്ഷിക്കപ്പെടുകയും അതുവഴി തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്തതിനാൽ തികഞ്ഞ അനാരോഗ്യാവസ്ഥയിലെത്തിയ നോബിളിന്റെ ജീവിതം, വൈദ്യശാസ്ത്രം വിധി എഴുതിയതിനേക്കാൾ എത്രയോ വർഷങ്ങൾ സ്നേഹത്തിന്റെ കരുത്തിൽ മുന്നോട്ടുപോയി.

ജീവനുണ്ടെങ്കിലും യാതൊരുവിധ പ്രതികരണശേഷിയുമില്ലാതെ അഞ്ചു വയസ് വരെ കോഴിക്കോട് സെന്റ് വിൻസെന്റ്സ് ഹോമിൽ കഴിഞ്ഞ നോബിളിനെ മലബാർ മിഷനറി ബ്രദേഴ്സ് ഏറ്റെടുത്തത് ഒരു വെല്ലുവിളിയോ ഭാരമോ ആയല്ല, മറിച്ച് ഒരു നിയോഗമായാണ്. ആധുനിക ലോകം കഴിവിനെയും ആരോഗ്യത്തെയും മാത്രം മുൻനിർത്തി മനുഷ്യന്റെ മൂല്യം നിശ്ചയിക്കുമ്പോൾ, നോബിളിന്റെ മുറിക്കു മുകളിൽ “Gift of God” എന്ന് അവർ എഴുതിവെച്ചു. ഒരുപക്ഷേ ഹരീഷ് റാണയേക്കാൾ പരിതാപകരമായിരുന്നു നോബിളിന്റെ അവസ്ഥ. എന്നാൽ അവനെ ഒരു ഭാരമായി കാണുന്നതിന് പകരം, ഒരു വിശുദ്ധന്റെ സാന്നിധ്യമായി കണ്ടാണ് ആ സഹോദരർ നോബിളിനെ ശുശ്രൂഷിച്ചത്.

വൈദ്യശാസ്ത്രത്തിന് രോഗം ഭേദമാക്കാൻ കഴിഞ്ഞെന്നു വരില്ല, പക്ഷേ ആ വ്യക്തിയെ സ്നേഹിക്കാനും പരിചരിക്കാനും സഹജീവികൾക്ക് കടമയുണ്ട്. നോബിളിന്റെ കാര്യത്തിൽ സംഭവിച്ചത് അതാണ്. വൈദ്യശാസ്ത്രം അവന് ഏഴു വയസ്സു വരെ മാത്രം ആയുസ്സ് പ്രവചിച്ചപ്പോൾ, സ്നേഹത്തിന്റെ പരിചരണം അവനെ ഇരുപത്തിയാറ് വർഷത്തിലേറെ ജീവിപ്പിച്ചു. അവന് പ്രതികരിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും അവന്റെ സാന്നിധ്യം ആ സമൂഹത്തിന് വലിയൊരു ആത്മീയ ഊർജ്ജമായിരുന്നു. ഓരോ ശ്വാസവും ദൈവഹിതമാണെന്ന ബോധ്യമാണ് അവിടെ വിജയിച്ചത്.

നിയമസംഹിതകൾ കാണാതെപോയ ബദൽവഴികൾ

ഇവിടെയാണ് ഹരീഷ് റാണയുടെ കാര്യത്തിൽ ഉയരുന്ന വലിയൊരു ചോദ്യം പ്രസക്തമാകുന്നത്. ഹരീഷിന്റെ കുടുംബം സാമ്പത്തികമായോ ആരോഗ്യപരമായോ അവനെ നോക്കാൻ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ, അവനെ ഏറ്റെടുക്കാൻ സന്നദ്ധരായി പലരും മുന്നോട്ടുവരുമായിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല. ദയാവധത്തെക്കുറിച്ച് ചിന്തിക്കുന്നതിന് പകരം, അവനെ ഇത്തരമൊരു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള സാധ്യതകൾ എന്തുകൊണ്ട് കോടതിയോ അധികൃതരോ പരിശോധിച്ചില്ല എന്നത് ഗൗരവമുള്ള ഒരു ചോദ്യമാണ്. മരണത്തിന് അനുമതി നൽകുന്നതിന് മുൻപ് ജീവിപ്പിക്കാനുള്ള എല്ലാ വഴികളും അടഞ്ഞോ എന്ന് പരിശോധിക്കാൻ ഭരണകൂടത്തിന് ബാധ്യതയില്ലേ?

മരണം ഏക പരിഹാരമെന്ന് വിധി എഴുതുന്നതിന് മുൻപ്, അവനെ സ്നേഹത്തോടെ പരിപാലിക്കാൻ തയ്യാറുള്ള കൈകളിലേക്ക് ഏൽപ്പിച്ചുകൊടുക്കാൻ എന്തുകൊണ്ട് ഒരു ശ്രമം പോലും നടന്നില്ല? ഹരീഷിന്റെ ചലിക്കുന്ന കൃഷ്ണമണികൾ വിളിച്ചുപറയുന്നത് ഒരുപക്ഷെ അവന് ജീവിക്കണമെന്ന ആഗ്രഹമാണ്. അവനെപ്പോലെയുള്ളവരെ പൊന്നുപോലെ നോക്കാൻ തയ്യാറുള്ള അനേകർ നമ്മുടെ നാട്ടിലുള്ളപ്പോൾ, ഒരു മനുഷ്യജീവനെ ഭക്ഷണവും വെള്ളവും നിഷേധിച്ച് മരിക്കാൻ വിട്ടുകൊടുക്കുന്നതിനെ നീതി എന്നല്ല ‘നിയമവിധേയമായ ക്രൂരത’ എന്ന് വേണം വിളിക്കാൻ.

സഭയുടെ കീഴിലുള്ള അഗതിമന്ദിരങ്ങളിലും പുനരധിവാസ കേന്ദ്രങ്ങളിലും ഇന്നും ഒട്ടേറെ ‘നോബിൾമാരും ഹരീഷ് റാണമാരും’ സംരക്ഷിക്കപ്പെടുന്നുണ്ട്. അവരിൽ പലർക്കും സ്വന്തമെന്ന് പറയാൻ ആരുമില്ല. എങ്കിലും, ക്രിസ്തീയ സ്നേഹത്താൽ പ്രേരിതരായ കുറേ മനുഷ്യർ അവരെ മരണം വരെ പരിപാലിക്കുന്നു. ഹരീഷ് റാണയുടെ കാര്യത്തിൽ ഇത്തരമൊരു ബദൽ മാർഗ്ഗം തേടാതിരുന്നത് സമൂഹത്തിന്റെ മനസാക്ഷിയെത്തന്നെയാണ് പ്രതിക്കൂട്ടിൽ നിർത്തുന്നത്. മരണത്തിന്റെ സംസ്കാരത്തിന് കീഴടങ്ങുന്നതിനേക്കാൾ, ഓരോ ജീവനെയും ദൈവത്തിന്റെ ദാനമായി കാണുന്ന സ്നേഹത്തിന്റെ സംസ്കാരമാണ് ഇവിടെ പരാജയപ്പെട്ടുപോയത്.

സ്നേഹത്തിന്റെ നിശബ്ദ സാക്ഷ്യങ്ങൾ

നോബിളിന്റെ ജീവിതം നമുക്ക് നൽകുന്ന പാഠം വ്യക്തമാണ്; ഒരു മനുഷ്യൻ എത്രയൊക്കെ അവശനാണെങ്കിലും അവനിൽ ഒരു ആത്മാവ് കുടികൊള്ളുന്നുണ്ട്. ആ ജീവനെ ആദരിക്കാനും സംരക്ഷിക്കാനും തയ്യാറുള്ളവർ ഉള്ളിടത്തോളം കാലം ദയാവധം എന്ന വാക്കിന് മാനുഷികമായ ഒരടിസ്ഥാനവുമില്ല. അവശർക്കും ആലംബഹീനർക്കും വേണ്ടി നിലകൊള്ളുന്നവയാണ് കത്തോലിക്കാ സഭയുടെ അടിസ്ഥാന പ്രബോധങ്ങൾ.  ‘പരിചരണത്തിൽ നിന്ന് ആരും ഒഴിവാക്കപ്പെടരുത്’ എന്ന് സഭ പഠിപ്പിക്കുന്നു. ആധുനിക വൈദ്യശാസ്ത്രം കൈയൊഴിയുന്നിടത്ത് സ്നേഹത്തിന്റെ വൈദ്യശാസ്ത്രം ആരംഭിക്കുന്നു.

ഹരീഷ് റാണയുടെ വിധി നടപ്പിലാക്കുന്നതിന് മുൻപ്, അവനെ സ്നേഹിക്കാൻ തയ്യാറുള്ളവരിലേക്ക് കൈമാറാനുള്ള ഒരു അവസരം കൂടി നിയമവ്യവസ്ഥ നൽകിയിരുന്നെങ്കിൽ അത് നീതിയുടെ യഥാർത്ഥ വിജയമാകുമായിരുന്നു. ഓരോ ജീവനും വിലപ്പെട്ടതാണെന്നും, അവകാശങ്ങൾ മരിക്കാനുള്ളതല്ല മറിച്ച് അന്തസ്സോടെ ജീവിക്കാനുള്ളതാണെന്നും നാം തിരിച്ചറിയണം. നോബിളിന്റെ മുറിയിലെ “Gift of God” എന്ന ബോർഡ് ഹരീഷ് റാണമാരുടെ ജീവിതത്തിലും പ്രകാശമാകട്ടെ. മരണം വിധിക്കുന്നവരിലല്ല, മരണം വരെ ചേർത്തുപിടിക്കുന്നവരിലാണ് ലോകത്തിന്റെ പ്രത്യാശ.

വിനോദ് നെല്ലയ്ക്കല്‍

Related Articles
Protect the Fundamental Right to Profess Faith

‘അത്ഭുത ബാലിക’ ഇനി ദൈവസന്നിധിയില്‍; അമേരിക്കയിലെ ആദ്യ വിശുദ്ധയുടെ വിശുദ്ധപദവിക്ക് വഴിയൊരുക്കിയ ആന്‍സ് തെരേസ ഒനീല്‍ അന്തരിച്ചു

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ ആദ്യ വിശുദ്ധയായ എലിസബത്ത് ആന്‍ സെറ്റണിന്റെ വിശുദ്ധപദവി പ്രഖ്യാപനത്തിന് ആധാരമായ അത്ഭുത സൗഖ്യത്തിലൂടെ കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ഇടംനേടിയ ആന്‍സ് തെരേസ ഒനീല്‍ അന്തരിച്ചു. 78 വയസായിരുന്നു. ജൂലൈ 17-നായിരുന്നു

Read More »
Christians face persecution but refuse to abandon faith

രാത്രിയില്‍ ഒളിച്ചുപോയി വെള്ളം ശേഖരിക്കണം, ഉപജീവനമാര്‍ഗങ്ങളും തടയുന്നു; എങ്കിലും വിശ്വാസം ഉപേക്ഷിക്കാന്‍ ഇവര്‍ തയാറല്ല

റായ്പൂര്‍ (ഛത്തീസ്ഗഢ്): ഛത്തീസ്ഗഢിലെ കാങ്കര്‍ ജില്ലയില്‍ ക്രൈസ്തവ കുടുംബങ്ങള്‍ക്ക് നേരിടേണ്ടിവരുന്നത് കടുത്ത സാമൂഹിക ബഹിഷ്‌കരണവും മനുഷ്യാവകാശ ലംഘനങ്ങളുമെന്ന് റിപ്പോര്‍ട്ട്.  ഗോത്രവര്‍ഗ ക്രൈസ്തവര്‍ക്ക് കുടിവെള്ളവും ഉപജീവനമാര്‍ഗങ്ങളും നിഷേധിക്കപ്പെട്ടിട്ടും ക്രൈ സ്തവ വിശ്വാസത്തില്‍ ഉറച്ചുനില്ക്കുകയാണ് ഇവര്‍. പ്രശ്‌നം

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.