“ബൈബിള്‍ മാന്‍ ഓഫ് മണിപ്പൂര്‍’; തിരുവചനം കൊണ്ട് ചരിത്രമെഴുതിയ മലയാളി വൈദികൻ

Bible Man of Manipur Malayalam priest

ഇംഫാല്‍: വിശ്രമകാലം പോലും ദൈവവചനത്തിന് സാക്ഷ്യം വഹിക്കാനുള്ളതാണെന്ന് ജീവിതംകൊണ്ട് തെളിയിച്ചിരിക്കുകയാണ് മണിപ്പൂര്‍ ഇംഫാല്‍ അതിരൂപതാംഗമായ ഫാ. മാത്യു മുണ്ടോളിക്കല്‍. എണ്‍പതാം  വയസിലും വിശുദ്ധ ബൈബിള്‍ വിവിധ ഭാഷകളില്‍ പകര്‍ത്തിയെഴുതിക്കൊണ്ട് ‘ബൈബിള്‍ മാന്‍ ഓഫ് മണിപ്പൂര്‍’ (Bible Man of Manipur) എന്ന പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുകയാണ് ഈ മലയാളി വൈദികന്‍.

1975-ല്‍ വൈദികനായി അഭിഷിക്തനായ ഇദ്ദേഹം, 2018-ല്‍ വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ചെങ്കിലും മിഷനറി ആവേശം കൈവിട്ടില്ല. ഇംഫാല്‍ അതിരൂപതയിലെ ബൈബിള്‍ കമ്മീഷന്‍ നടപ്പിലാക്കിയ ‘ബൈബിള്‍ പകര്‍ത്തിയെഴുത്ത്’ പദ്ധതിയിലൂടെ പുതിയ ദൗത്യത്തിന് അദ്ദേഹം തുടക്കമിട്ടു. ഇംഗ്ലീഷ് ഭാഷയില്‍ ബൈബിളിലെ പുതിയ നിയമം പകര്‍ത്തിയെഴുതിയ അദ്ദേഹത്തിന് എല്ലായിടത്തുനിന്നും വലിയ പ്രോത്സാഹനങ്ങളും പിന്തുണയുമാണ് ലഭിച്ചത്. അതോടെ മണിപ്പൂരില്‍ പ്രചാരത്തിലുള്ള മുഴുവന്‍ ഭാഷകളിലും തിരുവചനം സ്വന്തം കൈപ്പടയില്‍ തന്നെ എഴുതണമെന്ന ആഗ്രഹം അദ്ദേഹത്തില്‍ ശക്തമായി.

മണിപ്പൂരിലെ നിലവിലെ വംശീയ കലാപങ്ങളുടെ പശ്ചാത്തലത്തില്‍  ഗോത്രവര്‍ഗ്ഗ ഭാഷകളായ കുക്കി (Kuki), മെയ്‌തേയ് മായേക് (Meitei Mayek) എന്നിവയില്‍ അദ്ദേഹം  സുവിശേഷങ്ങള്‍ പകര്‍ത്തിയെഴുതി. വായിക്കാനും എഴുതാനും പ്രയാസകരമായ മെയ്‌തേയ് മായേക് ലിപി ഈ പ്രായത്തിലും പഠിച്ചെടുത്താണ് അദ്ദേഹം ബൈബിള്‍ രചന പൂര്‍ത്തിയാക്കിയത്. കൂടാതെ പൗമൈ, മാരം, തങ്കുല്‍ തുടങ്ങിയ പ്രാദേശിക ഭാഷകളിലും ജര്‍മ്മന്‍, ഇറ്റാലിയന്‍, സ്പാനിഷ്, ഹിന്ദി തുടങ്ങിയ ഭാഷകളിലും അദ്ദേഹം സുവിശേഷങ്ങള്‍ എഴുതിപൂര്‍ത്തിയാക്കി. ഖാസി ഭാഷയില്‍ ഇപ്പോൾ  ബൈബിള്‍ പുതിയ നിയമം എഴുതിക്കൊണ്ടിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും.

കൂടാതെ ഉല്പത്തി മുതല്‍ വെളിപാട് വരെയുള്ള പുസ്തകങ്ങളിലെ 3000 ദൈവിക വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പ്രത്യേക വചന സമാഹാരവും അദ്ദേഹം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

പാലാ മുണ്ടോളിക്കല്‍ കുടുംബാംഗമായ ഇദ്ദേഹം ഒറീസ്സയിലെയും മണിപ്പൂരിലെയും ദുര്‍ഘടമായ പാതകളിലൂടെ സഞ്ചരിച്ച മിഷനറിയാണ്. 1996-ല്‍ ശുശ്രൂഷയ്ക്കിടെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ചെങ്കിലും അഞ്ച് ദിവസത്തെ തടവിനുശേഷം അദ്ദേഹം അത്ഭുതകരമായി രക്ഷപെട്ടു. ഈ സംഭവവും അനേകരെ ക്രിസ്തുവിലേക്ക് നയിക്കാനുളള  ദൈവിക പദ്ധതിയായിട്ടാണ് അദ്ദേഹം കാണുന്നത്.

വാര്‍ദ്ധക്യ സഹജമായ അവശതകളെ വകവെക്കാതെ, മണിപ്പൂരിലെ മന്ത്രപുഖ്രിയിലുള്ള പ്രീസ്റ്റ് ഹോമില്‍ ഇരുന്ന്  ബൈബിള്‍ എഴുത്തു തുടരുകയും പുതിയ ഭാഷകള്‍ പഠിക്കുകയുമാണ് ഈ സന്യാസിവര്യന്‍. വചനമെഴുത്തിലൂടെ ലോകത്തിന് ശാന്തി പകരുകയാണ് ഈ ‘ബൈബിള്‍ മനുഷ്യന്റെ’ ലക്ഷ്യം

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.