
മയിന്‍സ്: ജര്‍മനിയിലെ മയിന്‍സ് രൂപതയുടെ സഹായ മെത്രാനായി മോണ്‍. ജോഷി ജോര്‍ജ് പൊട്ടയ്ക്കല്‍ ഒ.കാം അഭിഷിക്തനായി. കോതമംഗലം രൂപതയിലെ മീങ്കുന്നം ഇടവകാംഗമായ അദ്ദേഹം കര്‍മലീത്ത മാതൃസഭ ഇന്ത്യന്‍ പ്രൊവിന്‍സ് അംഗമാണ്.
മയിന്‍സ് ബിഷപ് ഡോ. പീറ്റര്‍ കോള്‍ഗ്രാഫ് മെത്രാഭിഷേക ചടങ്ങള്‍ക്കു മുഖ്യകാര്‍മികത്വം വഹിച്ചു. ഫ്രൈബുര്‍ഗ് ആര്‍ച്ചുബിഷപ് ഡോ. സ്റ്റെഫാന്‍ ബുര്‍ഗര്‍, ബ്രസീലിലെ ഇതൈറ്റുബ രൂപതാ ബിഷപ് ഡോ. വില്‍മര്‍ സാന്റ്റിന് ഒ.കാം എന്നിവര്‍ സഹകാര്‍മികരായിരുന്നു.
കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, യൂറോപ്പിലെ സീറോമലബാര്‍ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, കര്‍മലീത്ത മാതൃസഭ ജനറാള്‍ ഫാ. ദെസിദേരിയോ ഗാര്‍സിയ, കേരളത്തില്‍നിന്നുള്ള ജനറല്‍ കൗണ്‍സിലര്‍ ഫാ. റോബര്‍ട്ട് പുതുശേരി, ജര്‍മന്‍ പ്രൊവിന്‍ഷ്യല്‍ ഫാ. പീറ്റര്‍ ഷ്രോഡര്‍, സെന്റ് തോമസ് പ്രൊവിന്‍സ് ഇന്ത്യ പ്രൊവിന്‍ഷ്യല്‍ ഫാ. തങ്കച്ചന് പോള്‍ ഞാളിയത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
ജര്‍മനിയില്‍ സേവനം ചെയ്യുന്ന മലയാളി വൈദികരും സന്യസ്തരും വിശ്വാസികളും രാഷ്ട്രീയ സാമൂഹികരംഗങ്ങളിലെ പ്രതിനിധികളും ബിഷപ് ജോഷി ജോര്‍ജിന്റെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.
22 വര്‍ഷമായി ജര്‍മനിയില്‍ ശുശ്രൂഷ ചെയ്യുന്ന മോണ്‍. ജോഷി ജോര്‍ജ് പൊട്ടയ്ക്കലിനെ 2025 നവംബര്‍ 26നാണ് ലിയോ പതിനാലാമന്‍ മാര്‍പാപ്പ മയിന്‍സിലെ സഹായമെത്രാനായി നിയമിച്ചത്.
അഭിഷേകത്തിനുശേഷം മലയാളിവൈദികരും സന്യസ്തരും ചേര്‍ന്ന് മലയാളത്തില്‍ അനുമോദനഗാനം ആലപിച്ചത് ശ്രദ്ധേയമായി.
എഡി 304ല്‍ സ്ഥാപിതമായ മയിന്‍സ് രൂപതയുടെ ഏഴാമത്തെ സഹായമെത്രാനാണ് ബിഷപ് ജോഷി പൊട്ടയ്ക്കല്‍. മയിന്സില് സഹായമെത്രാനായിരുന്ന ഡോ. ഉഡോ മാര്‍ക്കുസ് ബെന്റ്സ് പാഡര്‍ബോണ്‍ ആര്‍ച്ചുബി ഷപ്പായി ഉയര്‍ത്തപ്പെട്ടതിനെ തുടര്‍ന്നാണ് ബിഷപ് പൊട്ടയ്ക്കല്‍ നിയമിതനായത്.