
കാക്കനാട്: സെമിനാരി പരിശീലനം കേവലം അക്കാദമിക് പഠനമല്ലെന്നും, മറിച്ച് സഭയുടെ തനിമയിലും പാരമ്പര്യത്തിലും അടിയുറച്ച സഭാത്മക ജീവിതശൈലി രൂപപ്പെടുത്തലാണെന്നും സീറോമലബാര് സഭ മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില്. സീറോമലബാര് സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില് നടന്ന മേജര് സെമിനാരി പ്രൊഫസര്മാരുടെ സംഗമത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദിക വിദ്യാര്ത്ഥികളില് ആഴമായ സഭാത്മക ദര്ശനം രൂപപ്പെടുത്തുന്നതിനും അവരെ കാലഘട്ടത്തിന്റെ വെല്ലുവിളികള് നേരിടാന് പ്രാപ്തരാക്കുന്നതിനും സെമിനാരി പരിശീലകര്ക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് മാര് തട്ടില് പറഞ്ഞു.
സഭയുടെ ഭാവി വാഗ്ദാനങ്ങളെ വാര്ത്തെടു ക്കുന്നതില് മേജര് സെമിനാരി അധ്യാപകര് വഹി ക്കുന്ന നിര്ണ്ണായക പങ്കിനെ മേജര് ആര്ച്ചുബിഷപ് എടുത്തുപറഞ്ഞു.
മാറുന്ന അജപാലന സാഹചര്യങ്ങള് കണക്കിലെടുത്ത് വൈദിക പരിശീലന പദ്ധതിയില് കാലോചിതമായ മാറ്റങ്ങള് വരുത്താന് സീറോ മലബാര് മെത്രാന് സിനഡ് തീരുമാനമനുസരിച്ചാണ് സെമിനാരി പരിശീലനത്തില് വരുത്തേണ്ട മാറ്റങ്ങളെയും അവയുടെ പ്രായോഗിക തലങ്ങളെയും കുറിച്ചു പഠിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി മേജര് സെമിനാരികളിലെ അധ്യാപകരുടെ സംഗമം വൈദികര്ക്കുവേണ്ടിയുള്ള കമ്മീഷന്റെ നേതൃത്വത്തില് വിളിച്ചുചേര്ത്തത്.
സഭയുടെ വിവിധ മേജര് സെമിനാരികളില് നിന്നുള്ള റെക്ടര്മാര്, ഇന്സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ്, പ്രൊഫസര്മാര് തുടങ്ങിയവര് പങ്കെടുത്ത സംഗമത്തില് വൈദികര്ക്കുവേണ്ടിയുള്ള സിനഡല് കമ്മീഷന്റെ ചെയര്മാന് മാര് ടോണി നീലങ്കാവില്, കമ്മീഷന് അംഗം മാര് അലക്സ് താരാമംഗലം, സഭ ചാന്സലര് ഫാ. എബ്രഹാം കാവില്പുരയിടത്തില് തുടങ്ങിയവര് സംസാരിച്ചു.
വൈദികര്ക്കുവേണ്ടിയുള്ള കമ്മീഷന് സെക്രട്ടറി ഫാ. ടോം ഓലിക്കരോട്ട്, ഫാ. അഗസ്റ്റിന് കല്ലേലി, സിസ്റ്റര് ലെത്തീസിയ എസ്എംസി എന്നിവര് നേതൃത്വം നല്കി. രണ്ട് ദിവസങ്ങളിലായി നടന്ന സംഗമത്തില് മംഗലപ്പുഴ, വടവാതൂര്, തൃശൂര്, കുന്നോത്ത് എന്നീ മേജര് സെമിനാരികളില്നിന്നുള്ള പ്രഫസര്മാരാണ് പങ്കെടുത്തത്.